കോൺഗ്രസ് ക്യാമ്പുകളിൽ മൊബൈൽ ജാമർ വെക്കണം, പാര വെക്കുന്നവരെ പാര്‍ട്ടിക്ക് വേണ്ട -കെ. മുരളീധരൻ
text_fieldsതിരുവനന്തപുരം: കോണ്‍ഗ്രസില്‍ ശീലങ്ങള്‍ മാറണമെന്ന് കെ. മുരളീധരന്‍ എം.പി. പാർട്ടിയോഗങ്ങളില്‍ കർക്കശമായി അഭിപ്രായം പറയാം. എന്നാല്‍, പരസ്യ പ്രസ്താവനകൾ പാടില്ലെന്നും അത് പാര്‍ട്ടിയെ തകര്‍ക്കുമെന്നും മുരളീധരന്‍ പറഞ്ഞു. അച്ചടക്ക നടപടി താനടക്കം എല്ലാവർക്കും ബാധകമാണ്. കോൺഗ്രസ് ക്യാമ്പുകളിൽ മൊബൈൽ ജാമറുകൾ വെക്കണമെന്നും മുരളീധരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ഡി.സി.സി സംഘടിപ്പിച്ച ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു കെ. മുരളീധരൻ.
സ്ഥാനാർഥിയെ വിജയിപ്പിക്കാൻ ശ്രമിക്കുന്നതിന് പകരം പാര വെക്കുന്നവരെ പാർട്ടിക്ക് ആവശ്യമില്ല. വട്ടിയൂർക്കാവ് സ്ഥാനാർഥിക്ക് തെക്ക് വടക്ക് ഓടേണ്ടി വന്നുവെന്നും മുരളീധരന്‍ പറഞ്ഞു.
ഏത് നിലപാട് സ്വീകരിക്കാനും കഴിവുള്ള ആളാണ് പിണറായി. ഏത് ജാതി മത സമവാക്യങ്ങളും ഒരുമിച്ച് കൊണ്ട് പോകാൻ പിണറായിക്ക് കഴിയും. കെ. കരുണാകരന് ശേഷം ആ അഭ്യാസം വഴങ്ങുന്നത് പിണറായിക്കാണ് -മുരളീധരന്‍ പറഞ്ഞു.
സി.പി.എമ്മിനെയും ബി.ജെ.പിയെയും ഇന്നലെ വരെ പയറ്റിയ ആയുധം വെച്ച് നേരിടാനാവില്ല. അതിന് മൂർച്ഛയുള്ള ആയുധം വേണം. അതിന് ഒരുമിച്ച് നിൽക്കണം. ഫുൾ ടൈം പ്രവർത്തകരായ പാർട്ടി ഭാരവാഹികളുണ്ടാവണം. പറയുമ്പോൾ കൈയ്യടിക്കാൻ ആളുണ്ടാവുകയും, വോട്ട് ചെയ്യുമ്പോൾ ഇതില്ലാത്തതുമാണ് പാർട്ടിയിലെ അവസ്ഥ. അത് മാറണം.
പാലാ ബിഷപ്പിന്‍റെ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട് സി.പി.എമ്മിന് സ്വന്തമായി നിലപാടില്ല. രണ്ട് വിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാകുമ്പോൾ രണ്ടു പേരെയും ഒരു മേശയ്ക്ക് ചുറ്റുമിരുത്തി മുഖ്യമന്ത്രി ചർച്ച ചെയ്യണമായിരുന്നു. എന്നാല്‍ അങ്ങനെയൊന്നുണ്ടായില്ല.
സ്റ്റാൻ സ്വാമിയെ കൊന്നവരാണ് ഇപ്പോൾ ബിഷപ്പിനെ പിന്തുണയ്ക്കുന്നത്. ബി.ജെ.പിക്ക് വളരാൻ സി.പി.എം അവസരമുണ്ടാക്കുന്നുവെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.