സ്ത്രീയെ കടുവ കൊന്ന സംഭവത്തിൽ ഒരു ജനത മുഴുവൻ വിറങ്ങലിച്ച് നിൽക്കുമ്പോൾ എങ്ങനെ മന്ത്രിക്ക് പാട്ടുപാടാൻ കഴിഞ്ഞു? -മുരളീധരൻ
text_fieldsകോഴിക്കോട്: റോമാ സാമ്രാജ്യം കത്തിയെരിഞ്ഞപ്പോൾ വീണ വായിച്ചത് കേരളത്തിൽ നടപ്പാക്കിയത് വനം മന്ത്രി എ.കെ ശശീന്ദ്രനാണെന്ന് വിമർശിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ആദിവാസി സ്ത്രീയെ കടുവ കൊന്ന സംഭവത്തിൽ ഒരു ജനത മുഴുവൻ വിറങ്ങലിച്ച് നിൽക്കുമ്പോൾ എങ്ങനെ മന്ത്രിക്ക് പാട്ടുപാടാൻ കഴിഞ്ഞു എന്നാണ് അദ്ഭുതപ്പെടുന്നതെന്നും മുരളീധരൻ പറഞ്ഞു.
കേരളത്തോട് മന്ത്രി മാപ്പു ചോദിക്കണം. അവിടെ ആദിവാസികളെല്ലാം ഭയപ്പെട്ടിരിക്കുകയാണ്. ഒരു ഭാഗത്ത് കടുവ, ഒരു ഭാഗത്ത് ആന. ഈ സമയത്ത് ഒരു നയം രൂപീകരിക്കാൻ സർക്കാറിന് കഴിയുന്നില്ല. എന്നിട്ട് പാട്ടു പാടുകയാണ്. ഇത് ജനത്തെ അവഹേളിക്കുകയാണ്. അതിനാൽ, മന്ത്രി മാപ്പു പറയണം. അല്ലെങ്കിൽ അദ്ദേഹത്തെ മന്ത്രിസഭയിൽനിന്ന് നീക്കാൻ മുഖ്യമന്ത്രി തയാറാകണം. അദ്ദേഹത്തിന്‍റെ പാർട്ടിക്ക് പോലും അദ്ദേഹത്തെ വേണ്ട.... -മുരളീധരൻ വിമർശിച്ചു.
വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലയിൽ സ്ത്രീയെ കടുവ കൊന്ന് ശരീഭാഗങ്ങൾ തിന്ന സംഭവത്തിൽ നാടാകെ ഭീതിയിലായിരിക്കെയാണ് കോഴിക്കോട് നടന്ന ഫാഷൻ ഷോയിൽ വനം മന്ത്രി പങ്കെടുത്ത് പാട്ടു പാടിയത്. കോഴിക്കോട് ഇന്‍ഡോർ സ്റ്റേഡിയം ഹാളില്‍ നടന്‍ ഇടവേള ബാബു സംവിധാനം ചെയ്യുന്ന ഫ്രീഡം ഫാഷന്‍ ഫ്യൂഷന്‍ മെഗാ മ്യൂസിക്കല്‍ പ്രോഗാം ഉദ്ഘാടനം ചെയ്താണ് മന്ത്രി പാട്ടുപാടിയത്. ഇതിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.