വിജിലൻസ് തത്തക്ക് ഞരമ്പ് രോഗമെന്ന് കെ മുരളീധരൻ
text_fieldsകണ്ണൂർ: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെ രൂക്ഷ ഭാഷയിൽ വിമർശിച്ച് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ എം.എൽ.എ. വിജിലൻസിന് ഞരമ്പ് രോഗമാണെന്ന് അദ്ദേഹം പരിഹസിച്ചു. കേന്ദ്രസംസ്ഥാന സർക്കാറുകൾക്കെതിരെ യു.ഡി.എഫ് നടത്തിയ ധർണ കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരൻ.
ആളുകളെ ദ്രോഹിക്കുന്നതാണ് ഞരമ്പ് രോഗത്തിന്റെ പ്രധാന ലക്ഷണം. കെ.ബാബു, കെ.സി.ജോസഫ്, ഉമ്മൻ ചാണ്ടി തുടങ്ങിയവരെയൊക്കെ തത്ത ദ്രോഹിച്ചതിന് കണക്കില്ല. ബാർ കോഴ കേസുകളുടെ ത്വരിതപരിശോധന റിപ്പോർട്ടുകൾ ഒന്നും ഇപ്പോഴില്ല. രാഷ്ട്രീയക്കാരെ കിട്ടില്ലെന്ന് മനസിലാക്കി തത്ത ഐ.എ.എസ് ഉദ്യോഗസ്ഥർക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്നും കെ.മുരളീധരൻ പറഞ്ഞു.
യു.ഡി.എഫ് പൂർത്തിയാക്കിയ പദ്ധതികൾ ഉദ്ഘാടനം ചെയ്യുക മാത്രമാണ് ഇപ്പോൾ ഇടതുമന്ത്രിമാരുടെ ജോലി. പുതിയതായി ഒരു തറക്കല്ലു പോലും ഇടുന്നില്ല. ഗാന്ധിജിയെ മാറ്റി പകരം മോദി ഇരിക്കുകയാണ്. ഗാന്ധിജിയെ മാറ്റി പകരം ഇ.എം.എസിനെയാണ് പിണറായി തൽസ്ഥാനത്ത് വെക്കുന്നത്. കുറച്ചു കാലം കഴിഞ്ഞാൽ ഇ.എം.എസിനെ മാറ്റി പിണറായി അവിടെ കേറിയിരിക്കുമെന്നും മുരളീധരൻ പറഞ്ഞു.
ലോക്നാഥ് ബെഹ്റയെ ഡി.ജി.പിയാക്കാൻ തീരുമാനിച്ചതു മോദി – പിണറായി കൂടിക്കാഴ്ചക്ക് ശേഷമാണ്. കോൺഗ്രസിനോടു മാത്രമേ മോദിക്കു വിരോധമുള്ളു. കേന്ദ്രസർക്കാർ നോട്ട് നിരോധിച്ചുവെങ്കിൽ, മറ്റൊരു സർക്കാർ റേഷൻ നിരോധിച്ചു. ഒരാൾ കുർത്തയണിയുന്നു, മറ്റൊരാൾ മുണ്ടുടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയിലേക്ക് ബി.ജെ.പിയുടേതു താൽക്കാലിക വിജയം മാത്രമാണ്. എല്ലായിടത്തും തോറ്റ ഒരാളുടെ ജയിക്കണമെന്ന അവസാനത്തെ ആഗ്രഹം ജനം സാധിപ്പിച്ചു കൊടുത്തുവെന്നും മുരളീധരൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.