തരൂരിനു പിന്തുണയുമായി കെ. മുരളീധരൻ: ആളുകളെ വിലകുറച്ച് കണ്ടാൽ മെസ്സിക്ക് പറ്റിയത് സംഭവിക്കുമെന്ന്...
text_fieldsകോഴിക്കോട്: ശശി തരൂരിനു പിന്തുണയുമായി കെ. മുരളീധരൻ രംഗത്ത്. മലബാറിലെ ജില്ലകളിൽ മൂന്ന് ദിവസത്തെ സന്ദർശനത്തിൽ ശശി തരൂരിന്റെ ഭാഗത്തുനിന്നും വിഭാഗീയത ഉണ്ടായിട്ടില്ലെന്ന് കെ. മുരളീധരൻ പറഞ്ഞു. തരൂർ ആരെയും വിമർശിച്ചിട്ടില്ല. ആളുകളെ വിലകുറച്ച് കണ്ടാൽ ഇന്നലെ മെസ്സിക്ക് സംഭവിച്ചത് പറ്റുമെന്നും മുരളീധരൻ. സൗദിയെ വിലകുറച്ച് കണ്ട മെസിക്ക് ഇന്നലെ തലയിൽ മുണ്ടിട്ട് പോകേണ്ടി വന്നില്ലേ?.
കോഴിക്കോട്ടെ പരിപാടിയിൽ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയ സംഭവത്തിൽ അന്വേഷണം വേണമെന്ന് എംകെ രാഘവൻ എംപിക്ക് ആവശ്യപ്പെടാം. അതിൽ തീരുമാനമെടുക്കേണ്ടത് മല്ലികാർജ്ജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയുമാണ്. അത് അന്വേഷിക്കണമെന്നാവശ്യം എനിക്കില്ല. കാരണം, എനിക്കെല്ലാമറിയാം.
പാർട്ടിയിൽ എല്ലാവർക്കും അവരുടേതായ റോളുണ്ടെന്നും കെ മുരളീധരൻ ഓർമ്മിപ്പിച്ചു. നയതന്ത്ര രംഗത്ത് പരിചയമുള്ളവർ ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ മന്ത്രിയായിട്ടുണ്ട്. അല്ലാതെ ബൂത്ത് തലം മുതൽ പ്രവർത്തിച്ച് വന്നവർ മാത്രമല്ല സ്ഥാനങ്ങളിലെത്തുന്നത്. അതിന് എല്ലാ കാലത്തും പ്രാധാന്യമുണ്ട്. ശശി തരൂർ നല്ല എം.പിയാണ്. അദ്ദേഹത്തെ താനും വിമർശിച്ചിട്ടുണ്ട്. ആവേളയിൽ പോലും അദ്ദേഹം നല്ല എംപിയായിരുന്നു. അദ്ദേഹം നല്ല എംപിയല്ലെന്ന് പറയുന്നത് എതിരാളികൾക്ക് വടികൊടുക്കുന്ന പരിപാടിയാണ്. ഒന്നര വർഷം കഴിഞ്ഞാൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുമെന്നും മുരളീധരൻ ഓർമ്മിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.