‘ഡി.ജി.പിക്ക് സ്വതന്ത്ര അന്വേഷണത്തിന് അവസരം നൽകിയാൽ വിരോധമില്ല’; എ.ഡി.ജി.പി-ആർ.എസ്.എസ് കൂടിക്കാഴ്ചയെക്കുറിച്ച് കെ. മുരളീധരൻ
text_fieldsകൊല്ലം: എ.ഡി.ജി.പി-ആർ.എസ്.എസ് കൂടിക്കാഴ്ചയെ കുറിച്ച് ഡി.ജി.പിക്ക് സ്വതന്ത്ര അന്വേഷണത്തിന് അവസരം നൽകുകയാണെങ്കിൽ വിരോധമില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റേത്. അന്വേഷണ റിപ്പോർട്ട് വരുന്നതുവരെ കാത്തിരിക്കാൻ തയാറാണെന്നും മുരളീധരൻ പറഞ്ഞു.
തൃശൂർ പൂരം കലക്കിയ സംഭവത്തിൽ ജൂഡീഷ്യൽ അന്വേഷണം നടത്തണമെന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും മുരളീധരൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ യു.ഡി.എഫ് പിന്നോട്ടില്ല. ഈ വിഷയത്തിലെ തുടരന്വേഷണം പ്രഹസനമാണ്.
എല്ലാം നടന്നത് മുഖ്യമന്ത്രിയുടെ ഇംഗിതത്തിലാണ്. ജൂഡീഷ്യൽ അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തുവരൂ. ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിയുടെ ഇഷ്ടത്തിനനുസരിച്ച് റിപ്പോർട്ട് നൽകും. ഡി.ജി.പിയും എ.ഡി.ജി.പിയും തമ്മിൽ മാനസിക അകൽച്ചയുണ്ട്. എ.ഡി.ജി.പിയുടെ കാര്യത്തിൽ ശക്തമായ നിലപാട് ഡി.ജി.പി എടുക്കുമോ എന്ന് നിരീക്ഷിക്കുകയാണെന്നും കെ. മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
എ.ഡി.ജി.പി എം.ആർ അജിത് കുമാറും ആർ.എസ്.എസ് നേതാക്കളും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിട്ടത്. എ.ഡി.ജി.പിക്കെതിരായ പി.വി അൻവർ എം.എൽ.എയുടെ ആരോപണങ്ങൾ അന്വേഷിക്കുന്ന സംഘം തന്നെയാവും ഈ ആരോപണവും അന്വേഷിക്കുക.
എ.ഡി.ജി.പിയുടെ സുഹൃത്തായ ആർ.എസ്.എസ് നേതാവ് ജയകുമാറിന്‍റെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും. കൂടാതെ, എ.ഡി.ജി.പിക്കൊപ്പമുണ്ടായിരുന്നവരുടെ മൊഴിയും രേഖപ്പെടുത്തും.
2023 മെയ് മാസത്തിൽ ആർ.എസ്.എസ് നേതാക്കളുമായി എ.ഡി.ജി.പി ചർച്ച നടത്തിയെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചത്. ആർ.എസ്.എസ് നേതാവുമായുള്ള കൂടിക്കാഴ്ച എ.ഡി.ജി.പി സ്ഥിരീകരിക്കുകയും ചെയ്തു. ഇക്കാര്യം സ്പെഷ്യൽ ബ്രാഞ്ചിന് അറിയാമായിരുന്നുവെന്ന് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇതിന് പിന്നാലെ കോവളത്തെ സ്വകാര്യ ഹോട്ടലിൽ ആർ.എസ്.എസ് നേതാവ് റാം മാധവിനെ എ.ഡി.ജി.പി സന്ദർശിച്ചു. 10 ദിവസത്തെ ഇടവേളയിലാണ് ഈ രണ്ട് സംഭവങ്ങളും നടന്നതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് ഇടത് എം.എൽ.എയായ പി.വി അൻവറും സമാനമായ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.