പൊലീസ് സമീപനം കാടത്തം -കെ. മുരളീധരൻ എം.പി
text_fieldsതിരുവള്ളൂർ: ജനാധിപത്യരീതിയിൽ ഡി.ജി.പി ഓഫിസ് മാർച്ച് നടത്തിയവർക്കെതിരെ പൊലീസ് കാണിച്ചത് തനി കാടത്തവും മൃഗീയവുമായ നടപടിയാണെന്ന് കെ. മുരളീധരൻ എം.പി പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റ്, പ്രതിപക്ഷനേതാവ്, എം.പിമാർ, എം.എൽ.എമാർ ഉൾപ്പെടെയുള്ളവരോടാണ് കാടത്ത സമീപനം പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്.
പ്രകോപനവുമായി ബി.ജെ.പി സംഘടനകൾ നടത്തിയ മാർച്ചിൽ പൊലീസ് സ്വീകരിച്ച മൃദുസമീപനം തികച്ചും ബോധപൂർവമാണെന്നും അദ്ദേഹം പറഞ്ഞു. വടകര പാർലമെന്റ് മണ്ഡലത്തിലെ കോൺഗ്രസ് ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റുമാർ എന്നിവർക്കുള്ള ഏകദിന ശിൽപശാല തിരുവള്ളൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
146 എം.പിമാരെ പാർലമെന്റിൽനിന്ന് മോദിസർക്കാർ സസ്പെൻഡ് ചെയ്തതിനെ തുടർന്ന് രാജ്യം മുഴുവൻ പ്രതിഷേധമുയർന്നപ്പോൾ എല്ലാ ദിവസവും നവകേരള വാർത്തസമ്മേളനം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഒരക്ഷരവും മിണ്ടിയില്ലെന്നും ഇത് സി.പി.എം-ബി.ജെ.പി അന്തർധാരയുടെ ഭാഗമാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി പി.എം. നിയാസ്, എൻ. സുബ്രഹ്മണ്യൻ, യു.ഡി.എഫ് ചെയർമാൻ കെ. ബാലനാരായണൻ, ഐ. മൂസ, വി.എം. ചന്ദ്രൻ, രത്നവല്ലി, കെ.ടി. ജയിംസ്, മുനീർ എരവത്ത്, നിജേഷ് അരവിന്ദ്, മഠത്തിൽ നാണു, എ. കുഞ്ഞിശങ്കരൻ, കാവിൽ രാധാകൃഷ്ണൻ, പി.സി. ഷീബ, അശോകൻ, പ്രമോദ് കക്കട്ടിൽ, ഇ.വി. രാമചന്ദ്രൻ, ബാബു ഒഞ്ചിയം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.