'എം.കെ. രാഘവൻ പറഞ്ഞത് പ്രവർത്തകരുടെ പൊതുവികാരം; പാർട്ടിയിൽ മിണ്ടാതിരുന്നാലാണ് ഗ്രേസ് മാർക്ക്'
text_fieldsകോഴിക്കോട്: കെ.പി.സി.സി നേതൃത്വത്തിനെതിരെ വിമർശനമുന്നയിച്ച എം.കെ. രാഘവൻ എം.പിക്ക് പിന്തുണയുമായി കെ. മുരളീധരൻ എം.പി. എം.കെ. രാഘവൻ പറഞ്ഞത് പ്രവർത്തകരുടെ പൊതുവികാരമാണെന്നും പാര്‍ട്ടിക്കുള്ളിൽ മതിയായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും മുരളീധരൻ പറഞ്ഞു.
പാർട്ടിയിൽ ഇപ്പോൾ പരസ്പര ചർച്ച നടക്കുന്നില്ല. മിണ്ടാതിരുന്നാൽ ഗ്രേസ് മാർക്ക് എന്നതാണ് അവസ്ഥ. ഡി.സി.സി പ്രസിഡന്റ് റിപ്പോർട്ടുമായി ബന്ധപ്പെട്ടു നടത്തിയ പരസ്യ പ്രതികരണം തെറ്റാണ്. കെ.പി.സി.സി അധ്യക്ഷൻ റിപ്പോർട്ട് ചോദിച്ചതിൽ തെറ്റില്ല. പക്ഷേ, ഡി.സി.സി പ്രസിഡന്റ് അത് പരസ്യപ്പെടുത്തരുതായിരുന്നു -മുരളീധരൻ പറഞ്ഞു.
വിയോജിപ്പും വിയോജനക്കുറിപ്പും വിമർശനവുമൊന്നും പറ്റാത്ത, വാഴ്ത്തലും പുകഴ്ത്തലും മാത്രമായ കാലഘട്ടത്തിലാണ് കോൺഗ്രസെന്ന് സംശയിക്കുന്നുവെന്നാണ് എം.കെ. രാഘവൻ എം.പി കഴിഞ്ഞ ദിവസം വിമർശിച്ചത്. സ്ഥാനവും മാനവും വേണമെങ്കില്‍ മിണ്ടാതിരിക്കണമെന്നതാണ് കോണ്‍ഗ്രസിലെ സാഹചര്യമെന്ന് പറയേണ്ടിവന്നതിൽ ദുഃഖമുണ്ട്. ഉപയോഗിക്കുക, വലിച്ചെറിയുക എന്ന രീതിയാണിപ്പോൾ. സമീപകാലത്തെ ഒരുപാട് സംഭവങ്ങൾ ഈ അഭിപ്രായത്തിന് കാരണമാണ്. പാർട്ടിയിൽ തെരഞ്ഞെടുപ്പ് ഒരിക്കലും നടക്കുമെന്ന് വിശ്വസിക്കുന്നയാളല്ല താൻ. ലീഗിൽ പോലും തെരഞ്ഞെടുപ്പ് നടന്നു. സ്വന്തമായും സ്വന്തക്കാരുടെയും ലിസ്റ്റ് ഉണ്ടാക്കുന്നതിനപ്പുറം പാർട്ടിയുടെ വളർച്ചക്കും ഗുണപരമായ മാറ്റത്തിനും ആളുകളെ കൊണ്ടുവരുന്നില്ലെങ്കിൽ നാളെ നാമെവിടെയെത്തുമെന്ന് ആലോചിക്കണം -രാഘവൻ പറഞ്ഞു.
പിന്നാലെ, എം.കെ. രാഘവനെതിരെ വിമർശനവുമായി കെ.സി. വേണുഗോപാല്‍ രംഗത്തെത്തിയിരുന്നു. അഭിപ്രായം പറയേണ്ടത് പാര്‍ട്ടി വേദികളിലാണെന്ന് അദ്ദേഹം പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങളൊക്കെ ഒരു മേശക്ക് ചുറ്റും ഇരുന്ന് രമ്യമായി പരിഹരിക്കുന്ന രീതിയാണ് കോണ്‍ഗ്രസിന്. അഭിപ്രായവ്യത്യാസം പരിഹരിച്ച് മുന്നോട്ടു പോകുമെന്നും ഏതെങ്കിലും പ്രസ്താവനയില്‍ വിവാദം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.