സ്മാർട്ട് മീറ്റർ: മുഖ്യമന്ത്രിയുമായി ഭിന്നതയില്ലെന്ന് മന്ത്രി കൃഷ്ണൻകുട്ടി
text_fieldsതിരുവനന്തപുരം: വൈദ്യുതി സ്മാർട്ട് മീറ്റർ പദ്ധതിയിൽ മുഖ്യമന്ത്രിയുമായി ഭിന്നതയില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. പദ്ധതിയിൽ കേന്ദ്ര മാതൃക വേണ്ടെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചിരുന്നു. കേന്ദ്ര നിർദേശം പാലിച്ചില്ലെങ്കിൽ 9500 കോടി രൂപ നഷ്ടമാകുമെന്നും കേരളംതന്നെ പണം കണ്ടെത്തേണ്ടി വരുമെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി പിന്നീട് പ്രതികരിച്ചു. കേന്ദ്ര മാതൃകക്ക് പകരം ബദൽമാർഗം തേടാനാണ് മുഖ്യമന്ത്രിയുടെ യോഗത്തിലെ തീരുമാനമെങ്കിലും ബദൽ എത്രത്തോളം സാധ്യമാണെന്ന് കണ്ടറിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിയുടെ യോഗ തീരുമാനത്തിനു ഭിന്നമായി വകുപ്പു മന്ത്രിയുടെ അഭിപ്രായ പ്രകടനം വിവാദമായി. ഇതോടെയാണ് ഭിന്നതയുണ്ടെന്ന പ്രചാരണം അസംബന്ധമാണെന്ന് വിശദീകരിച്ച് മന്ത്രി വാർത്താകുറിപ്പിറക്കിയത്.
ടോട്ടക്സ് മാതൃകയിൽ സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കാൻ കെ.എസ്.ഇ.ബി വിളിച്ച ടെൻഡറിൽ 45 ശതമാനത്തോളം അധിക തുക ക്വോട്ട് ചെയ്തതായി മന്ത്രി വിശദീകരിച്ചു. ഈ രീതിയില്‍ നടപ്പാക്കിയാല്‍ ഉപഭോക്താക്കൾക്ക് കുറഞ്ഞത് മാസം 80 രൂപ അധികഭാരം വരുമെന്നതിനാൽ ടെൻഡർ സര്‍ക്കാര്‍ റദ്ദാക്കി. അധിക ബാധ്യത ഉണ്ടാകാത്ത രീതിയിൽ സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കാൻ ബദൽ നിർദേശം മൂന്നു മാസത്തിനുള്ളില്‍ സമർപ്പിക്കാൻ ബോർഡിനോട് ആവശ്യപ്പെട്ടിരുന്നു. ചെലവ് കുറഞ്ഞ ബദൽമാർഗത്തിലൂടെ പദ്ധതി നടപ്പാക്കാൻ മൂന്നുമാസം കൂടി അനുവദിക്കണമെന്ന് കേന്ദ്രത്തിന് കത്ത് നൽകി. ടോട്ടക്സ് മാതൃക ഒഴിവാക്കി മൂന്നു ലക്ഷത്തോളം വ്യവസായ-വാണിജ്യ ഉപഭോക്താക്കൾക്ക് സ്മാർട്ട് പദ്ധതി നടപ്പാക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
ബദല്‍ മോഡലിന് കേന്ദ്ര സര്‍ക്കാറിന്റെ അംഗീകാരം നേടേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. വിതരണ ഉപ പ്രസരണ മേഖലയിലെ നവീകരണത്തിനും ശാക്തീകരണത്തിനുമായി ഒന്നാം ഘട്ടത്തില്‍ സമര്‍പ്പിച്ച 4000 കോടി രൂപയുടെ പദ്ധതിക്കു പുറമേ, 10,000 കോടി രൂപയുടെ പദ്ധതിക്കു കൂടി അനുമതി കേന്ദ്ര ഊര്‍ജ മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. അതിനുള്ള പദ്ധതിയും തയാറാക്കിയതായും മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.