മുരളി വന്നു; ഇനി കളി മാറും
text_fieldsതൃശൂർ: ജന്മംകൊണ്ട് തൃശൂരുകാരനും കർമംകൊണ്ട് കോഴിക്കോട്ടുകാരനുമായ കെ. മുരളീധരൻ ഇടവേളക്കുശേഷം വീണ്ടും തൃശൂരിലേക്കെത്തുകയാണ്. പ്രതിസന്ധിക്കാലത്തെ പ്രത്യേക നിയോഗമാണെങ്കിലും പഴയൊരു കണക്ക് തീർക്കാനുണ്ട്. അതോടൊപ്പം കരുത്ത് കാണിക്കുകയും വേണം. 1996ൽ പിതാവ് കെ. കരുണാകരന്റെ പരാജയത്തിന് പിന്നാലെ 1998ൽ മത്സരിക്കാനിറങ്ങിയത് മുരളിയായിരുന്നു. ദയനീയ തോൽവിയായിരുന്നു ഫലം. വീണ്ടുമെത്തുമ്പോൾ പഴയ മുരളീധരനും പഴയ തൃശൂരുമല്ല. വമ്പൻ മത്സരം നടക്കുന്ന മണ്ഡലമാണ്. ആ താരപ്രഭയാണ് തൃശൂരിനെ ആകാംക്ഷയിലാക്കുന്നതും. കരുണാകര തട്ടകത്തിൽ മുരളീമന്ദിരത്തിന് പുതിയ രാഷ്ട്രീയ അവകാശികൂടിയുള്ള പ്രത്യേക സാഹചര്യവും എതിരാളിക്കുവേണ്ടി പ്രചാരണത്തിൽ കൂടപ്പിറപ്പുണ്ടാകുന്നതും മുരളീധരന് സൃഷ്ടിക്കുക ചെറിയ വെല്ലുവിളികളല്ല.
മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റേയും കല്യാണിക്കുട്ടിയമ്മയുടെയും മകനായി 1957 മേയ് 14ന് ജനിച്ച കെ. മുരളീധരൻ (67) സേവാദളിന്റെ അമരത്ത് തുടരുമ്പോഴാണ് 1989ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തോടെ കോഴിക്കോട്ടുനിന്ന് പാർലമെന്റിലെത്തിയത്. 1991ലും 1999ലും നടന്ന തെരഞ്ഞെടുപ്പിലും മുരളിക്കായിരുന്നു വിജയം. കെ.പി.സി.സി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് പദവികൾ വഹിച്ചു. 2001 -2004ൽ കെ.പി.സി.സി അധ്യക്ഷനായി. 2004 ഫെബ്രുവരി 11ന് ആന്റണി മന്ത്രിസഭയിൽ ചുരുങ്ങിയ കാലം മന്ത്രിയായി. 2004ലെ ഉപതെരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിൽ സി.പി.എമ്മിലെ എ.സി. മൊയ്തീനോട് പരാജയപ്പെട്ടു. 2019ൽ വടകര പാർലമെന്റ് മണ്ഡലത്തിൽ സി.പി.എമ്മിലെ പി. ജയരാജനെ 84,663 വോട്ടിനാണ് പരാജയപ്പെടുത്തിയത്. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗമാണ്. ഭാര്യ: ജ്യോതി മുരളീധരൻ. മക്കൾ: അരുൺ നാരായണൻ (ഗൾഫ്), ശബരീനാഥ് (ഹിന്ദുസ്ഥാൻ ലാറ്റക്സ്).
