രാജ്യസ്നേഹം പ്രസംഗിച്ചവർ ഇന്ന് രാജ്യദ്രോഹക്കുറ്റത്തിന് ജയിലിലാകേണ്ട ഗതിയിൽ, ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നു - സുരേന്ദ്രനെതിരെ മുരളീധരൻ
text_fieldsകോഴിക്കോട്: ബി.ജെ.പിയുടെ കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ.മുരളീധരൻ. ആരോപണ വിധേയനായ വ്യക്തി നിൽക്കക്കള്ളിയില്ലാതെ എനിക്കെതിരെ ചിലത് പറയുന്നത് കേട്ടെന്നും ബി.ജെ.പി ഭരിക്കുന്ന കേന്ദ്ര ഗവൺമെന്‍റിന്‍റെ എല്ലാ വകുപ്പുകളെക്കൊണ്ടും ഇത് അന്വേഷിച്ച് തെളിയിക്കാൻ വെല്ലുവിളിക്കുന്നുവെന്നും മുരളീധരൻ പറഞ്ഞു. കള്ളപ്പണക്കേസിൽ ജുഡീഷ്യൻ അന്വേഷണം വേണെമന്നും ശരിയായ രീതിയിൽ അന്വേഷിച്ചാൽ മോദിയിൽ വരെ എത്തുമെന്നും ഇന്നലെ മുരളീധരൻ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ കെ.മുരളീധരനെതിരെ ആരോപണവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ എത്തിയിരുന്നു.
''ഉണ്ടായില്ലാ വെടിയിൽ ഭയക്കുന്നവനല്ല ഞാൻ. ഒരു സ്ഥാനാർഥി സ്വന്തം നിയോജകമണ്ഡലത്തിൽ പ്രചാരണത്തിനായി ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളുടെയും കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മീഷന് കൊടുക്കണം. താര പ്രചാരകർക്ക് ലഭിക്കുന്ന ആനുകൂല്യം സ്ഥാനാർഥിക്ക് ലഭിക്കില്ല.ബി.ജെ.പി രാജ്യത്തെ ജനങ്ങളെ കൊള്ളയടിച്ച് അനധികൃതമായി പണം സമ്പാദിക്കുകയാണ്.കള്ളപ്പണം ഒഴുക്കിയാണ് ബി.ജെ.പി രാജ്യത്ത് ജനാധിപത്യത്തെ അട്ടിമറിക്കുന്നത്.
ബി.ജെ.പി നേതാക്കളുടെ കൈയ്യിൽ വരുന്ന കോടികളുടെ കള്ളപ്പണം എവിടെ നിന്നാണെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. ഇത് അന്വേഷിക്കാൻ ഉള്ള ആർജ്ജവം മുഖ്യമന്ത്രി കാണിക്കണം. ഏതായാലും രാജ്യസ്നേഹം പ്രസംഗിച്ച് നടന്നവർ ഇന്ന് രാജ്യദ്രോഹ കുറ്റത്തിന് കയ്യാമം വച്ച് ജയിലിൽ പോകേണ്ട ഗതികേടിലാണ്''-കെ.മുരളീധരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.