ഉമ്മൻചാണ്ടിയുടെ പരാമർശം വേദനിപ്പിച്ചത് കൊണ്ടാണ് സുധാകരൻ തെളിവ് കാണിച്ചത് -കെ. മുരളീധരൻ
text_fieldsതിരുവനന്തപുരം: ഡി.സി.സി പുനഃസംഘടന സംബന്ധിച്ച മുതിർന്ന നേതാവ് ഉമ്മൻചാണ്ടിയുടെ പ്രസ്താവനക്ക് പ്രതികരണവുമായി കെ. മുരളീധരൻ എം.പി. ചർച്ച നടത്തിയില്ലെന്ന ഉമ്മൻചാണ്ടിയുടെ പരാമർശം കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെ വേദനിപ്പിച്ചെന്ന് മുരളീധരൻ പറഞ്ഞു. പരാമർശം വേദനിപ്പിച്ചത് കൊണ്ടാണ് സുധാകരൻ തെളിവ് കാണിച്ചതെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
വാർത്താസമ്മേളനത്തിൽ സുധാകരൻ ഡയറി ഉയർത്തിക്കാണിച്ചതിൽ തെറ്റില്ല. അത് അദ്ദേഹത്തിന്‍റെ ശൈലിയാണ്. ചർച്ചകൾ നടത്താതെയാണ് തീരുമാനങ്ങൾ എടുത്തതെന്ന് പറഞ്ഞപ്പോൾ അതല്ലെന്ന് തെളിയിക്കാൻ വേണ്ടിയാണ് അദ്ദേഹം ഡയറി കാണിച്ചത്. താനായിരുന്നുവെങ്കിൽ ഡയറി ഉയർത്തി കാണിക്കില്ലായിരുന്നു. എന്നാൽ എല്ലാ ശൈലികളും കോൺഗ്രസിന് ആവശ്യമാണ്.
കോൺഗ്രസിൽ ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞു. കോൺഗ്രസിലേക്ക് യുവാക്കൾ വരട്ടെ. സീനിയർ നേതാക്കന്മാരെയും പാർട്ടിയിൽ പരിഗണിക്കണം. ഉമ്മൻചാണ്ടിയും ചെന്നിത്തലയും പറയുന്നത് തീർച്ചയായും പരിഗണിക്കും. പ്രായമായവരെ വൃദ്ധസദനത്തിലേക്ക് അയക്കാനും പാടില്ലെന്നത് പുതിയ തലമുറയുടെ ഉത്തരവാദിത്തമാണ്.
കെ.പി.സി.സി ഭാരവാഹി പട്ടിക വരുമ്പോൾ എ.വി ഗോപിനാഥിന് പരിഗണന ലഭിക്കും. നിലവിലുള്ള അപശബ്ദങ്ങളെ പരിഹരിച്ച് പാർട്ടിക്ക് മുന്നോട്ട് പോകാൻ കഴിയുമെന്നും മുരളീധരൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.