മാറ്റമില്ല, ബെഹനാനും രമ്യയുംതന്നെ
തൃശൂർ: സംസ്ഥാന കോൺഗ്രസിലെ കരുത്തുറ്റ മുഖമായ ബെന്നി ബെഹനാന് ചാലക്കുടിയിൽ ഇത് രണ്ടാമൂഴം. ജില്ലയുടെചില ഭാഗങ്ങൾ പങ്കിടുന്ന, സംവരണ മണ്ഡലമായ ആലത്തൂരിലും പ്രതീക്ഷിച്ചപ്പോലെ തന്നെ രമ്യ ഹരിദാസ് സ്ഥാനാർഥിയാകും. പാർട്ടിക്കകത്ത് എ ഗ്രൂപ്പിന്റെ ശക്തനായ വക്താവായ ബെഹനാൻ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഏറ്റവും വിശ്വസ്തനുമായിരുന്നു. രണ്ടുതവണ നിയമസഭ അംഗമായ അദ്ദേഹം 1982ൽ പിറവത്തുനിന്നാണ് ആദ്യമായി നിയമസഭയിലെത്തിയത്. 2011ൽ തൃക്കാക്കര മണ്ഡലത്തെ പ്രതിനിധീകരിച്ചു. തുടർന്നുവന്ന തെരഞ്ഞെടുപ്പിൽ പി.ടി. തോമസാണ് തൃക്കാക്കരയിൽ സ്ഥാനാർഥിയായത്. പിന്നാലെയെത്തിയ ലോക്സഭ തെരഞ്ഞെടുപ്പിലാണ് ചാലക്കുടിയിൽ ബെന്നി സ്ഥാനാർഥിയായത്. 2019ലെ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി നടൻ ഇന്നസെന്റിനെ 1,32,274 വോട്ടിനാണ് ബെന്നി ബെഹനാൻ പരാജയപ്പെടുത്തിയത്. 2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ മൃഗീയ ഭൂരിപക്ഷത്തോടെയാണ് ആലത്തൂരില്‍ നിന്നും രമ്യ ഹരിദാസ് വിജയിച്ചു കയറിയത്. അന്നത്തെ എം.പിയായിരുന്ന പി.കെ. ബിജുവിനെ 158968 വോട്ടുകള്‍ക്കാണ് രമ്യാ ഹരിദാസ് പരാജയപ്പെടുത്തിയത്. ഇടതുമുന്നണിയുടെ കോട്ട എന്നറിയപ്പെടുന്ന മണ്ഡലത്തിലായിരുന്നു രമ്യയുടെ ചരിത്ര വിജയം. ആകെയുള്ള വോട്ടില്‍ രമ്യ 53,3815 വോട്ടുകള്‍ നേടിയപ്പോള്‍ ഇടതുമുന്നണി സ്ഥാനാർഥി പി.കെ. ബിജു 37,4847 വോട്ടുകള്‍ നേടി. എൻ.ഡി.എ സ്ഥാനാർഥിക്ക് 8.81 ശതമാനം വോട്ട് മാത്രമേ ലഭിച്ചുള്ളൂ.
ബെന്നി ബെഹനാൻ
വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ ബെന്നി, വെങ്ങോല ശാലേം ഹൈസ്കൂളിൽ കെ.എസ്.യു യൂനിറ്റ് പ്രസിഡന്റായിരുന്നു. കാലടി ശ്രീശങ്കര കോളജ്, എറണാകുളം ഗവ. ലോ കോളജ് എന്നിവടങ്ങളിലായിരുന്നു തുടർ വിദ്യാഭ്യാസം. കെ.എസ്.യു താലൂക്ക്, ജില്ല, സംസ്ഥാന പ്രസിഡന്റ് പദവികൾ വഹിച്ചിട്ടുണ്ട്. 1979ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായി. 1981ൽ കെ.പി.സി.സി നിർവാഹക സമിതിയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടു.
1996 മുതൽ എ.ഐ.സി.സി അംഗമായും കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയായും 17 വർഷക്കാലം പ്രവർത്തിച്ചു. 2018 മുതൽ 2020 വരെ യു.ഡി.എഫ് കൺവീനറായിരുന്നു. 2010ൽ കുറഞ്ഞ കാലയളവിൽ ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ മാനേജിങ് ഡയറക്ടർ ചുമതലയും വഹിച്ചിട്ടുണ്ട്. 1952 ആഗസ്റ്റ് 22ന് പെരുമ്പാവൂരിനടുത്ത് വെങ്ങോലയിൽ ഒ. തോമസിന്റെയും ചിന്നമ്മ തോമസിന്റെയും മകനായാണ് ജനനം. പിതാവ് തോമസ് സ്വാതന്ത്ര്യ സമര സേനാനിയും അധ്യാപകനുമായിരുന്നു. ഷേർളിയാണ് ഭാര്യ. മക്കൾ: വേണു തോമസ്, വീണ തോമസ്.
