വെജിറ്റേറിയനായ വിഴിഞ്ഞം സമരത്തെ പിണറായി നോൺ വെജിറ്റേറിയൻ ആക്കരുത് -കെ. മുരളീധരൻ
text_fieldsകോഴിക്കോട്: വിഴിഞ്ഞം സമരം ഇപ്പോൾ വെജിറ്റേറിയനാണ് അതിനെ പിണറായി നോൺ വെജിറ്റേറിയൻ ആക്കരുതെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. 450 കോടി പാക്കേജിനായി മത്സ്യത്തൊഴിലാളികൾ ആറര വർഷം കാത്തിരുന്നു. അത് കിട്ടാത്തതിനാലാണ് തുറമുഖമേ വേണ്ടെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നതെന്നും മുരളീധരൻ വ്യക്തമാക്കി. സംസ്ഥാന സർക്കാറിന്റെ തെറ്റായ നയങ്ങൾക്കെതിരെ കോഴിക്കോട്ട് കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരൻ.
അവർക്ക് അർഹിച്ച നഷ്ടപരിഹാരം നൽകണം. സമരക്കാര്‍ക്കെതിരെ വർഗീയതയും രാജ്യദ്രോഹവും ആരോപിക്കുകയാണ്. ഇത് അധഃപതനാണ്. സംഘ്പരിവാറിനെ കൂട്ടുപിടിച്ചാണ് സർക്കാറിന്‍റെ പ്രവർത്തനം. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള പാലം അദാനിയാണ്. എന്ത് സംഭവം നടന്നാലും ബിഷപ്പിനെ പ്രതിയാക്കുന്നു. സർക്കാർ എല്ലാ ദേഷ്യവും തീർക്കുന്നത് ഇപ്പോൾ വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളോടാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
ഒന്നാം പിണറായി സർക്കാറിന്‍റെ കാലത്തെ പ്രധാന തള്ളാണ് ലൈഫ് പദ്ധതി. ലൈഫ് നടപ്പാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രാധാന്യം നൽകുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. എന്നാലിപ്പോൾ തദ്ദേശ സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കി. ഉദ്യോഗസ്ഥർക്ക് തോന്നും പോലെ കാര്യങ്ങൾ നടപ്പാക്കി. ഇപ്പോൾ ലൈഫ് പദ്ധതി തന്നെ ഇല്ലാതായി. ഇവിടെ നടക്കുന്നത് നടക്കാത്ത പദ്ധതിക്കായുള്ള വെല്ലുവിളികളാണ്. സിൽവർ ലൈൻ ചീറ്റിപ്പോയെന്നും കക്കൂസിൽ വരെ കല്ലിട്ട പദ്ധതിയാണ് അതെന്നും മുരളീധരൻ പരിഹസിച്ചു.
കേന്ദ്ര പദ്ധതികളിൽ തർക്കമുള്ള വിഷയങ്ങളിൽ കേന്ദ്ര സർക്കാർ എം.പിമാരോടാണ് വിശദീകരണം തേടുന്നതാണ് പതിവ്. പിണറായി വിജയൻ പ്രഖ്യാപിച്ച ഒരു പദ്ധതിയും നടപ്പായില്ലെന്നും മുരളീധരന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.