കെ-ഫോൺ: സ്വകാര്യ കമ്പനിക്ക് വഴങ്ങി സർക്കാർ
text_fieldsകോട്ടയം: സ്വകാര്യ കമ്പനിയുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ കെ-ഫോൺ നടത്തിപ്പുമായി ബന്ധപ്പെട്ട് ടെൻഡർ നടപടികൾ പൂർണമായും മാറ്റിയെഴുതി സർക്കാർ. ഇതോടെ കെ- ഫോൺ സാങ്കേതിക സഹായത്തിനുള്ള ടെൻഡർ കൺസോർട്യം പങ്കാളിയായ എസ്.ആർ.ഐ.ടിയുടെ സേവന ദാതാക്കളായ റെയിൽ ടെൽ കോർപറേഷന് ലഭിച്ചു.
ആദ്യം ടെൻഡർ നേടിയ സിറ്റ്സ കമ്പനി നിയമപോരാട്ടം തുടരുന്നതിനിടെയാണ് ടെൻഡർ റെയിൽ ടെല്ലിന് ലഭിച്ചത്. ഇത് കൂടുതൽ നിയമപോരാട്ടത്തിലേക്ക് നീങ്ങാൻ കാരണമാകും.
രണ്ട് തവണ നടത്തിയ ടെൻഡർ നടപടികൾ റദ്ദാക്കിയ കെ-ഫോൺ എസ്.ആർ.ഐ.ടിയുടെ താൽപര്യം സംരക്ഷിക്കാൻ ടെൻഡര്‍ വ്യവസ്ഥകൾ അനുകൂലമായി മാറ്റിയെഴുതിയെന്ന ആക്ഷേപം ശക്തം. കെ-ഫോൺ കൺസോർട്യം പങ്കാളിയാണ് എസ്.ആർ.ഐ.ടി. ഇവർക്ക് നേരിട്ട് ഹാര്‍ഡ് വെയര്‍, സോഫ്ട്വെയർ പങ്കാളിയാകാനാവില്ല. ആ സാഹചര്യത്തിൽ കൂടിയാണ് ഹാര്‍ഡ് വെയര്‍, സോഫ്ട്വെയർ പങ്കാളിയെ കണ്ടെത്താൻ രണ്ടുതവണ വിളിച്ച ടെൻഡര്‍ നടപടികൾ കെ -ഫോൺ വേണ്ടെന്ന് െവച്ചത്. ആദ്യ ടെൻഡർ തുറക്കും മുന്നേ റദ്ദാക്കി രണ്ടാമതും ടെൻഡർ വിളിച്ചു.
റെയിൽടെൽ കോര്‍പറേഷനും അക്ഷര എന്റര്‍പ്രൈസസും സിറ്റ്സ ടെക്നോജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാര്‍ട്ടപ് കമ്പനിയുമാണ് ഈ ടെൻഡറിൽ പങ്കെടുത്തത്. റെയിൽ ടെലിന്റെ കേരളത്തിലെ എം.എസ്.പി നിലയിലും അസോസിയേറ്റ് പാർട്ണർ എന്നനിലയിൽ അക്ഷര എന്റര്‍പ്രൈസസിലും എസ്.ആർ.ഐ.ടിയുടെ അദൃശ്യ സാന്നിധ്യം ഉണ്ടായിരുന്നു. എന്നാൽ, ഇവരെ മറികടന്ന് സിറ്റ്സ ടെക്നോജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാര്‍ട്ടപ് കമ്പനിക്ക് ടെൻഡര്‍ ലഭിച്ചതോടെ ഉന്നത ഇടപെടലുണ്ടായി. പരാതികളുണ്ടെന്ന കാരണത്താൽ ടെൻഡര്‍ തന്നെ റദ്ദാക്കി.
ഇതിൽ നിയമപോരാട്ടം നടക്കുന്നതിനിടെയാണ് പുതിയ ടെൻഡര്‍ നടപടികൾ കെ- ഫോൺ ആരംഭിച്ചത്. എസ്.ആർ.ഐ.ടി.യുടെ സോഫ്ട്വെയറായ ആര് കൺവേര്‍ജ് ഉപയോഗിക്കുന്നവരെ മാത്രമേ പരിഗണിക്കൂവെന്ന് എസ്.ആർ.ടി.യുടെ പേരെടുത്ത് പറഞ്ഞ് വ്യവസ്ഥ തിരുത്തിയാണ് പുതിയ ടെൻഡര്‍ വിളിച്ചത്.
ഇതിലൂടെയാണ് റെയിൽ ടെലിന് കരാർ ഉറപ്പിച്ചത്. അതിനിടെ ഒന്നാംഘട്ട സൗജന്യ കണക്ഷൻ നടപടികളും ഗാർഹിക-വാണിജ്യ കണക്ഷനുകളും ഓണത്തിന് മുമ്പ് നൽകുമെന്ന പ്രഖ്യാപനം നടക്കുമോയെന്ന ആശങ്ക തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.