കെ-ഫോൺ: എന്തൊരു ലാഗ് ! ഉദ്ഘാടനം കഴിഞ്ഞ് 10 മാസമായിട്ടും കണക്ഷനിൽ കാലിടറി
text_fieldsതിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യ ഇൻറർനെറ്റ് കണക്ഷനെന്ന വിപ്ലവകരമായ ലക്ഷ്യത്തോടെ തുടങ്ങിയ കെ-ഫോൺ, ഉദ്ഘാടനം കഴിഞ്ഞ് 10 മാസം തികയുമ്പോഴും കണക്ഷൻ നൽകുന്നതിൽ കാലിടറുന്നു.
ഒരു മണ്ഡലത്തിൽ 100 പേർ എന്ന കണക്കിൽ 140 നിയോജക മണ്ഡലങ്ങളിലുമായി 14,000 സൗജന്യ കണക്ഷനാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചത്. എന്നാൽ, 5304 സൗജന്യ കണക്ഷനുകൾ മാത്രമാണ് 10 മാസത്തിനുള്ളിൽ നൽകാനായത്. തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ഗുണഭോക്തൃപട്ടിക കിട്ടാൻ വൈകിയതാണ് തുടക്കത്തിൽ വൈകലിന് കാരണമായി പറഞ്ഞത്. അത്തരം തടസ്സങ്ങൾ മാറിയിട്ടും കണക്ഷൻ നൽകൽ മാത്രം നീങ്ങുന്നില്ല.
സർക്കാർ ഓഫിസുകളിൽ
സംസ്ഥാനത്ത് ആകെയുള്ള 30,438 സർക്കാർ ഓഫിസുകളിൽ 21,072 ൽ കെ-ഫോൺ സാന്നിധ്യം.
തുടക്കം ഗംഭീരം
2023 ജൂൺ അഞ്ചിന് നിയമസഭയിൽ കെ^ഫോണിന്റെ ഉദ്ഘാടനച്ചടങ്ങ്. ഈ ഘട്ടത്തിൽ തന്നെ 2105 കുടുംബങ്ങൾക്ക് സൗജന്യ കണക്ഷൻ നൽകി.
പ്രഖ്യാപിത ലക്ഷ്യം
സംസ്ഥാനത്ത് 20 ലക്ഷം കുടുംബങ്ങൾക്ക് ഇന്റർനെറ്റ് കണക്ഷൻ, ഒരു മാസം കൊണ്ട് 14000 കണക്ഷൻ, പ്രതിദിനം 1000 കണക്ഷനുകൾ.
പദ്ധതി ചെലവ്
വാര്ഷിക പരിപാലന തുക മാറ്റിവെച്ചാൽ 1168 കോടി രൂപക്കാണ് കെ-ഫോൺ പദ്ധതി നടത്തിപ്പ്. 70 ശതമാനവും കിഫ്ബി ഫണ്ടാണ്.
സേവന ദാതാവ്
ബാൻഡ് വിഡ്ത്ത് ലഭ്യമാക്കിയിരുന്നത് ബി.എസ്.എൻ.എല്ലിൽ നിന്നായിരുന്നു. പുതിയ കരാർ പ്രകാരം പ്രാഥമിക സേവനദാതാവ് വോഡഫോണാണ്. രണ്ടാമത്തേത് എയർടെല്ലും.
സ്പീഡ് കുറയുന്നു
തുടക്കത്തിലേത് കിഴിച്ചാൽ 10 മാസം കൊണ്ട് നൽകിയത് 3199 എണ്ണം മാത്രം. 14,000ൽ ശേഷിക്കുന്നവ എന്ന് പൂർത്തിയാക്കാനാകുമെന്നതിൽ കൃത്യമായ വിശദീകരണമില്ല.
ഇനിയുള്ള പ്രതീക്ഷ ലീസ് ടു ഫൈബർ
ഒപ്റ്റിക്കൽ ഫൈബർ ശൃംഖല വാടകക്ക് നൽകുന്നതിലാണ് (ലീസ് ടു ഫൈബർ) ഇനിയുള്ള പ്രതീക്ഷ. കെ-ഫോണിനായി 30,000 കിലോമീറ്റർ ശൃംഖലയാണ് സംസ്ഥാനത്താകെ സജ്ജമാക്കിയത്. നിലവിൽ 48 ഫൈബറുകളാണ് കേബിൾ ലൈനുകളിലുള്ളത്. കെ-ഫോണിനും കെ.എസ്.ഇ.ബിക്കുമായി 20-22 ഫൈബർ ലൈനുകളാണ് വേണ്ടിവരുക. ശേഷിക്കുന്ന 26 ലൈനുകളാണ് സ്വകാര്യ ഇന്റർനെറ്റ് സേവനദാതാക്കൾക്ക് വാടകക്ക് നൽകാനായി നീക്കിവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.