ദൈവങ്ങളെ തെരഞ്ഞെടുപ്പിന് ഉപയോഗിക്കാൻ ശ്രമം -മുരളീധരൻ
text_fieldsതിരുവനന്തപുരം: കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നവർ ദൈവങ്ങളെ തെരഞ്ഞെടുപ്പിനായി ഉപയോഗിക്കുകയാണെന്ന് കെ.പി.സി.സി പ്രചാരണവിഭാഗം ചെയർമാൻ കെ. മുരളീധരൻ എം.എൽ.എ. ഇപ്പോഴാണ് ബി.ജെ.പിക്കാൻ ശ്രീരാമനെ ഒാർത്തത്. ശബരിമല തീർഥാടകർക്ക് എന്തിനാണ് പൊലീസ് പാസെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ചോദിച്ചു.
ശബരിമലക്ക് പോകുന്ന സ്ത്രീകൾ ഇരുമുടിക്കെട്ടിനൊപ്പം ആധാറും കരുതേണ്ട അവസ്ഥയാണ്. സന്നിധാനത്ത് അയ്യപ്പന്മാർ തങ്ങരുതെന്നാണ് സർക്കാർ പറയുന്നത്. അപ്പോൾ നെയ്യ്തേങ്ങ എന്ത് ചെയ്യണമെന്ന് കൂടി പറയണം. സർക്കാർ കൊണ്ടുവരുന്ന പരിഷ്കാരങ്ങൾ വിഡ്ഡിത്തത്തിലേക്ക് പോകുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ളയും പറയുന്നത് ഒന്നാണ്. ശബരിമല പ്രശ്നം അവസാനിച്ചാൽ കോൺഗ്രസിന് ഇടമുണ്ടാകില്ലെന്നാണ് ഇരുവരും പറയുന്നത്. ജില്ലകൾ തോറും സഞ്ചരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ബി.ജെ.പിക്ക് ആളെചേർക്കുകയാണ്.
അടുത്തയാഴ്ച മണ്ഡലകാലം ആരംഭിക്കുകയാണ്. ധാർഷ്ട്യം വെടിഞ്ഞ് സർക്കാർ കാര്യങ്ങൾ മനസ്സിലാക്കണം. നിലപാട് മാറ്റാൻ കഴിയുന്നില്ലെങ്കിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് സാവകാശം ചോദിക്കണം. സർവകക്ഷിയോഗം വിളിച്ചുകൂട്ടി സാഹചര്യങ്ങൾ ചർച്ചചെയ്യണം. സാധാരണ മണ്ഡലകാലത്തിന് മുമ്പ് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ മുഖ്യമന്ത്രി നേരിട്ട് പമ്പയിലോ സന്നിധാനേത്താ ഉന്നതതലയോഗം വിളിക്കാറുണ്ട്. ഇത്തവണ അതുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസം സംരക്ഷിക്കുക, വർഗീയത തുരുത്തുക എന്ന മുദ്രാവാക്യവുമായി കെ.പി.സി.സി ആവിഷ്കരിച്ച പദയാത്ര 11ന് രാവിലെ 10ന് പാളയത്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. 15ന് പത്തനംതിട്ടയിൽ യാത്ര സമാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.