കോൺഗ്രസ് വളരെ സൂക്ഷിച്ച് നീങ്ങണം, ജനം എല്ലാം പഠിച്ച് വിലയിരുത്തുന്ന കാലഘട്ടമാണ് -കെ. മുരളീധരൻ
text_fieldsതിരുവനന്തപുരം: കോൺഗ്രസ് വളരെ സൂക്ഷിച്ച് നീങ്ങേണ്ട കാലഘട്ടമാണെന്നും തിരിച്ചടികൾ ഉണ്ടാകുന്നുണ്ട്, അത് മനസ്സിലാക്കാൻ നമുക്കെല്ലാവർക്കും കഴിയണമെന്നും കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. പഴയ കാലമല്ല, ജനങ്ങൾ എല്ലാം പഠിച്ച് വിലയിരുത്തുന്ന കാലഘട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
മത്സരിക്കാൻ ഇതുവരെ അവസരം കിട്ടാതിരുന്നവർക്ക് മുൻഗണന ഹൈകമാൻഡ് നൽകിയതിൽ സന്തോഷമുണ്ടെന്ന് രാജ്യസഭ സ്ഥാനാർഥിയെ തെരഞ്ഞെടുത്ത വിഷയത്തിൽ മുരളീധരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
'പണ്ട് കാലത്തൊക്കെ പലതും നടന്നിട്ടുണ്ടാകാം. ആ കാലഘട്ടം മാറി. ജനം ചാനലിലൂടെയും സോഷ്യൽമീഡിയയിലൂടെയും കാര്യങ്ങൾ നോക്കി മനസ്സിലാക്കുന്നു. പ്രിന്റ് മീഡിയയുടെ കാലത്ത് ഒരുപാട് കളി കളിച്ചിട്ടുണ്ട്. ആ കളിക്കൊന്നും ഇപ്പോൾ ഒരു സ്ഥാനവുമില്ല. അന്നത്തെ ചരിത്രം പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല. പാർട്ടിയുടെ പ്രസക്തി പ്രവർത്തനത്തിലൂടെ വേണം തെളിയിക്കാൻ.'
'ജി 23 നേതാക്കൾ കോൺഗ്രസിൽ തിരുത്തൽ വേണമെന്ന് ആവശ്യപ്പെട്ടിട്ടേ ഉള്ളൂ. അവരൊരിക്കലും കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ചിട്ടില്ല. തെറ്റുകൾ ചൂണ്ടിക്കാട്ടുന്നത് പാർട്ടി നന്നാവണമെന്ന ആഗ്രഹത്തിലാണ്. പക്ഷേ, കപിൽ സിബലിനെ പോലുള്ളവരുടെ അഭിപ്രായത്തോട് ഒരു ശതമാനം പോലും യോജിക്കാൻ കഴിയില്ല.' -മുരളീധരൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.