രമ്യ ഹരിദാസ്
കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ രമ്യ, ഗാന്ധിയന്‍ സംഘടനയായ ഏകതാപരിഷത്തിന്റെ മുഖ്യപ്രവര്‍ത്തകയായി. 2015ല്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 2012ല്‍ ജപ്പാനില്‍ നടന്ന ലോക യുവജന സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടന്ന ടാലന്റ് ഹണ്ടിലൂടെ തെരഞ്ഞെടുക്കപ്പെട്ടാണ് രമ്യ ആലത്തൂര്‍ ലോകസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായത്. കോഴിക്കോട് ജില്ലയിലെ കുറ്റിക്കാട്ടൂരിലെ പാലാട്ട് മീത്തല്‍ വീട്ടില്‍ പി. ഹരിദാസിന്റെയും മഹിള കോണ്‍ഗ്രസ് നേതാവ് രാധയുടെയും മകളാണ്. എസ്.എസ്.എല്‍.സി വിദ്യാഭ്യാസത്തിനുശേഷം ഫാഷന്‍ ഡിസൈനിങ് കോഴ്സ്, പ്രീപ്രൈമറി ആന്റ് ഏര്‍ലി ചൈല്‍ഡ് ഹുഡ് എഡ്യൂക്കേഷന്‍ കോഴ്സ് എന്നിവ പഠിച്ചു. ജില്ല, സംസ്ഥാന സ്കൂള്‍ കലോത്സവങ്ങളില്‍ നൃത്തം, ദേശഭക്തിഗാനം തുടങ്ങിയ ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടിയിട്ടുള്ള രമ്യ, നൃത്താധ്യാപികയായി ജോലിയും ചെയ്തു. അവിവാഹിതയാണ്.
സ്ഥാനാർഥി ആരായാലും പ്രശ്നമല്ല -വി.എസ്. സുനിൽകുമാർ
തൃശൂർ: തൃശൂരില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാർഥി ആരായാലും പ്രശ്നമില്ലെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. വി.എസ്. സുനില്‍ കുമാര്‍. തൃശൂരിൽ മുരളിയായാലും പ്രതാപനായാലും രാഷ്ട്രീയ പോരാട്ടം തന്നെയാണെന്ന് സുനില്‍ കുമാര്‍ പറഞ്ഞു. തൃശൂരില്‍ ഏത് സ്ഥാനാർഥി വന്നാലും അത് രാഷ്ട്രീയ പോരാട്ടമാണ്. അതില്‍ ആശങ്കയില്ല. പത്മജയുടെ ബി.ജെ.പി പ്രവേശനവുമായി ഇതിന് ബന്ധമുണ്ടോയെന്നറി യില്ല. ഇതവരുടെ ആഭ്യന്തര കാര്യമാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏത് സ്ഥാനാർഥിയായാലും അത് വിലയിരുത്തേണ്ട കാര്യമില്ല. എൽ.ഡി.എഫിനെ സംബന്ധിച്ചിടത്തോളം ജയം മാത്രമാണ് ലക്ഷ്യം. ഏത് എതിരാളിയായാലും ബഹുമാനമുണ്ട്.
മത്സരം ഒന്നുകൂടി ഗംഭീരമായി -സുരേഷ്ഗോപി
തൃശൂർ: കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കെ. മുരളീധരന് എത്തുന്നതോടെ മത്സരം ഒന്നുകൂടി ഗംഭീരമായെന്ന് ബി.ജെ.പി സ്ഥാനാര്‍ഥി സുരേഷ് ഗോപി. കോണ്‍ഗ്രസിന്റെ കാര്യം അവരോട് ചോദിക്കുക, ബി.ജെ.പിയുടെ കാര്യങ്ങള്‍ തന്നോട് ചോദിക്കൂ എന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. മുരളീധരനെത്തുന്നതോടെ സുരേഷ് ഗോപി മൂന്നാം സ്ഥാനത്ത് പോകുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നതെന്ന ചോദ്യത്തിന് മൂന്നാം സ്ഥാനത്തോ പത്താം സ്ഥാനത്തോ പോകട്ടെ, അത് അവരല്ലല്ലോ തീരുമാനിക്കുക. ജനമല്ലേ. തനിക്ക് മറ്റ് സ്ഥാനാര്‍ഥികള്‍ ആരാണെന്ന് പ്രസക്തമല്ല. വോട്ടേഴ്സ് മാത്രമാണ് പ്രസക്തമായ ഘടകമെന്നും സുരേഷ് ഗോപി പറഞ്ഞു.
