'ഞാൻ വോട്ട് ചെയ്തിടത്ത് യു.ഡി.എഫ് ജയിച്ചിട്ടുണ്ട്'; മുല്ലപ്പള്ളിക്ക് മുരളീധരന്‍റെ ഒളിയമ്പ്
text_fieldsവടകര: തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ. മുരളീധരൻ എം.പി. സ്ഥാനാർഥി നിർണയത്തിൽ പോലും കൂടിയാലോചന നടത്തിയില്ല. വിളിക്കാത്ത സദ്യക്ക് ഉണ്ണാൻ പോകുന്ന ശീലം തനിക്കില്ല. അതിനാൽ വടകരയിലും വട്ടിയൂർക്കാവിലും മാത്രമാണ് താൻ ഇടപെട്ടത്.
വടകരയിൽ ജയിക്കാവുന്ന ഒരു ഡിവിഷൻ വിവാദങ്ങളിലൂടെ നഷ്ടപ്പെടുത്തി. താൻ വോട്ട് ചെയ്തിടത്ത് യു.ഡി.എഫ് സ്ഥാനാർഥി ജയിച്ചിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു. കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥി തോറ്റ പശ്ചാത്തലത്തിലാണ് മുരളീധരന്‍റെ ഒളിയമ്പ്. വടകര ബ്ലോക്കിലെ കല്ലാമല ഡിവിഷൻ സ്ഥാനാർഥിയെ ചൊല്ലി മുരളിയും മുല്ലപ്പള്ളിയും നേരത്തെ ഇടഞ്ഞിരുന്നു.
ജനം നൽകുന്ന മുന്നറിയിപ്പ് കാണാൻ കഴിഞ്ഞില്ലെന്ന് മുരളീധരൻ പറഞ്ഞു. അർഹതയുള്ള സീറ്റ് കൊടുക്കാത്തതിനാലാണ് പലരും വിമതന്മാരായത്. തൃശൂർ, കൊച്ചി കോർപറേഷനുകളിൽ ഇടതുപക്ഷം ജയിക്കാനാണ് സാധ്യത. ജനങ്ങൾ നൽകിയ ശിക്ഷയാണിത്.
പാർട്ടിക്ക് ഒരു മേജർ സർജറി വേണ്ടിവരും. ഇപ്പോൾ ഒരു മേജർ സർജറി നടത്തിയാൽ രോഗി ജീവിച്ചിരിക്കാത്ത അവസ്ഥയാണ്. പൂർണ ആരോഗ്യവാനാണ്, എന്നാൽ വെന്‍റിലേറ്ററിലാണ് എന്ന നിലയിലാണ് കോൺഗ്രസ് പാർട്ടി. കോൺഗ്രസിലെ ജംബോ കമ്മിറ്റികൾ പിരിച്ചുവിടണം.
എല്ലാവരെയും വിശ്വാസത്തിലെടുത്ത് കൂട്ടായ ചർച്ച നടത്തണം. ആരും മാറിനിൽക്കണമെന്ന് താൻ പറയുന്നില്ല. ഒരാൾ മാറിയത് കൊണ്ട് കാര്യമില്ല. യുവാക്കൾക്ക് കൂടുതൽ പ്രാധാന്യം നൽകണം.
മുമ്പ് നേതാക്കൾക്ക് പാർട്ടി ജയിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാൽ, ഇന്ന് ചിലർക്ക് ഗ്രൂപ്പ് ജയിക്കണമെന്ന് മാത്രമാണ്. ഇത് പ്രവർത്തകരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുമെന്നും മുരളീധരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.