മുരളീധരന്‍റെ തോൽവി: തൃശൂർ ജില്ലയിലെ കോൺഗ്രസ് നേതാക്കളുടെ പേരെടുത്ത് പറഞ്ഞ് പുതിയ പോസ്റ്റർ
text_fieldsതൃശൂർ: യു.ഡി.എഫ് തരംഗത്തിലും തൃശൂരിൽ മുതിർന്ന നേതാവ് കെ. മുരളീധരൻ നേരിട്ട കനത്ത തോൽവിയിലുണ്ടായ പൊട്ടിത്തെറി ജില്ലയിലെ കോൺഗ്രസിൽ പുകയുന്നു. തൃശൂർ ഡി.സി.സി ഓഫീസിനും പ്രസ് ക്ലബ്ബിനും മുമ്പിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. ജില്ലയിലെ കോൺഗ്രസ് നേതാക്കളുടെ പേരെടുത്ത് പറഞ്ഞ് കുറ്റപ്പെടുത്തിയാണ് പുതിയ പോസ്റ്റർ. നേതാക്കൾ ഇടപെട്ട് പോസ്റ്റർ നീക്കം ചെയ്തു.
ഇന്നലെ ഡി.സി.സി. അധ്യക്ഷൻ ജോസ് വള്ളൂരിനെ രാജി ആവശ്യപ്പെട്ട് തൃശൂർ നഗരത്തിൽ യൂത്ത് കോൺഗ്രസിന്‍റെ പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. അതേസമയം, കെ. മുരളീധരന്‍റെ തെരഞ്ഞെടുപ്പ് പരാജയത്തിൽ തൃശൂർ ഡി.സി.സിക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എ. മുഹമ്മദ് ഹാഷിം അടക്കമുള്ളവർ രൂക്ഷ വിമർശനം നടത്തിയിരുന്നു.
സാംസ്കാരിക തലസ്ഥാനത്ത് സംഘ്പരിവാറിന് നട തുറന്ന് കൊടുത്തതിന്‍റെ ഉത്തരവാദിത്തം ഡി.സി.സി. അധ്യക്ഷൻ ജോസ് വള്ളൂരിനും തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ടി.എൻ. പ്രതാപനും അടങ്ങുന്ന സംഘത്തിനാണ്. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇവർ രാജിവെക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
അതിനിടെ, പൊതുപ്രവർത്തനത്തിൽ നിന്ന് മാറിനിൽക്കുകയാണെന്ന കെ. മുരളീധരന്‍റെ നിലപാടിനെ മയപ്പെടുത്താനുള്ള നീക്കം കെ.സി. വേണുഗോപാലും കെ. സുധാകരനും ഉൾപ്പെടെയുള്ളവർ ആരംഭിച്ചിട്ടുണ്ട്. മുരളീധരനെ ആശ്വസിപ്പിക്കാൻ പുതിയ പദവി ഉൾപ്പെടെ കോൺഗ്രസിൽ ചർച്ചയാണ്.
മൂന്നു സാധ്യതകളാണ് മുന്നിലുള്ളത്. വയനാട് രാഹുൽ ഗാന്ധി ഒഴിയുകയാണെങ്കിൽ അവിടെ മത്സരിക്കാം. യു.ഡി.എഫ് കൺവീനർ, കെ.പി.സി.സി പ്രസിഡന്‍റ് പദവികളാണ് പിന്നെയുള്ളത്. സംസ്ഥാന രാഷ്ട്രീയത്തിൽ നിലയുറപ്പിക്കാൻ ആഗ്രഹിക്കുന്ന മുരളിക്ക് അതിൽ താൽപര്യവുമുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
മുസ്ലിം ലീഗ് ഉൾപ്പെടെ സഖ്യകക്ഷികളുടെ പിന്തുണയും മുരളീധരനുണ്ട്. കോൺഗ്രസ് നേതൃത്വം മുരളിയെ നിരാശപ്പെടുത്തരുതെന്ന പ്രതികരണവുമായി പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്തുവന്നിട്ടുണ്ട്. വടകരയിൽ ജയിക്കാമെന്ന വിശ്വാസത്തിലായിരുന്ന മുരളീധരനെ രായ്ക്കുരാമായനമാണ് തൃശൂരിലേക്ക് മാറ്റിയത്. നേതൃത്വം പറഞ്ഞപ്പോൾ നേമത്തും വടകരയിലും ഇപ്പോൾ തൃശൂരിലും ധീരമായി വെല്ലുവിളി ഏറ്റെടുത്ത പോരാളിയെന്ന പ്രതിച്ഛായയാണ് കെ. മുരളീധരന് പൊതുവിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.