കെ-ഫോണിന് ഇതുവരെ ചെലവായത് 106 കോടി; നൽകിയത് 3019 കണക്ഷൻ
text_fieldsകൊച്ചി: കേരള സർക്കാറിന്റെ അഭിമാന പദ്ധതിയായ കെ-ഫോൺ നടപ്പാക്കാൻ ഇതുവരെ പൊതുഖജനാവിൽനിന്ന് ചെലവഴിച്ചത് 106 കോടി രൂപ. എന്നാൽ, 2017 മേയിൽ ആരംഭിച്ച പദ്ധതി ഇതുവരെയും പൂർണതോതിൽ യാഥാർഥ്യമാക്കാൻ കഴിഞ്ഞിട്ടില്ല.
ഇതുവരെ കേവലം 3019 ഇന്റർനെറ്റ് കണക്ഷൻ മാത്രമാണ് നൽകിയത്. 35,000 കി.മീ. കേബിൾ ഇടുന്നതിന് തീരുമാനിച്ചിട്ടുണ്ടെങ്കിലും നാല് വർഷം പിന്നിടുമ്പോൾ 15129.5 കി.മീറ്ററിൽ മാത്രമെ എത്താൻ അധികൃതർക്ക് കഴിഞ്ഞിട്ടുള്ളൂ. നെറ്റ്വർക്ക് ഓപറേറ്റിങ് സെന്ററിന്റെ ജോലി പൂർത്തിയായിട്ടുണ്ട്. പോയന്റ് ഓഫ് പ്രസൻസ് ജോലികൾ 30 ശതമാനം മാത്രമേ എത്തിയിട്ടുള്ളു. പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യത്തിൽ 50 ശതമാനം ജോലി മാത്രമാണ് നാലുവർഷവും 10 മാസവും പിന്നിടുമ്പോൾ പൂർത്തിയാക്കാൻ കഴിഞ്ഞത്.
കെ.എസ്.ഇ.ബിയുടെ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫിസുകൾക്കും വയേർഡ് കണക്ടിവിറ്റി ലഭ്യമാക്കുക, സംസ്ഥാനത്തെ 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായി ഇന്റർനെറ്റ് കണക്ഷൻ നൽകുക, മറ്റുള്ളവർക്ക് കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് ലഭ്യത ഉറപ്പാക്കുക എന്നിവയാണ് കെ-ഫോൺ പദ്ധതിയുടെ ലക്ഷ്യങ്ങൾ. രണ്ടാം പിണറായി സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള 100ദിന കർമപരിപാടി വഴി 140 നിയമസഭ മണ്ഡലത്തിലെ 100 കുടുംബങ്ങൾക്കും 30,000 സർക്കാർ ഓഫിസുകൾക്കും കെ-ഫോൺ കണക്ഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്.
കെ-ഫോൺ പദ്ധതിക്ക് ഉപകരണങ്ങൾ വാങ്ങുന്നത് സിസ്റ്റം ഇന്റഗ്രേറ്ററായി പ്രവർത്തിച്ചുവരുന്ന ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡാണ്. ഇവരുടെ പ്രവർത്തനത്തിന് ആവശ്യമായ തുകയിൽ 70 ശതമാനം കിഫ്ബിയും 30 ശതമാനം കേരള സർക്കാറുമാണ് ലഭ്യമാക്കുന്നത്. പദ്ധതിയുടെ ഇലക്ട്രോണിക് ഉപകരണങ്ങളെല്ലാം തദ്ദേശീയമായാണ് നിർമിച്ചിരിക്കുന്നതെന്ന് പ്രോപ്പർ ചാനൽ പ്രസിഡന്റ് എം.കെ. ഹരിദാസിന് ലഭിച്ച വിവരാവകാശ മറുപടിയിൽ കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ വിഭാഗം വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.