വീട്ടുകാർ സംസാരിക്കുന്നിടത്ത് കുശിനിക്കാർ സംസാരിക്കേണ്ട -കെ. മുരളീധരൻ
text_fieldsതിരുവനന്തപുരം: കെ. മുരളീധരന്‍റെ പ്രസ്താവനക്ക് പിന്നാലെ കോൺഗ്രസിൽ കലഹം രൂക്ഷമാകുന്നു. പാര്‍ട്ടി നേതൃത്വത്തിന് എതിരെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മുരളീധരൻ ആവർത്തിച്ചു. തന്‍റെ പ്രസ്താവനയെ എതിർത്ത് രംഗത്തെത്തിയ രാജ് മോഹൻ ഉണ്ണിത്താനെയും അദ്ദേഹം രൂക്ഷ ഭാഷയിൽ വിമർശിച്ചു. വീട്ടുകാർ സംസാരിക്കുന്നിടത്ത് കുശിനിക്കാർ സംസാരിക്കേണ്ട. താൻ അനാശാസ്യ കേസിൽ പ്രതിയായി പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയിട്ടില്ല. പ്രതിപക്ഷത്തെക്കുറിച്ച് മുമ്പ് പറഞ്ഞ അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും കെ. മുരളീധരൻ വ്യക്തമാക്കി.
പാർട്ടിക്ക് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പ്രസിഡന്‍റ് പറയും. അതിനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. പാർട്ടി നിലപാട് പറയേണ്ടത് കെ.പി.സി.സി പ്രസിഡന്‍റാണ്. പാർട്ടി പ്രസിഡന്‍റിനു പകരം മറ്റുള്ളവർ കുരക്കേണ്ട. അങ്ങനെ കുരച്ചാൽ പരമപുച്ഛത്തോടെ തള്ളിക്കളയുമെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം, നേതൃത്വത്തിനെതിരായ കെ മുരളീധരന്‍റെ പ്രസ്താവക്ക് പിന്തുണ നല്‍കി എ ഗ്രൂപ്പ് രംഗത്തെത്തി. മുരളിക്കെതിരെ രാജ്മോഹന്‍ ഉണ്ണിത്താന്‍ നടത്തിയ പരാമര്‍ശത്തില്‍ അതൃപ്തി രേഖപ്പെടുത്തി എ ഗ്രൂപ്പ് കെ.പി.സി.സി അധ്യക്ഷന് കത്ത് നല്‍കി. ഉണ്ണിത്താനെതിരെ നടപടി വേണമെന്നും എ ഗ്രൂപ്പ് കത്തില്‍ ആവശ്യപ്പെട്ടു. ഉണ്ണിത്താന്‍റെ അഭിപ്രായം കെ.പി.സി.സിയുടെ അഭിപ്രായമാണോ എന്ന് വ്യക്തമാക്കണമെന്നും കെ.സി ജോസഫ് വി.എം. സുധീരനയച്ച കത്തില്‍ ആവശ്യപ്പെടുന്നു. മുരളിക്ക് പിന്തുണ നല്‍കുന്നവരെ കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്നും കത്തില്‍ പറയുന്നുണ്ട്.
മുരളീധരന്‍ എതിരാളികളുടെ കൈയില്‍ ആയുധം വെച്ചുകൊടുക്കുകയാണെന്നാണ് മുരളീധരന്റെ പ്രസ്താവനയോട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചത്. പാര്‍ട്ടി വിട്ടുപോയ മുരളീധരനെ തിരിച്ചെടുത്തത് കോണ്‍ഗ്രസാണെന്നും മുരളീധരന്‍ ഇപ്പോള്‍ പാലു കൊടുത്ത കൈക്ക് കൊത്തുകയാണെന്നും ഉണ്ണിത്താന്‍ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.