റേഷൻ കടകളിലും ഇനി കെ-ഫോൺ
text_fieldsഓരോ മാസത്തെയും വിതരണം അവസാനിക്കുന്നതിന് അടുത്ത ദിവസം അവധി
തിരുവനന്തപുരം: ഇ-പോസ് മെഷീനിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി റേഷൻ കടകളിലും കെ-ഫോൺ ലഭ്യമാക്കാൻ സർക്കാർ തീരുമാനം.
ഭക്ഷ്യമന്ത്രി ജി.ആർ. അനിലിന്റെ അധ്യക്ഷതയിൽ റേഷൻ വ്യാപാരി സംഘടന പ്രതിനിധികളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് നടപടി. നിലവിൽ ബി.എസ്.എൻ.എല്ലിന്റെ സിമ്മുകളാണ് ഭൂരിഭാഗം റേഷൻകടകളിലും ഉപയോഗിക്കുന്നത്. എന്നാൽ, ബി.എസ്.എൻ.എൽ നൽകുന്ന ബാൻഡ് വിഡ്ത്ത് 20 എം.ബി.പി.എസാണ്. ഇതു പലപ്പോഴും ഇ-പോസ് വഴിയുള്ള റേഷൻ വിതരണത്തിന് തടസ്സമാകുന്നതായാണ് ഹൈദരാബാദ് എൻ.ഐ.സി കേരളത്തെ അറിയിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ കെ-ഫോൺ നിലവിലെ സാങ്കേതിക പ്രശ്നങ്ങൾക്ക് ഒരുപരിധിവരെ പരിഹാരമാകുമെന്നാണ് ഭക്ഷ്യവകുപ്പിന്റെ കണക്കുകൂട്ടൽ.
ഓരോ മാസത്തെയും വിതരണം അവസാനിക്കുന്നതിന്റെ അടുത്ത ദിവസം റേഷൻ കടകൾക്ക് അവധി അനുവദിക്കും. കേരള ടാര്‍ഗറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം നിയമത്തിൽ സെയിൽസ്മാൻമാർക്ക് അനുകൂലമായ രീതിയിൽ മാറ്റം വരുത്തുന്നത് സംബന്ധിച്ച് പഠിക്കാൻ പ്രത്യേക കമീഷനെ വെക്കും. ലൈസൻസി അസുഖം മൂലമോ വിദേശത്ത് പോകുന്ന സാഹചര്യത്തിലോ രണ്ടുമാസം വരെ സെയിൽസ് മാന്‍ കടയുടെ ചുമതല നൽകാം. വ്യാപാരികളെ ബോധ്യപ്പെടുത്തി മാത്രമേ ശിക്ഷാനടപടികൾ ഉണ്ടാകൂ. മുൻഗണന വിഭാഗത്തിനുള്ള ആട്ടയുടെ പാക്കറ്റ് ഒരേ നിറത്തിലാക്കും. മാസത്തിന്റെ ആദ്യംതന്നെ ആട്ട കടകളിൽ ലഭ്യമാക്കാനും യോഗത്തിൽ തീരുമാനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.