'കാണാൻ നല്ല സൗന്ദര്യമൊക്കെയുണ്ട്, പക്ഷേ വായിൽ നിന്ന് വരുന്നത് ഭരണിപ്പാട്ടിനെക്കാൾ ഭയാനകം'; ആര്യാ രാജേന്ദ്രനെ അധിക്ഷേപിച്ച് കെ. മുരളീധരൻ
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെ അധിക്ഷേപിച്ചുള്ള പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി. മേയര്‍ ആര്യാ രാജേന്ദ്രനെ കാണാൻ നല്ല സൗന്ദര്യമൊക്കെയുണ്ടെന്നും പക്ഷേ വായിൽ നിന്ന് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ വര്‍ത്തമാനങ്ങളാണ് വരുന്നതെന്നും മുരളീധരന്‍ പരിഹസിച്ചു. ഇങ്ങനെയാണ് മുന്നോട്ടു പോകുന്നതെങ്കിൽ മേയറെ നോക്കി 'കനകസിംഹാസനത്തിൽ...' എന്ന് തുടങ്ങുന്ന പാട്ട് പാടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. കോർപ്പറേഷനിലെ നികുതി വെട്ടിപ്പിനെതിരെ കോൺഗ്രസ് നടത്തിയ സമരത്തിൽ സംസാരിക്കുകയായിരുന്നു മുരളീധരൻ.
കെ മുരളീധരന്‍ എം.പിയുടെ വാക്കുകള്‍:
'കാണാൻ നല്ല സൗന്ദര്യമൊക്കെയുണ്ട്, ശരിയാ, പക്ഷേ വായിൽ നിന്ന് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ ചില വര്‍ത്തമാനങ്ങളാണ് വരുന്നത്. ഇതൊക്കെ ഒറ്റ മഴയത്ത് മാത്രം കിളിര്‍ത്തതാണ്. ആ മഴയുടെ സമയം കഴിയുമ്പോഴേക്കും സംഭവം തീരും. ഇങ്ങനെ ഒരുപാട് പേരെ കണ്ടിട്ടുള്ള നഗരസഭയാണിതെന്ന് ഓർമിപ്പിക്കുകയാണ്. ഒരുപാട് മഹത് വ്യക്തികള്‍ ഇരുന്ന കസേരയിലാണ് അവരിപ്പോള്‍ ഇരിക്കുന്നത്. കേരളത്തില്‍ അറിയപ്പെട്ട നിര്‍മാതാവും സംവിധായകനുമായ പി. സുബ്രഹ്മണ്യം, എം.പി. പത്മനാഭന്‍ എന്നിവര്‍ ഇരുന്ന കസേരയിലാണ് ആര്യാ രാജേന്ദ്രന്‍ ഇരിക്കുന്നത്. അതുകൊണ്ട് അവരോട് ഒരു കാര്യം ഞാന്‍ വിനയപൂര്‍വം പറയാം. ദയവായി അരക്കള്ളന്‍ മുക്കാല്‍ക്കള്ളനിലെ കനകസിംഹാസനത്തില്‍ എന്ന പാട്ട് ഞങ്ങളെ കൊണ്ട് പാടിക്കരുത് എന്നു മാത്രമാണ് അവരോടു പറയാനുള്ളത്.
കോര്‍പറേഷനിലെ കൗണ്‍സിലര്‍മാര്‍ സമരം നടത്തുന്നതും അതിനോട് അനുബന്ധിച്ചുള്ള സമരങ്ങളും മുഖ്യമന്ത്രി എന്നും കാണുന്നുണ്ട്. പക്ഷെ അദ്ദേഹം ഒരു വാക്കു പറയാന്‍ ഇതുവരെ തയ്യാറായിട്ടില്ല. കാരണം മൂപ്പരുടെ സര്‍ക്കാര്‍ കക്കുന്നതിന്‍റെ മൂന്നിലൊന്നാണല്ലോ ഇവിടെ കക്കുന്നത്. അതുകൊണ്ടു തന്നെ മുഴുക്കള്ളന് കാല്‍ക്കള്ളനെ കുറ്റം പറയാന്‍ നിവൃത്തിയില്ല എന്നു പറഞ്ഞതു പോലെയാണ് ഗവണ്‍മെന്‍റ് ഇക്കാര്യത്തില്‍ വായ തുറക്കാത്തത്. മൂപ്പര് പിന്നെ സില്‍വര്‍ ലൈനുണ്ടാക്കാന്‍ നോക്കുകയാണ്. അതില്‍ എത്രകോടി അടിച്ചുമാറ്റാം എന്നാണ് മൂപ്പര് നോക്കുന്നത്.
ഈ രീതിയിൽ മുന്നോട്ടുപോയാൽ മേയറെ വനിതകൾ തന്നെ വഴിതടയും എന്ന് ഞാൻ സൂചിപ്പിക്കുകയാണ്. കാരണം, ആണുങ്ങൾ വഴിതടയാൻ പോയാൽ സ്ത്രീപീഡനത്തിന് കേസെടുക്കുന്ന പൊലീസാണിവിടെ. അതുകൊണ്ട് സ്ത്രീകളെ കൊണ്ടുതന്നെ മേയറെ തടയും.'
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.