തരൂരിന് നല്ലത് ദേശീയ രാഷ്ട്രീയമാണ്, ഇവിടെ ഞങ്ങളൊക്കെ പോരെയെന്ന് കെ.മുരളീധരൻ; 'തിരുവനന്തപുരത്ത് ജയിച്ചത് കോൺഗ്രസ് ആയതുകൊണ്ടാണ് '
text_fieldsതിരുവനന്തപുരം: കോൺഗ്രസ് പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന നീക്കങ്ങൾ തുടർച്ചയായി നടത്തുന്ന ശശി തരൂർ എം.പിക്ക് മറുപടിയുമായി നേതാക്കൾ രംഗത്ത്.
പാർട്ടിയാണ് സ്ഥാനാർഥിയാക്കിയതെന്നും പ്രവർത്തകരാണ് തെരഞ്ഞെടുപ്പിൽ പണിയെടുത്തതെന്നും മറക്കരുതെന്നാണ് കെ.മുരളീധരന്റെ പ്രതികരണം.
എല്ലാ തെരഞ്ഞെടുപ്പിനും എല്ലാവരും ജയിക്കുന്നത് പാർട്ടി വോട്ടുകൾക്ക് അതീതമായ വോട്ടുകൾ കൊണ്ടാണ്. ആ വോട്ടുകൾ സമാഹരിക്കുന്ന പാർട്ടി പ്രവർത്തരാണ്. അവർ പണിയെടുക്കുമ്പോഴാണ് വിജയിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു. കേരളത്തിൽ നേതൃക്ഷാമമുണ്ടെന്ന തരൂരിന്റെ പരാമർശവും അദ്ദേഹം തള്ളി. കേരളത്തിൽ ഒരു കാലത്തും നേതൃക്ഷാമമുണ്ടായിട്ടില്ല. എല്ലാവരും നേതൃസ്ഥാനത്തിരിക്കാൻ യോഗ്യരാണെന്നും അദ്ദേഹം പറഞ്ഞു.
തരൂരിന്റെ പാർട്ടികതീതമായ സ്വാധീമാണ് തിരുവനന്തപുരം നഷ്ടപ്പെടാതിരിക്കാൻ കാരണമെന്ന വാദത്തെയും അദ്ദേഹം തള്ളി. തരൂർ കോൺഗ്രസായത് കൊണ്ടാണ് ജയിച്ചത്. 84ലും 89ലും 91ലും തിരുവനന്തപുരത്ത് നിന്ന് തുടർച്ചയായി ജയിച്ചത് എ.ചാൾസാണ്. കോൺഗ്രസ് ആയതുകൊണ്ടാണ് ജയിച്ചതെന്ന് മുരളീധരൻ പറഞ്ഞു.
അതേസമയം, ആരും പാർട്ടി വിട്ടുപോകരുതെന്നാണ് തനിക്ക് പറയാനുള്ളതെന്നും തരൂരിന്റെ മനസിലെന്താണെന്ന് അറിയില്ല. അത് തിരിച്ചറിഞ്ഞ് പരിഹരിക്കാൻ പാർട്ടി നേതൃത്വം തയാറാവണമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. ഇന്നത്തെ രാഷ്ട്രീയ കാലവസ്ഥയിൽ അദ്ദേഹത്തിന്റെ സേവനം പാർട്ടിക്ക് ആവശ്യമാണ്. അന്താരാഷ്ട്ര വിഷയങ്ങൾ നല്ല അറിവുള്ളയാണ്. അത്തരം ചർച്ചകളിൽ പങ്കെടുത്ത് പാർലമന്റെിൽ മറ്റുള്ളവരേക്കാൾ നമ്മായി സംസാരിക്കാൻ അദ്ദേഹത്തിന് കഴിവുണ്ട്. അദ്ദേഹത്തിന് കൂടുതൽ മികവ് പുലർത്താനകുക ദേശീയ രാഷ്ട്രീയത്തിലാണ്. ഇവിടെ ഞങ്ങളെ പോലുള്ള സാധാരണക്കാരൊക്കെ പോരെയെന്നും മുരളീധരൻ ചോദിച്ചു.
