ഇനി പിണക്കമില്ല, ഒന്നിച്ച് മുന്നോട്ട് - ചെന്നിത്തല, മുരളീധരൻ
text_fieldsഗുരുവായൂർ: ഇനി പിണക്കമില്ലെന്നും ഒന്നിച്ച് നീങ്ങുമെന്നും രമേശ് ചെന്നിത്തലയും കെ. മുരളീധരനും. മുരളീധരന്റെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം കോൺഗ്രസിന് മഹത്വം നൽകിയതായിരുന്നുവെന്ന് ചെന്നിത്തലയും സ്ഥാനങ്ങളിലുള്ളവരെ മാറ്റിയതുകൊണ്ട് മാത്രം കോൺഗ്രസിന് ഗുണമുണ്ടാകണമെന്നില്ലെന്ന് മുരളീധരനും പറഞ്ഞത് നിലവിലെ നേതൃത്വത്തിനെതിരിയുള്ള നീക്കത്തിൽ ഇവർ ഒന്നിച്ചാണെന്നതിന്റെ വ്യക്തമായ സൂചനയായി. വി. ബലറാം സ്മാരക ട്രസ്റ്റിന്റെ പുരസ്കാരം മുരളീധരന് ചെന്നിത്തല കൈമാറുന്ന ചടങ്ങിലായിരുന്നു ഒന്നിച്ച് നീങ്ങുമെന്ന ഇരുവരുടെയും പ്രഖ്യാപനം.
പഴയകാല 'അവിവേകങ്ങൾ' ഏറ്റുപറഞ്ഞായിരുന്നു ഇരുനേതാക്കളുടെയും പ്രസംഗം. തന്റെ രാഷ്ട്രീയ ജീവിതത്തിൽ കെ. മുരളീധരനുമായി ഒരു പിണക്കം ഇനിയുണ്ടാവില്ലെന്നും ഒരുമിച്ച് മുന്നോട്ട് പോകുമെന്നും ചെന്നിത്തല പ്രഖ്യാപിച്ചു. കോൺഗ്രസ് പാർട്ടിക്കും സമൂഹത്തിനും നല്ലത് തങ്ങൾ ഒന്നിച്ച് നീങ്ങുന്നതാണെന്ന് തിരിച്ചറിഞ്ഞതായി അദ്ദേഹം പറഞ്ഞു. മുരളീധരന്റെ രാഷ്ട്രീയ പ്രവേശനത്തെ എതിർത്തിട്ടുമുണ്ട്. അത് അന്നത്തെ രാഷ്ട്രീയ നിലപാടുകളുടെ ഭാഗമായിരുന്നു.
അന്നത്തെ മുരളീധരനല്ല ഇന്നത്തെ മുരളീധരൻ. തങ്ങളുടെ ആഗ്രഹത്തിനൊത്ത് പ്രവർത്തിക്കുന്ന അവരുടെ വികാരവിചാരങ്ങൾക്കൊപ്പം നടന്നു നീങ്ങാൻ കഴിയുന്ന ഒരു നേതാവായി അദ്ദേഹത്തെ ജനങ്ങൾ കാണുന്നു. കെ.പി.പി.സി പ്രസിഡന്റായി മുരളീധരൻ വന്നതിൽ എതിർപ്പുണ്ടായിരുന്ന ഒരാളാണ് താൻ. എന്നാൽ, അദ്ദേഹം മികച്ച കെ.പി.സി.സി പ്രസിഡന്റായിരുന്നുവെന്ന് ഇന്ന് തനിക്ക് പറയാൻ കഴിയുമെന്നും ചെന്നിത്തല പറഞ്ഞു. താനും രമേശ് ചെന്നിത്തലയും ഒരുമിച്ച് നീങ്ങാനുള്ള തീരുമാനം ആർക്കും എതിരായിട്ടുള്ളതല്ലെന്ന് മുരളീധരൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
പാർട്ടിയുടെ നന്മയാണ് ലക്ഷ്യം. ഞങ്ങൾ പുറത്തിറങ്ങി നിന്നാൽ ഒരു സ്ഥാനമില്ലെങ്കിലും പത്ത് പേര് കാണാൻ വരും. ഔദ്യോഗിക സ്ഥാനത്തിരിക്കുന്ന ചിലരെ മനുഷ്യൻ പോയിട്ട് മൃഗം പോലും തിരിഞ്ഞുനോക്കില്ല. സ്ഥാനങ്ങളിൽ ആള് മാറിയതു കൊണ്ടൊന്നും ഗുണം ചെയ്യില്ല. എല്ലാവരേയും ഒത്തൊരുമിച്ച് കൊണ്ടുപോകണമെന്നും മുരളീധരൻ പറഞ്ഞു.
ട്രസ്റ്റ് പ്രസിഡന്റ് സി.എ. ഗോപപ്രതാപൻ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ടി.വി. ചന്ദ്രമോഹൻ, ജോസഫ് ചാലിശേരി, ഷാജി കോടങ്കണ്ടത്ത്, എ. പ്രസാദ്, പി.കെ. അബൂബക്കർ ഹാജി, വി. വേണുഗോപാൽ, പി. യതീന്ദ്രദാസ്, എം.കെ. അബ്ദുൾ സലാം, ടി.കെ. പൊറിഞ്ചു, കെ.ഡി. വീരമണി, പി.വി. ബദറുദ്ദീൻ, വി.കെ. ജയരാജ്, പാലിയത്ത് ശിവൻ, അരവിന്ദൻ പല്ലത്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.