കെ. സുധാകരന് പാർട്ടി നയിക്കാനുള്ള ആരോഗ്യമുണ്ട്; കെ.പി.സി.സി അധ്യക്ഷനെ മാറ്റേണ്ടതില്ലെന്ന് കെ. മുരളീധരൻ
text_fieldsതിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷനെ മാറ്റാൻ നീക്കം ശക്തമായിരിക്കെ കെ. സുധാകരന് പിന്തുണയുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ രംഗത്ത്. കെ. സുധാകരന് പാർട്ടി നയിക്കാനുള്ള ആരോഗ്യമുണ്ടെന്നും കെ.പി.സി.സി അധ്യക്ഷനെ മാറ്റേണ്ട രാഷ്ട്രീയ സാഹചര്യം ഇപ്പോഴില്ലെന്ന് മുരളീധരൻ വ്യക്തമാക്കി.
ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച് കെ.പി.സി.സി അധ്യക്ഷൻ ഭൂരിപക്ഷം വർധിപ്പിച്ചതാണ്. അതിനാൽ മാറ്റത്തിന്‍റെ ആവശ്യമുണ്ടെന്ന് തനിക്ക് തോന്നുന്നില്ല. ഭാരവാഹി പട്ടിക പുനഃസംഘടിപ്പിച്ച് യുവാക്കളുടെ പ്രാതിനിധ്യം വർധിപ്പിക്കാൻ സാധിക്കും. യുവാക്കൾക്ക് മുൻതൂക്കം നൽകണമെന്നാണ് എല്ലാവരുടെയും അഭിപ്രായമെന്നും മുരളീധരൻ വ്യക്തമാക്കി.
ലോക്സഭ തെരഞ്ഞെടുപ്പിൽ 20ൽ 19 സീറ്റുകളിലും ഉപതെരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റുകൾ വലിയ ഭൂരിപക്ഷത്തിലും യു.ഡി.എഫ് നിലനിർത്തി. ചേലക്കര മണ്ഡലത്തിൽ എൽ.ഡി.എഫിന്‍റെ ഭൂരിപക്ഷം കുറക്കാൻ കഴിഞ്ഞു. അതിനാൽ ലീഡർഷിപ്പ് മാറ്റത്തിന്‍റെ ആവശ്യം ഇപ്പോഴില്ലെന്നും കെ. മുരളീധരൻ വ്യക്തമാക്കി.
തൃശൂർ ഡി.സി.സിയിൽ പുതിയ അധ്യക്ഷനെയും ജില്ലയിൽ യു.ഡി.എഫ് ചെയർമാനെയും അടിയന്തരമായി നിയമിക്കണം. ഈ വിഷയത്തിൽ ഉടൻ തീരുമാനം എടുക്കണം.
മുനമ്പത്ത് താമസിക്കുന്നവരെ ഒഴിപ്പിക്കരുതെന്നാണ് കോൺഗ്രസിന്‍റെയും യു.ഡി.എഫിന്‍റെയും നിലപാടെന്ന് മുരളീധരൻ വ്യക്തമാക്കി. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് സംസ്ഥാന സർക്കാരാണ്. വഖഫ് അടക്കമുള്ളവരെ വിളിച്ച് പ്രശ്നം പരിഹരിക്കേണ്ടത് സർക്കാരാണെന്നും മുരളീധരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.