'എല്ലാ വിധത്തിലും ഉൾക്കൊള്ളുന്നു'; കെ. മുരളീധരനും സന്ദീപ് വാര്യരും വേദി പങ്കിട്ടു
text_fieldsപാലക്കാട്: കോൺഗ്രസ് നേതാവ് കെ. മുരളീധരനും ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരും വേദി പങ്കിട്ടു. പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ കൊട്ടിക്കലാശ ദിനത്തിലാണ് ഇരുവരും ഒരു വേദിയിലെത്തിയത്. സന്ദീപ് വാര്യർ കോൺഗ്രസിലെത്തിയത് എല്ലാ രീതിയിലും ഉൾക്കൊള്ളുന്നുവെന്ന് കെ. മുരളീധരൻ പറഞ്ഞു.
'സ്നേഹത്തിന്‍റെ കടയിൽ എന്നും ഉണ്ടാകുമെന്ന് സന്ദീപ് പറഞ്ഞിട്ടുണ്ട്. എല്ലാവരും ബി.ജെ.പിയിലേക്ക് പോകുന്നുവെന്നാണല്ലോ ആക്ഷേപം. അങ്ങനെയല്ല, കോൺഗ്രസിലേക്കും ആളുകൾ വരുന്നുണ്ട്. ഇനിയും ധാരാളം പേർ വരും. സന്ദീപിനെ എല്ലാ തരത്തിലും ഉൾക്കൊള്ളുകയാണ്. പാലക്കാട് യു.ഡി.എഫ് ജയിക്കുമെന്ന് തുടക്കം മുതൽക്കേ എനിക്ക് വിശ്വാസമുണ്ട്' -മുരളീധരൻ പറഞ്ഞു.
നേരത്തെ, സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തിൽ മുരളീധരന് അമർഷമുള്ളതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, രണ്ട് കാരണങ്ങൾ കൊണ്ടാണ് സന്ദീപ് വാര്യരെ എതിർത്തതെന്ന് പിന്നീട് മുരളീധരൻ വ്യക്തമാക്കിയിരുന്നു. ഒന്നാമത്തേത് രാഹുൽ ഗാന്ധിയെ വ്യക്തിപരമായി വിമർശിച്ചതാണ്. ഗാന്ധിവധത്തെ കുറിച്ച് പറഞ്ഞതാണ് രണ്ടാമത്തേത്. അല്ലാതെ തനിക്ക് സന്ദീപ് വാര്യരുമായി ഒരു പ്രശ്നവുമില്ലെന്നും മുരളീധരൻ ഇന്നലെ പറഞ്ഞിരുന്നു.
കെ. മുരളീധരന്‍റെ അനുഗ്രഹം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് സന്ദീപ് വാര്യർ പറഞ്ഞു. എനിക്ക് ഏറ്റവും ബഹുമാനമുള്ള നേതാവായ കെ. കരുണാകരന്‍റെ മകനാണ് മുരളീധരൻ. മുരളീധരന്‍റെ അനുഗ്രഹം ലീഡർ കെ. കരുണാകരന്‍റെ അനുഗ്രഹമായി ഞാൻ കരുതുകയാണ്. കോൺഗ്രസിന് ജനാധിപത്യബോധമുണ്ട്. ശ്വസിക്കാനുള്ള ശുദ്ധവായു കിട്ടുന്നുണ്ട്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വിയ്യൂർ സെൻട്രൽ ജയിലിലേക്ക് ട്രാൻസ്ഫർ ആയിരുന്നില്ല എനിക്ക് ആവശ്യം. അതുകൊണ്ടാണ് സി.പി.എമ്മിലേക്ക് പോകാതിരുന്നത്. എനിക്കൊരു മോചനമായിരുന്നു ആവശ്യം. ആ ജീവപര്യന്തത്തിൽ നിന്ന് മോചനം നേടി പുറത്തുവന്നിരിക്കുകയാണ് -സന്ദീപ് വാര്യർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.