സി.പി.എം സെമിനാറിൽ ലീഗ് പങ്കാളിത്തം: കോൺഗ്രസിന് ആശങ്കയില്ലെന്ന് കെ. മുരളീധരൻ
text_fieldsകോഴിക്കോട്: ഏക സിവിൽ കോഡ് വിഷയത്തിലുള്ള സി.പി.എം സെമിനാറിൽ മുസ് ലിം ലീഗ് പങ്കെടുക്കുമോ എന്ന കാര്യത്തിൽ കോൺഗ്രസിന് ആശങ്കയില്ലെന്ന് കെ. മുരളീധരൻ എം.പി. ലീഗിനെ അടർത്തിമാറ്റാനാണ് സി.പി.എം ശ്രമിക്കുന്നത്. സെമിനാറിൽ പങ്കെടുക്കുന്ന കാര്യത്തിൽ സമസ്തക്ക് സ്വതന്ത്ര നിലപാട് സ്വീകരിക്കാമെന്നും മുരളീധരൻ വ്യക്തമാക്കി.
ദിനംപ്രതി മനുഷ്യരെ വെട്ടിയും വെടിവെച്ചും കൊല്ലുന്ന മണിപ്പൂർ കലാപത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് യാതൊരു ആശങ്കയുമില്ല. ലണ്ടൻ സന്ദർശനം നടത്തിയ ഗോവിന്ദൻ നല്ല കാഴ്ചകളൊന്നും കണ്ടില്ല. ക്രിസ്ത്യൻ പള്ളികളിൽ ആളുകൾ പ്രാർഥിക്കാൻ പോകുന്നില്ല, കന്യാസ്ത്രീകളുടെ ജീവിതം തുടങ്ങിയ കാര്യങ്ങൾ പറഞ്ഞ് ഒരു വിഭാഗത്തെ അപമാനിക്കുന്ന സമീപനമാണ് ഗോവിന്ദൻ സ്വീകരിച്ചത്.
സി.പി.എമ്മിന്‍റെ കൂടെ സമരത്തിന് പോയാൽ പൗരത്വ ഭേദഗതി ബില്ലിൽ സമരത്തിന് പോയതിന്‍റെ അനുഭവം ഉണ്ടാകും. പലരും ഇപ്പോഴും കേസിൽ പ്രതികളാണ്. സി.പി.എം സെമിനാറിൽ യാതൊരു ഗൗരവവും കാണുന്നില്ല. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്‍റെ ഭാഗമായാണ് സെമിനാർ നടത്തുന്നത്. മോദിയുടെ ആയുധമായി കേരളത്തിലെ സി.പി.എം മാറിയെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.