പത്മജയുടെ പാർട്ടി മാറ്റം; തൃശൂരിലെ തെരഞ്ഞെടുപ്പ് ചിത്രവും മാറി
തൃശൂർ: പത്മജ വേണുഗോപാൽ എന്ന കോൺഗ്രസ് നേതാവ് ബി.ജെ.പിയിൽ ചേർന്നതോടെ തൃശൂർ ലോക്സഭ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് ചിത്രമാകെ മാറി. കഴിഞ്ഞദിവസം വരെ പറഞ്ഞിരുന്ന വിഷയങ്ങളും ആരോപണങ്ങളും പുതിയ തലത്തിലെത്തി. ചോദ്യങ്ങളുയർത്തേണ്ട കോൺഗ്രസിന് നിരവധി ചോദ്യങ്ങൾക്ക് മറുപടികൾ പറയേണ്ടിവന്നിരിക്കുന്നു. പത്മജയുടെ പാർട്ടി മാറ്റത്തിലൂടെ കോൺഗ്രസിന് കാര്യമായ പരിക്കേൽക്കാനിടയില്ലെങ്കിലും എതിരാളികൾക്ക് കിട്ടിയ ശക്തമായ ആയുധമെന്ന നിലയിൽ അതുണ്ടാക്കുന്ന പ്രഹരം ചെറുതാവില്ല. നിയമസഭയിലേക്ക് കണ്ണുനട്ട് ആദ്യം മത്സരിക്കാനില്ലെന്ന് നിലപാടെടുത്തെങ്കിലും സിറ്റിങ് എം.പിമാർ മത്സരിക്കട്ടെയെന്ന ധാരണയായതോടെ, ടി.എൻ. പ്രതാപൻ അനൗദ്യോഗിക പ്രചാരണം തുടങ്ങിയിരുന്നു. അദ്ദേഹം സ്ഥാനാർഥിയെന്ന് ഉറപ്പിച്ചിരിക്കെയുണ്ടായ അപ്രതീക്ഷിതമാറ്റം മണ്ഡലത്തിലാകെ അണികളിൽ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. പത്മജയുടെ പോക്കും പ്രതാപനെ നീക്കുന്നതെന്തിനെന്ന ചോദ്യവും ഇടതുപക്ഷവും ബി.ജെ.പിയും ചർച്ചയാക്കും.
ആരവത്തിനു മുമ്പേ തയാറെടുപ്പ് തുടങ്ങിയതാണ് തൃശൂരിൽ. ബി.ജെ.പി സ്ഥാനാർഥി സുരേഷ് ഗോപിയാണ് പ്രചാരണത്തിന് തുടക്കമിട്ടത്. പിന്നാലെ ടി.എൻ. പ്രതാപനാണ് സ്ഥാനാർഥിയെന്ന രീതിയിൽ കോൺഗ്രസിലെ ഒരു വിഭാഗം പ്രചാരണമാരംഭിച്ചു. ചുവരെഴുത്തും തുടങ്ങി. ഇതിനിടെ എൽ.ഡി.എഫ് വി.എസ്. സുനിൽകുമാറിനെയും ബി.ജെ.പി സുരേഷ് ഗോപിയെയും സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ഇതോടെയാണ് ടി.എൻ. പ്രതാപനും സജീവമായത്. മണ്ഡലത്തിൽ മുന്നൂറോളം കിലോമീറ്റർ ദൂരം പദയാത്രയും നടത്തി. പോസ്റ്റർ അച്ചടി പൂർത്തിയാക്കി ബൂത്തുകളിലേക്കായി തയാറാക്കി ബൂത്തുകളിൽ തുകയും വിതരണം ചെയ്തിരുന്നു. എന്നാൽ, പത്മജയുടെ ബി.ജെ.പി പ്രവേശനം പദ്ധതികളെല്ലാം താളംതെറ്റിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.