എ.ഡി.ജി.പി അജിത് കുമാറിനെ മാറ്റിയത് സി.പി.ഐക്കാരെ മെരുക്കാൻ വേണ്ടി -കെ. മുരളീധരൻ
text_fieldsതിരുവനന്തപുരം: നിയമസഭ കഴിയും വരെ സി.പി.ഐക്കാരെ മെരുക്കാൻ വേണ്ടിയാണ് എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെ മാറ്റിയതെന്ന് കെ. മുരളീധരൻ. എ.ഡി.ജി.പിയെ മാറ്റാൻ നാലഞ്ച് തവണ സി.പി.ഐ അന്ത്യശാസനം നൽകിയിട്ടുണ്ട്. അന്ത്യശാസനം നീട്ടാൻ പറ്റാത്ത സാഹചര്യത്തിൽ മുഖം രക്ഷിക്കാനായി എടുത്ത തീരുമാനമാണിതെന്നും മുരളീധരൻ വ്യക്തമാക്കി.
ഇടതുപക്ഷത്തിന് അന്ത്യകൂദാശ നൽകാനുള്ള നടപടിയാണിത്. ആർ.എസ്.എസ് നേതാക്കളെ കണ്ട ഉദ്യോഗസ്ഥൻ ക്രമസമാധാനപാലന ചുമതല വഹിക്കരുതെന്നാണ് സി.പി.ഐ ആവശ്യപ്പെട്ടത്. അങ്ങനെയെങ്കിൽ ബറ്റാലിയന്‍റെ ചുമതല വഹിക്കാൻ പാടുണ്ടോ?3. രണ്ടും ഭരണത്തിന്‍റെ ഭാഗമല്ലേ. അജിത് കുമാറിനെ സസ്പെൻഡ് ചെയ്തിട്ടില്ലെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
ഇന്ന് രാവിലെ ക്ലിഫ് ഹൗസിൽ യോഗം വിളിച്ച് എ.ഡി.ജി.പിക്കെതിരായ ഡി.ജി.പിയുടെ റിപ്പോർട്ടിൽ വെള്ളം ചേർത്തു. പി. ശശിയുടെ സാന്നിധ്യം കണ്ടപ്പോഴേ റിപ്പോർട്ടിൽ വെള്ളം ചേർക്കാനാണെന്ന് ഞങ്ങൾ പറഞ്ഞിരുന്നു. ഡി.ജി.പിയുടെ റിപ്പോർട്ട് വസ്തുനിഷ്ടമായി നടപ്പാക്കിയാൽ അജിത് കുമാറിനെ സസ്പെൻഡ് ചെയ്യണം.
തീവ്രവാദം നടത്തുന്ന ആളുകളുമായി എന്തിന് ബന്ധപ്പെടുന്നുവെന്ന് എ.ഡി.ജി.പിയോട് മുഖ്യമന്ത്രിക്ക് ചോദിക്കാവുന്നതാണ്. എന്നാൽ, ഡി.ജി.പിയോട് അന്വേഷിക്കാൻ പറഞ്ഞു. സത്യസന്ധമായ റിപ്പോർട്ടാണ് ഡി.ജി.പി തയാറാക്കിയത്. പി.വി. അൻവർ മുഖ്യമന്ത്രിയെ വിമർശിക്കുന്ന പൊതുസമ്മേളനം നടക്കുന്ന സമയത്താണ് ചെറിയ വകുപ്പ് മാറ്റത്തിനായി ഉത്തരവ് പുറപ്പെടുവിച്ചത്. ഇതെല്ലാം പ്ലാൻ ചെയ്ത് നടപ്പാക്കിയതാണ്.
പാലക്കാട്, ചേലക്കര നിയമസഭ ഉപ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിനും ബി.ജെ.പിക്കും ഡീൽ ഉണ്ടാക്കേണ്ടതുണ്ട്. പാലക്കാടും ചേലക്കരയിലും വോട്ട് മറിക്കാനുള്ള ഡീലിന് പിന്നിൽ എ.ഡി.ജി.പിയാണെന്ന് പി.വി. അൻവർ ഇന്ന് പറഞ്ഞിട്ടുണ്ട്. അത് ശരിയാവാനാണ് സാധ്യത. വരും തെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫ്-ബി.ജെ.പി കൂട്ടുക്കെട്ടിനെയാണ് യു.ഡി.എഫ് നേരിടുകയെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.