കെ. ജയരാമൻ നമ്പൂതിരി ശബരിമല മേൽശാന്തി; ഹരിഹരൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തി
text_fieldsശബരിമല: ശബരിമല മേൽശാന്തിയായി കെ. ജയരാമൻ നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തിയായി ഹരിഹരൻ നമ്പൂതിരിയെയും തെരഞ്ഞെടുത്തു. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയാണ് ജയരാമൻ നമ്പൂതിരി. കോട്ടയം വൈക്കം സ്വദേശിയാണ് ഹരിഹരൻ നമ്പൂതിരി. ഇന്ന് രാവിലെ നടന്ന നറുക്കെടുപ്പിലാണ് മേൽശാന്തിമാരെ തെരഞ്ഞെടുത്തത്.
രാവിലെ 7.30 ന് ഉഷപൂജയ്‌ക്ക് ശേഷമാണ് പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് നടന്നത്. 10 പേരാണ് ശബരിമല മേൽശാന്തി തിരഞ്ഞെടുപ്പിനായുള്ള അന്തിമപട്ടികയിൽ ഇടം നേടിയത്. 8 പേർ മാളികപ്പുറം മേൽശാന്തി ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു. പന്തളം കൊട്ടാരത്തിൽ നിന്ന് എത്തിയ കൃതികേഷ് വർമ്മയും പൗർണ്ണമി ജി വർമ്മയും ആണ് ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നറുക്ക് എടുത്തത്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് അഡ്വ.കെ.അനന്തഗോപൻ, ബോർഡ് അംഗം പി.എം.തങ്കപ്പൻ, ദേവസ്വം കമ്മീഷണർ ബി.എസ്.പ്രകാശ്,ശബരിമല സ്‌പെഷ്യൽ കമ്മീഷണർ മനോജ്, നറുക്കെടുപ്പ് നടപടികൾക്കായി ഹൈക്കോടതി നിയോഗിച്ചിട്ടുള്ള നിരീക്ഷകൻ റിട്ട.ജസ്റ്റിസ് ആർ.ഭാസ്‌കരൻ നറുക്കെടുപ്പിന് മുന്നോടിയായി ശബരിമലയിൽ എത്തി.
തുലാമാസ പൂജകളുടെ ഭാഗമായി ഈ മാസം 22 വരെ ഭക്തരെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കും. വെർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്ത അയ്യപ്പഭക്തർക്ക് ദർശനത്തിനായി എത്തിച്ചേരാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.