മുനമ്പം: രണ്ട് സമുദായങ്ങളെ തമ്മിൽ അകറ്റി മുതലെടുപ്പ് നടത്തുകയാണെന്ന് കെ. മുരളീധരൻ; ‘മന്ത്രി അബ്ദുറഹ്മാന്‍റേത് അനാവശ്യ പ്രസ്താവന’
text_fieldsപാലക്കാട്: മുനമ്പം വിഷയത്തിൽ സംസ്ഥാന സർക്കാറിനെയും മന്ത്രി അബ്ദുറഹ്മാനെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. മന്ത്രി അബ്ദുറഹ്മാൻ അനാവശ്യ പ്രസ്താവനയാണ് നടത്തിയതെന്ന് മുരളീധരൻ കുറ്റപ്പെടുത്തി. രാഹുൽ മാങ്കൂട്ടത്തലിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിയുടെ അനാവശ്യ പരാമർശമാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേൽ തട്ടിൽ ക്ഷോഭിച്ച് സംസാരിക്കാൻ ഇടയാക്കിയത്. രണ്ട് സമുദായങ്ങളുടെ ഇടയിൽ അഭിപ്രായ വ്യത്യാസം വന്നാൽ അത് പരിഹരിക്കേണ്ടത് സംസ്ഥാന സർക്കാരാണ്.
മുനമ്പത്ത് താമസിക്കുന്ന ജനങ്ങൾക്കൊപ്പമാണെന്ന് യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രകോപനപരമായ പ്രസ്താവന ഒരു വഖഫ് ബോർഡ് അംഗവും നടത്തിയിട്ടില്ല. എന്തു കൊണ്ടാണ് സർക്കാർ വിഷയം പരിഹരിക്കാത്തതെന്നും മുരളീധരൻ ചോദിച്ചു.
രണ്ട് സമുദായങ്ങളെ തമ്മിൽ അകറ്റി മുതലെടുപ്പ് നടത്തുകയാണ്. ഇതു തന്നെയാണ് നരേന്ദ്ര മോദിയും ചെയ്യുന്നത്. മുനമ്പം വിഷയത്തിൽ സർവകക്ഷി ഉന്നതതല യോഗം നവംബർ 28ലാക്ക് മാറ്റിയത് എന്തിനാണെന്ന് മുരളീധരൻ ചോദിച്ചു.
പെട്ടിയുടെ പിന്നാലെ പോയി ഭരണപരാജയം മറച്ചുവെക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് കെ. മുരളീധരന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാറും സംസ്ഥാന സര്‍ക്കാറും ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ടു പോവുകയാണ്. ജനകീയ വിഷയങ്ങളിലൊന്നും ഇടപെടാന്‍ അവര്‍ക്ക് താൽപര്യമില്ലെന്നും കെ. മുരളീധരന്‍ കുറ്റപ്പെടുത്തി.
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണ് പ്രധാന മത്സരം. തമ്മിലടി രൂക്ഷമായ ബി.ജെ.പി അപ്രസക്തമാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേരത്തേ അറിയിച്ചതുപോലെ പത്താം തീയതി തന്നെ എത്തി.
മറ്റു വിവാദങ്ങള്‍ക്കൊന്നും പ്രസക്തിയില്ല. വ്യക്തിപരമായ പ്രശ്‌നങ്ങളൊന്നും ഈ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. പാലക്കാട് സീറ്റ് നിലനിര്‍ത്തണമെന്നത് പാര്‍ട്ടിയുടെ ആവശ്യമാണെന്നും കെ. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.