ലോകായുക്ത നിയമഭേദഗതി മടിശ്ശീലയിൽ കനമുള്ളതിനാൽ -കെ. മുരളീധരൻ
text_fieldsതിരുവനന്തപുരം: മടിശ്ശീലയിൽ കനമുള്ളതിനാലാണ് ലോകായുക്തയെ ഭയന്ന് സർക്കാർ നിയമഭേദഗതി കൊണ്ടുവരുന്നതെന്ന് കെ. മുരളീധരൻ എം.പി. ഓർഡിനൻസ് നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
നിലവിലെ നിയമത്തിലെ ഏത് ഭേദഗതിയോടും തങ്ങൾക്ക് എതിർപ്പുണ്ട്. ലോകായുക്തനിയമം കൊണ്ടുവന്നപ്പോൾ നിയമസഭയിൽ അന്ന് ഇ.കെ. നായനാർ പറഞ്ഞതാണ് ഇന്ന് കോടിയേരി ബാലകൃഷ്ണന്‍റെ വാദങ്ങൾക്കുള്ള മറുപടി. കുറച്ചുനാളുകളായി ജനഹിതം മനസ്സിലാക്കാതെയാണ് കോടിയേരിയുടെ പ്രതികരണങ്ങൾ. ഗവർണറെ കൊണ്ട് ശിപാർശ ചെയ്യിച്ച് സർക്കാറിനെ പുറത്താക്കാമെന്ന് കോടിയേരി പറയുംവിധം ലോകായുക്തനിയമത്തിൽ വ്യവസ്ഥയില്ല. ഈ നിയമം ഉണ്ടെങ്കിലും ഇല്ലെങ്കിലും കേന്ദ്രത്തിന് സംസ്ഥാനഭരണത്തിൽ ഇടപെടാനാകും. അതിന് ലോകയുക്തനിയമത്തിന്‍റെ ആവശ്യമില്ല. നിയമസഭ ഉടൻ ചേരാനിരിക്കെ ധിറുതിപിടിച്ച് ഓർഡിനൻസ് കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുന്നത് മുഖ്യമന്ത്രിക്കും മന്ത്രി ബിന്ദുവിനും എതിരെ ലോകായുക്തയിൽ പരാതിയുള്ളതിനാലാണ്.
മുഖ്യമന്ത്രി ചികിത്സക്ക് പോയതോടെ ആരോഗ്യവകുപ്പ് നാഥനില്ലാ കളരിയായി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ ജനപ്രതിനിധികൾ ഉൾപ്പെടെ ഫോണിൽ വിളിച്ചാൽപോലും കിട്ടുന്നില്ല. ദേശീയപതാക കെട്ടുന്നത് മന്ത്രിയല്ലെന്നത് യാഥാർഥ്യമാണെങ്കിലും തലതിരിച്ച് ഉയർത്തിയ പതാകയെ സല്യൂട്ട് ചെയ്തിട്ടും പിഴവ് മനസ്സിലാക്കാത്ത മന്ത്രി പൊതുപ്രവർത്തകനായി തുടരാൻ യോഗ്യനല്ലെന്നും മുരളി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.