സർക്കാരിന്റെ മുഖം കൂടുതൽ വികൃതമാകും; തൊഴുത്ത് മാറ്റിക്കെട്ടിയാൽ മച്ചിപ്പശു പ്രസവിക്കില്ല -സ്പീക്കറെ മാറ്റുന്നുവെന്ന റിപ്പോർട്ടുകൾക്ക് പ്രതികരിച്ച് കെ. മുരളീധരൻ
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മന്ത്രിസഭ പുനഃസംഘടന റിപ്പോർട്ടുകളെ കുറിച്ച് വിമർശനവുമായി കെ. മുരളീധരൻ എം.പി.സംസ്ഥാന സർക്കാരിന്റെ മുഖം കൂടുതൽ വികൃതമാകുന്ന ലക്ഷണമാണ് കാണുന്നതെന്നും തൊഴുത്ത് മാറ്റിക്കെട്ടിയതുകൊണ്ട് മച്ചിപ്പശു പ്രസവിക്കില്ലെന്നും കെ. മുരളീധരൻ പരിഹസിച്ചു.
മന്ത്രിമാരെ മാറ്റുന്നതിനെ കുറിച്ച് പാർട്ടി തീരുമാനിക്കട്ടെ. അതവരുടെ ആഭ്യന്തര കാര്യമാണ്. എന്നാൽ, ഇടക്കിടെ സ്പീക്കറെ മാറ്റുന്ന രീതിയോട് യോജിക്കാനാവില്ലെന്ന് മുരളീധരൻ പറഞ്ഞു. മുമ്പ് യു.ഡി.എഫ് ഭരണത്തിലും സ്പീക്കറെ മാറ്റിയിട്ടുണ്ട്. എം.എൽ.എമാർ വോട്ട് ചെയ്ത് തെരഞ്ഞെടുക്കുന്ന സ്പീക്കറെ ഇടക്കിടെ മാറ്റുന്നത് ശരിയായ രീതിയല്ല. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ പിണറായി സർക്കാർ മൂന്നാമത്തെ സ്പീക്കറെയാണ് തെരഞ്ഞെടുക്കാൻ പോകുന്നതെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
''ചിലർ പുറത്തുപോകുന്നു. ചിലർ അകത്തേക്ക് വരുന്നു. ഇതെല്ലാം ഊഹാപോഹങ്ങളാണ്. ഞങ്ങൾക്ക് ഒരു താൽപര്യവുമില്ല ഇക്കാര്യത്തിൽ. മന്ത്രിസഭ പുനഃസംഘടന അവരുടെ ആഭ്യന്തര കാര്യമാണ്. എന്നാൽ വർഷംതോറും സ്പീക്കറെ മാറ്റുന്നത് ശരിയായ കാര്യമല്ല. യു.ഡി.എഫ് ഭരണകാലത്തും ഇത് സംഭവിച്ചിട്ടുണ്ട്. അന്നും ഞാൻ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പറയുന്നത് ശരിയാണെങ്കിൽ മൂന്നാമത്തെ സ്പീക്കറെയാണ് പിണറായി സർക്കാർ തെരഞ്ഞെടുക്കാൻ പോകുന്നത്. എം.എൽ.എമാർ വോട്ട് ചെയ്താണ് സ്പീക്കറെ തെരഞ്ഞെടുക്കുന്നത്. മുമ്പ് സ്പീക്കറായിരുന്ന ജി. കാർത്തികേയനെ കെ.പി.സി.സി പ്രസിഡന്റാക്കാൻ നോക്കിയപ്പോൾ വി.എസ് അച്യുതാനന്ദനും ഇതെ കുറിച്ച് പറഞ്ഞിട്ടുണ്ട്. മാറ്റണോ വേണ്ടയോ എന്നതൊക്കെ അവർ തീരുമാനിക്കട്ടെ. എന്നാൽ രണ്ടുകാര്യം പറയാനുണ്ട്. ഒന്നാമതായി, സർക്കാരിന്റെ മുഖം കൂടുതൽ മുഖം വികൃതമാകും. രണ്ടാമത് തൊഴുത്ത് മാറ്റിക്കെട്ടിയതു കൊണ്ട് മച്ചിപ്പശു പ്രസവിക്കാൻ പോകുന്നില്ല.''-മുരളീധരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.