പ്രസംഗിക്കാൻ അവസരം തന്നില്ല, സപ്ലിമെന്‍റിലും പേരില്ല, സേവനം ആവശ്യമില്ലെങ്കിൽ അറിയിച്ചാൽ മതി -കെ. മുരളീധരൻ
text_fieldsകോഴിക്കോട്: കോൺഗ്രസിന്‍റെ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തിൽ തന്നെ അവഗണിച്ചതിൽ വീണ്ടും പ്രതികരണവുമായി കെ. മുരളീധരൻ രംഗത്ത്. എല്ലാവർക്കും പ്രസംഗിക്കാൻ അവസരം നൽകിയെന്നും തനിക്ക് മാത്രം നൽകിയില്ലെന്നും മുരളീധരൻ പറഞ്ഞു. പാർട്ടിക്ക് തന്‍റെ സേവനം ആവശ്യമില്ല എന്ന് തോന്നിയാൽ അറിയിച്ചാൽ മതിയെന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
‘എം.എം ഹസനും രമേശ് ചെന്നിത്തലയും ഞാനും അടക്കം മൂന്ന് കെ.പി.സി.സി മുൻ പ്രസിഡന്‍റുമാർ ചടങ്ങിൽ പങ്കെടുത്തു. ചെന്നിത്തലക്കും ഹസനും പ്രസംഗിക്കാൻ അവസരം കൊടുത്തു, എനിക്ക് മാത്രം നൽകിയില്ല. അത് അവഗണനയാണ്, കാരണം അറിയില്ല’ -മുരളീധരൻ പറഞ്ഞു.
‘വീക്ഷണം സപ്ലിമെന്‍റിലും എന്‍റെ പേരില്ല. ബോധപൂർവം മാറ്റിനിർത്തിയതാണ്. സ്വരം നന്നാകുമ്പോൾ തന്നെ പാട്ട് നിർത്താൻ തയാറാണ്. പാർട്ടിയാണ് ഈ സ്ഥാനങ്ങളിലൊക്കെ എന്നെ എത്തിച്ചത്. ആ പാർട്ടിക്ക് എന്‍റെ സേവനം ആവശ്യമില്ല എന്ന് തോന്നിയാൽ അറിയിച്ചാൽ മതി എന്ന് ഞാൻ സൂചിപ്പിച്ചിട്ടുണ്ട്. അത് കെ.സി വേണുഗോപാലിനോടും കെ. സുധാകരനോടും പറഞ്ഞിട്ടുണ്ട്’ -മുരളീധരൻ വ്യക്തമാക്കി.
സമയക്കുറവ് മൂലമാണ് പ്രസംഗിക്കാൻ അവസരം നൽകാതിരുന്നതെന്ന സംഘാടകരുടെ വാദത്തിനും മുരളീധരൻ മറുപടി നൽകി. എല്ലാവരും ധാരാളം പ്രസംഗിച്ചുവെന്നും ആർക്കും സമയത്തിന് പ്രശ്നമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.