'ദിവ്യക്കെതിരായ ആക്രമണം അപമാനകരം'; ഒരു പ്രഫഷണല്‍ മറ്റൊരു പ്രഫഷണലിനെ കുറിച്ച് പറഞ്ഞതില്‍ എന്താണ് തെറ്റ്? -കെ.കെ. രാഗേഷ്
text_fieldsകെ. കെ. രാഗേഷ്
കണ്ണൂര്‍: ദിവ്യ എസ്. അയ്യര്‍ തന്നെ അഭിനന്ദിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ. കെ. രാഗേഷ്. ദിവ്യക്കെതിരെയുള്ള വിവാദം അനാവശ്യമെന്ന് കെ. കെ. രാഗേഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ദൗർഭാഗ്യകരമായ നിലപാടാണ് യൂത്ത് കോൺഗ്രസിന്‍റെ ചില നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ. കരുണാകരനും ഇ.കെ. നായനാരും തമ്മിലുള്ള ബന്ധം എന്താണെന്ന് കണ്ട നാടാണ് നമ്മുടേത്. വ്യക്തമായ അഭിപ്രായവ്യത്യാസങ്ങൾ ഉള്ളപ്പോഴും പരസ്പര ബഹുമാനവും പരസ്പര ബന്ധവും നേതാക്കൾ നിലനിർത്തിയിരുന്നു. അധിക്ഷേപ വാക്കുകൾ പറയുമ്പോൾ അത് അദ്ദേഹത്തിന് നല്ലതാണോ എന്ന് കെ. മുരളീധരൻ സ്വയം ആലോചിക്കേണ്ടതുണ്ട്. ഒരു പ്രഫഷണല്‍ മറ്റൊരു പ്രഫഷണലിനെ കുറിച്ച് അഭിപ്രായം പറഞ്ഞു. അതിൽ എന്താണ് തെറ്റ്- കെ.കെ.രാഗേഷ് ചോദിച്ചു
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിക്കാൻ തുടങ്ങിയിട്ട് നാല് വർഷത്തോളമായി. ഇതിനിടയിൽ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ട് നിരവധി വാർത്തകൾ വന്നിട്ടുണ്ട്. ഒന്നിനും രാഷ്ട്രീയമായ അഭിപ്രായം പറഞ്ഞിട്ടില്ല. അന്നെല്ലാം തികച്ചും പ്രഫഷണലായിട്ടാണ് പെരുമാറിയിട്ടുള്ളത്. വിവിധ ഉദ്യോഗസ്ഥരുമായി പരസ്പരം സഹകരിച്ച് പ്രവർത്തിക്കേണ്ട സ്ഥലമാണ് മുഖ്യമന്ത്രിയുടെ ഓഫിസ്.
ആ കാലഘട്ടത്തിലെ പ്രവർത്തനത്തെക്കുറിച്ച് നല്ല വാക്കുകൾ പറഞ്ഞത് ഇത്രയധികം പ്രകോപിച്ചത് അത്ഭുതകരമാണ്. രാഷ്ട്രീയ നേതൃത്വത്തിൽ ചിലരെങ്കിലും എത്ര സങ്കുചിതമായിപ്പോകുന്നു എന്നതിന്‍റെ വേദനിപ്പിക്കുന്ന ഉദാഹരണമാണിത്. ആരെയെങ്കിലും കുറിച്ച് മോശം കാര്യങ്ങൾ പറഞ്ഞാൽ അത് എല്ലവർക്കും ഇഷ്ടമാണ്. നല്ലത് പറഞ്ഞാൽ അത് പറഞ്ഞവർക്കെതിരെ അധിക്ഷേപം നടത്തുന്നു. ദിവ്യക്കെതിരായ ആക്രമണം അപമാനകരമാണെന്ന് കെ.കെ.രാഗേഷ് പറഞ്ഞു.
ഇൻസ്റ്റഗ്രാമിലാണ് ദിവ്യ എസ്. അയ്യർ കെ.കെ. രാഗേഷിനെ അഭിനന്ദിച്ച് പോസ്റ്റിട്ടത്. 'കർണ്ണന് പോലും അസൂയ തോന്നും വിധം ഈ കെ.കെ.ആർ കവചം! ഇക്കഴിഞ്ഞ മൂന്ന് വർഷങ്ങൾ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം മുന്നിൽ നിന്നു വീക്ഷിച്ച എനിക്കു ഒപ്പിയെടുക്കാൻ സാധിച്ച അനവധി ഗുണങ്ങൾ ഉണ്ട്. വിശ്വസ്തതയുടെ ഒരു പാഠപുസ്തകം! കഠിനാധ്വാനത്തിന്റെ ഒരു മഷിക്കൂട്' -എന്നതായിരുന്നു ദിവ്യ പങ്കുവെച്ച പോസ്റ്റ്.
ദിവ്യയുടെ പോസ്റ്റിന് പിന്നാലെ വലിയ വിമർശനമാണ് ഉയർന്നത്. എ.കെ.ജി സെന്‍ററിൽ നിന്നല്ല ശമ്പളം വാങ്ങുന്നതെന്നെങ്കിലും ഓർക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്‍റ് വിജിൽ മോഹനൻ വിമർശിച്ചു. ഐ.എ.എസ് ഉദ്യോഗസ്ഥർ സർക്കാറിന്‍റെ തീരുമാനങ്ങൾ നടപ്പാക്കാൻ നിയോഗിക്കപ്പെട്ടവരാണെന്നും എന്നാൽ സർക്കാറിന് നേതൃത്വം കൊടുക്കുന്ന മാർക്സിസ്റ്റ് പാർട്ടി നേതാക്കൻമാരുടെ വിദൂഷകയായി മാറുകയാണ് ദിവ്യ എസ്. അയ്യരെന്ന് വിജിൽ മോഹനൻ പറഞ്ഞു.
അതേസമയം, വിമർശനങ്ങൾക്ക് മറുപടിയുമായി ദിവ്യ എസ്. അയ്യർ രംഗത്തെത്തിയിരുന്നു. ചില മനുഷ്യരുടെ നന്മകൾ ലോകത്തോട് വിളിച്ചുപറഞ്ഞതിനാണ് വിമർശനവും കയ്പ്പേറിയ പ്രതികരണം നേരിട്ടതെന്ന് ദിവ്യ പറഞ്ഞു. സ്വന്തം അനുഭവത്തിലും ഉത്തമ ബോധ്യത്തിലുമുള്ള കാര്യങ്ങളാണ് പറഞ്ഞത്. ഈ ലോകം എത്ര വിചിത്രമെന്ന് ചിന്തിച്ചുപോകുന്നുവെന്നും ദിവ്യ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

