ജന്മദിനപ്പിറ്റേന്ന് ഭാവഗായകനെ യാത്രയാക്കാനാകാതെ യേശുദാസ്
text_fieldsയേശുദാസും ജയചന്ദ്രനും
തിരുവനന്തപുരം: തങ്ങളുടെ ജീവിതത്തിന്റെ ഭാഗമായ ഗാനഗന്ധർവൻ യേശുദാസിനെ മലയാളി കാത്തിരിക്കാൻ തുടങ്ങിയത് കോവിഡ് കാലത്തിനുശേഷമാണ്. അമേരിക്കയിൽ ജീവിക്കുന്ന ദാസേട്ടൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ. ആ പ്രതീക്ഷയുടെ ഒരു വേലിയേറ്റമായിരുന്നു കഴിഞ്ഞ ദിവസം സംഗീതപ്രേമികളുടെ മനസ്സിൽ. വിട പറഞ്ഞ മലയാളത്തിന്റെ പ്രിയ ഗായകൻ പി. ജയചന്ദ്രന്റെ ഭൗതികദേഹം ഇന്ന് അഗ്നിയേറ്റുവാങ്ങുന്ന വേളയിൽ ഗാനഗന്ധർവന്റെ സാന്നിധ്യം മലയാളികൾ ആഗ്രഹിച്ചു.
യേശുദാസിന്റെ പിറന്നാൾ കൂടിയായിരുന്നു ഇന്നലെ. എന്നാൽ, ഭാവഗായകന് അന്തിമോപചാരമർപ്പിക്കാൻ അദ്ദേഹത്തിന് എത്താൻ കഴിയില്ല. ശാരീരിക വിഷമതകൾ കാരണം, ജന്മദിനത്തിലുള്ള മൂകാംബിക സന്ദർശനം പോലും വർഷങ്ങളായി മുടങ്ങിയതിന്റെ വേദനയിലാണ് ദാസേട്ടൻ. ‘ആഘോഷമില്ലാത്ത ജന്മദിന’മെന്ന് അദ്ദേഹം യു.എസ്സിൽ നിന്ന് സന്ദേശം നൽകിയിരിക്കുകയാണ്. ‘‘അസുഖമായപ്പോൾ പലവട്ടം വിളിച്ച് സംസാരിച്ചിരുന്നു. പക്ഷേ, പെട്ടെന്നുണ്ടായ വിയോഗം ഞെട്ടിച്ചു. വരാൻ കഴിയാത്തതിൽ അതിയായ ദുഃഖമുണ്ട്.’’ -അദ്ദേഹം പറയുന്നു. യേശുദാസിന്റെ സഹചാരിയായ ബേബിയും ഫാ. പോൾ പൂവത്തുങ്കലും ചേർന്ന് ജയചന്ദ്രന്റെ പൂങ്കുന്നത്തെ വീട്ടിലെത്തി അദ്ദേഹത്തിനുവേണ്ടി ജയചന്ദ്രന്റെ ഭൗതിക ശരീരത്തിൽ ആദരാഞ്ജലി അർപ്പിച്ചു.
തുടർച്ചയായി മൂന്നു വർഷവും യേശുദാസ് കേരളത്തിൽ വരുമെന്ന് പ്രതീക്ഷിക്കുകയും അവസാന നിമിഷം യാത്ര മാറ്റിവെക്കുകയുമായിരുന്നു. ഏറ്റവുമൊടുവിൽ ഒക്ടോബർ ഒന്നിന് തിരുവനന്തപുരത്ത് സൂര്യ ഫെസ്റ്റിവലിലെ കച്ചേരിക്ക് എത്തുമെന്ന് സൂര്യ കൃഷ്ണമൂർത്തിക്ക് ഉറപ്പുകൊടുത്തതാണ്. എന്നാൽ, ഒടുവിൽ ആരോഗ്യകാരണത്താൽ യാത്ര മാറ്റിവെച്ചു. ഇതുതന്നെയായിരുന്നു കഴിഞ്ഞ വർഷത്തെയും അവസ്ഥ.
യേശുദാസ് ലോകത്തെവിടെയാണെങ്കിലും മുടങ്ങാതെ എത്തുന്ന ദിനങ്ങളായിരുന്നു പിതാവിന്റെ ചരമദിനവും (ഫെബ്രുവരി മൂന്ന്) ഒക്ടോബർ ഒന്നിലെ സൂര്യാ കച്ചേരിയും. മലയാള സിനിമാ ഗാനത്തിന്റെ മുഖ്യമായ രണ്ട് സമാന്തര വഴികളായിരുന്നു യേശുദാസും ജയചന്ദ്രനും.
സ്കൂൾ കലോത്സവത്തിൽ യാദൃച്ഛികമായി വിളക്കിച്ചേർത്ത ബന്ധം സിനിമാ സംഗീതത്തിലും ഒന്നായിച്ചേർന്നു. ആദ്യം ജയചന്ദ്രന്റേതായി പുറത്തുവരുന്ന ഗാനം യേശുദാസിനായി ദേവരാജൻ മാഷ് ഒരുക്കിവെച്ച ഗാനം ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി’. നീണ്ട കാലത്തെ കരിയറിൽ രണ്ടുപേരും തമ്മിൽ ഒരിക്കലും ഒരു സ്വരച്ചേർച്ചയില്ലായ്മയുണ്ടായിട്ടില്ല.
തന്റെ ജന്മദിനപ്പിറ്റേന്ന് മലയാളത്തിന് ഭാവമധുരിമ നൽകിയ ഗായകൻ സംഗീതത്തിന്റെ ഉറവിടമായ ലോകത്തേക്ക് യാത്രപോകുമ്പോൾ പ്രാർഥനകളിൽ മുഴുകി മനസ്സുകൊണ്ട് അശ്രുപൂജ നൽകുകയാവും ഗാനഗന്ധർവൻ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.