എൽ.ഡി.എഫ് സർക്കാറിന്റെ വികസനത്തെ പുകഴ്ത്തി ലേഖന എഴുതിയതിന് പിന്നാലെയാണ് കോൺഗ്രസിന് തന്നെ ആവശ്യമില്ലെങ്കിൽ മറ്റ് വഴികളുണ്ടെന്ന് ശശി തരൂർ എം.പി പറയുന്നത്. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
കോൺഗ്രസിന് പരമ്പരാഗതമായി ലഭിക്കുന്ന വോട്ടുകൾക്കപ്പുറത്തുള്ള പിന്തുണ പാർട്ടിക്ക് കിട്ടണം. തനിക്ക് ലഭിക്കുന്നത് അത്തരത്തിലൊരു പിന്തുണയാണ്. സ്വാധീനം വർധിപ്പിക്കാൻ കോൺഗ്രസ് ശ്രമിച്ചില്ലെങ്കിൽ പാർട്ടിക്ക് മൂന്നാമതും പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരുമെന്നും ശശി തരൂർ മുന്നറിയിപ്പ് നൽകുന്നു.
തിരുവനന്തപുരം മണ്ഡലത്തിൽ ആളുകൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ താൻ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നു. ഇത് പാർട്ടിക്കപ്പുറത്തുള്ള പിന്തുണ തനിക്ക് കിട്ടുന്നതിന് കാരണമാകുന്നുവെന്നും അത്തരമൊന്നാണ് പാർട്ടിക്ക് 2026 തെരഞ്ഞെടുപ്പിൽ വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതേക്കാര്യം യു.ഡി.എഫിലെ മറ്റ് കക്ഷികളും തന്നോട്ട് പറഞ്ഞിട്ടുണ്ട്. ഇത് ഉറപ്പാക്കേണ്ടത് തന്റെ ഉത്തരവാദിത്തമല്ല. എങ്കിലും പാർട്ടിക്ക് മുമ്പാകെ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുവെന്ന് മാത്രം. കോൺഗ്രസിൽ ഒരു നേതാവിന്റെ അഭാവമുണ്ടെന്ന് പ്രവർത്തകർ കരുതുന്നതായും ശശി തരൂർ പറഞ്ഞു.
പല സ്വതന്ത്ര ഏജൻസികളും താനാണ് നേതാവാകാൻ യോഗ്യനെന്ന് പ്രവചിച്ചിട്ടുണ്ട്. പാർട്ടിക്ക് വേണമെങ്കിൽ തന്നെ ഉപയോഗിക്കാം. അല്ലെങ്കിൽ തനിക്ക് സ്വന്തമായ വഴിയുണ്ട്. എനിക്ക് മറ്റുവഴികളില്ലെന്ന് ചിന്തിക്കരുത്. പുസ്തകമെഴുത്, പ്രസംഗം തുടങ്ങി തനിക്ക് മറ്റ് പല വഴികളുമുണ്ടെന്നും ശശി തരൂർ പറഞ്ഞു.
നരേന്ദ്ര മോദിയേയും പിണറായി വിജയനേയും പ്രശംസിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് ഇടുങ്ങിയ രാഷ്ട്രീയചിന്താഗതിയല്ല തനിക്കുള്ളത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. രാഷ്ട്രീയ പ്രത്യാഘാതം ആലോചിച്ചല്ല താൻ പ്രസ്താവന നടത്താറ്. എനിക്ക് ബോധ്യമുള്ള കാര്യമാണെങ്കിൽ അഭിപ്രായം പറയും. കേരളത്തിലെ ഭൂരിപക്ഷം ആളുകളും രാഷ്ട്രീയപാർട്ടിയുടെ ആളുകളല്ല. നല്ലത് ചെയ്താൽ നല്ലതെന്നും മോശമായത് കണ്ടാൽ മോശമെന്നും അവർ പറയുമെന്നും ശശി തരൂർ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.