കേരളത്തിൽ ബി.ജെ.പിക്കുണ്ടാവുക കോഴിമുട്ടയുടെ ആകൃതി; മോദിക്ക് കൈ പൊക്കാൻ ഒരാൾ പോലും ഡൽഹിയിലേക്ക് പോകില്ല -കെ. മുരളീധരൻ
text_fieldsതിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കേരളത്തിൽ ബി.ജെ.പിക്കുണ്ടാവുക കോഴിമുട്ടയുടെ ആകൃതിയായിരിക്കുമെന്നും വട്ടപ്പൂജ്യമായിട്ടാകും വരുകയെന്നും കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. അക്കാര്യത്തിൽ ഒരു സംശയവും വേണ്ട. ബി.ജെ.പി കേരളത്തിൽ അക്കൗണ്ട് തുറക്കുന്ന പ്രശ്നമില്ല. ഇന്ത്യയിൽ എന്ത് തന്നെ സംഭവിച്ചാലും നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും കേരളത്തിൽ കാല് കുത്താൻ കഴിയില്ല. അക്കാര്യം 101 ശതമാനം ഗ്യാരണ്ടിയാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിൽ ബി.ജെ.പി ജയിക്കുമെന്ന എക്സിറ്റ് പോൾ ഫലം കണ്ട് വി. മുരളീധരൻ ബോധം കെട്ടുകാണും. മുരളീധരനെ ബോധം കെടുത്തുന്ന സർവേ റിപ്പോർട്ടാണിത്. അദ്ദേഹം പോലും ജയം പ്രതീക്ഷിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പിന് ശേഷം ജയിക്കുമെന്ന് വി. മുരളീധരൻ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരിൽ യു.ഡി.എഫ് ജയം ഉറപ്പാണ്. ഞങ്ങളുടെ കണക്കുകൂട്ടലിൽ എൽ.ഡി.എഫ് രണ്ടാം സ്ഥാനത്തും ബി.ജെ.പി മൂന്നാം സ്ഥാനത്തുമാണ്. 2019ൽ സുരേഷ് ഗോപി എത്തുമ്പോൾ സിനിമ താരമെന്ന ഗ്ലാമറുണ്ടായിരുന്നു. എന്നാൽ, 2024ൽ അദ്ദേഹം തനി രാഷ്ട്രീയക്കാരനായി. അതിനാൽ രാഷ്ട്രീയ വോട്ടുകൾ മാത്രമേ ലഭിക്കാൻ സാധ്യതയുള്ളൂ. പരമാവധി 25,000 വോട്ട് മാത്രമേ ബി.ജെ.പിക്ക് കൂടുകയുള്ളൂ. എൽ.ഡി.എഫ് ക്രോസ് വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ ബി.ജെ.പി രണ്ടാമതെത്തൂ. സുരേഷ് ഗോപി രണ്ടാം സ്ഥാനത്തെത്തിയാൽ ഒന്നാം പ്രതി പിണറായി വിജയനായിരിക്കും.
തൃശൂരിലെ ഏഴ് നിയോജക മണ്ഡലങ്ങളിലും മത്സരം യു.ഡി.എഫും എൽ.ഡി.എഫും തമ്മിലായിരുന്നു. തൃശൂരിലോ നാട്ടികയിലോ ബി.ജെ.പി രണ്ടാം സ്ഥാനത്ത് വന്നേക്കാം. കുറഞ്ഞത് നാല് ലക്ഷം വോട്ടെങ്കിലും യു.ഡി.എഫിന് ലഭിക്കും. 48 മണിക്കൂർ കഴിയുമ്പോൾ തെരഞ്ഞെടുപ്പിന്റെ പൂർണചിത്രം കിട്ടും. മോദിക്ക് കൈ പൊക്കാൻ ഒരാൾ പോലും ഡൽഹിയിലേക്ക് പോകില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.