ജിഷ്ണുവിന്‍റെ അമ്മാവൻ ശ്രീജിത്ത് ദേശാഭിമാനിയിൽ നിന്ന് രാജിവെച്ചു
text_fieldsതിരുവനന്തപുരം: സി.പി.എമ്മില്‍ നിന്നും പുറത്താക്കപ്പട്ടതിന് പിന്നാലെ ജിഷ്ണുവിന്‍റെ അമ്മാവന്‍ ശ്രീജിത്ത് ദേശാഭിമാനിയില്‍ നിന്നും രാജിവെച്ചു. പത്രത്തിന്‍റെ പരസ്യവിഭാഗത്തിലായിരുന്നു ശ്രീജിത്ത് ജോലി ചെയ്തിരുന്നത്. പത്തുവര്‍ഷത്തോളം നാദാപുരത്തും അഞ്ചുവര്‍ഷം വടകരയിലും ദേശാഭിമാനി ലേഖകനായിരുന്നു.
ഭരണകൂടത്തിന്‍റെ ഭാഗത്തു നിന്ന് നീതി നിഷേധമുണ്ടായെന്ന് ശ്രീജിത്ത് വ്യക്തമാക്കിയിരുന്നു. പാർട്ടിയിൽ നിന്ന് പുറത്താക്കിയതിൽ അതിയായ വിഷമമുണ്ട്. നിരാഹാര സമരം ഇടതു സാർക്കാറിനോ പാർട്ടിക്കോ എതിരല്ലായിരുന്നു. ഇക്കാര്യം പാർട്ടിയോട് വിശദീകരിക്കുമെന്നും ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ രാത്രിയാണ് പാർട്ടി–സർക്കാർ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ കെ.കെ. ശ്രീജിത്തിനെ സി.പി.എമ്മിൽ നിന്ന് പുറത്താക്കിയത്. വണ്ണാർകണ്ടി ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ശ്രീജിത്തിനെ വളയം ലോക്കൽ കമ്മിറ്റിയുടെ പ്രത്യേക നിർദേശത്തെ തുടർന്ന് ചേർന്ന ബ്രാഞ്ച് യോഗമാണ് പുറത്താക്കാൻ തീരുമാനിച്ചത്. നടപടിക്ക് ലോക്കൽ കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.
പാര്‍ട്ടി ഇതുവരെ തന്നോട് വിശദീകരണം തേടിയിട്ടില്ലെന്നും നടപടി സംബന്ധിച്ച അറിയിപ്പൊന്നും ലഭിച്ചില്ലെന്നും ശ്രീജിത്ത് വ്യക്തമാക്കി. കഴിഞ്ഞ ദിവസമായിരുന്നു മഹിജയും ജിഷ്ണുവിന്റെ അമ്മാവനായ ശ്രീജിത്തും അടക്കുമുളളവര്‍ നടത്തി വന്ന നിരാഹാരം സര്‍ക്കാര്‍ ഒത്തുതീര്‍പ്പാക്കിയത്. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയില്‍ നിന്നും ശ്രീജിത്തിനെ പുറത്താക്കിയതും. പാര്‍ട്ടി നിലപാട് വ്യക്തമാക്കാന്‍ ഈ മാസം 15ന് വളയത്ത് സി.പി.ഐ.എം ബഹുജന റാലിയും പൊതുയോഗവും സംഘടിപ്പിക്കുന്നുണ്ട്. എളമരം കരീം അടക്കമുളളവര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് വിവരങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.