'വോട്ടർ പട്ടികയിൽ പേരുള്ള ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ല'; എസ്.ഡി.പി.ഐ പിന്തുണയെ കുറിച്ച് കെ. മുരളീധരൻ
text_fieldsതൃശൂർ: വോട്ടർ പട്ടികയിൽ പേരുള്ള ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ലെന്ന് തൃശൂരിലെ യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരൻ. എസ്.ഡി.പി.ഐ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എസ്.ഡി.പി.ഐ പിന്തുണയെ കുറിച്ച് സംസാരിക്കാൻ സി.പി.എമ്മിന് എന്താണ് യോഗ്യതയെന്ന് മുരളീധരൻ ചോദിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ നേമത്ത് എസ്.ഡി.പി.ഐ ശിവൻകുട്ടിയെയാണ് സഹായിച്ചത്. ഫലം വരുന്നതിന് മുമ്പ് തന്നെ ഇക്കാര്യം എസ്.ഡി.പി.ഐ പറഞ്ഞിട്ടുണ്ട്. എസ്.ഡി.പി.ഐ ഓരോ തെരഞ്ഞെടുപ്പിലും ഓരോരുത്തർക്ക് പിന്തുണ പ്രഖ്യാപിക്കാറുണ്ട്. ഇത്തവണ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചു. അത് ഇത്ര വലിയ ചർച്ചയാക്കേണ്ട കാര്യമില്ല.
വോട്ടർപട്ടികയിൽ പേരുള്ള ആരുടെയും വോട്ട് വേണ്ടെന്ന് ആരും പറയില്ല. തൃശൂരിലെ മുഴുവൻ വോട്ടർമാരും തനിക്ക് വോട്ട് ചെയ്യണമെന്നാണ് പറയുന്നതെന്നും മുരളീധരൻ പറഞ്ഞു.
അതേസമയം, പരാജയഭീതി കൊണ്ടാണ് തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐയുടെ വോട്ട് വാങ്ങാനുള്ള യു.ഡി.എഫ് തീരുമാനമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ആരോപിച്ചു. ഏതു വർഗീയ സംഘടനകളുമായും കൂട്ടു ചേരുമെന്നാണ് യു.ഡി.എഫ് നിലപാട്. മുൻപ് എസ്.ഡി.പി.ഐയെ എതിർത്ത മുസ്‌ലിം ലീഗടക്കം ഇപ്പോൾ തീരുമാനത്തെ അനുകൂലിക്കുന്നുവെന്നും കോ-ലീ-ബിക്കെപ്പം എസ്.ഡി.പി.ഐ കൂടി ചേർന്നെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.