തൃശൂർ യു.ഡി.എഫിനെ വാരിപ്പുണരും..! എന്നാൽ, ലീഡർക്കും മക്കൾക്കും എന്നും കിട്ടാക്കനി
text_fieldsതൃശൂർ: യു.ഡി.എഫിനെയും കോൺഗ്രസിനേയും എന്നും ചേർത്തു നിർത്തിയ പാരമ്പര്യമാണ് തൃശൂരിനെങ്കിലും ലീഡർ കെ.കരുണാകരനെയും മക്കളെയും ഒരിക്കൽപോലും വിജയിപ്പിട്ടില്ലാത്ത മണ്ഡലം കൂടിയാണ്. ലോക്സഭയിലും നിയമസഭയിലുമായി കെ.കരുണാകരനും കെ.മുരളീധരനും പത്മജ വേണുഗോപാലും തൃശൂരിൽ പലവട്ടം തോൽവി ഏറ്റുവാങ്ങിയവരാണ്.
1957ൽ ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ച കെ.കരുണാകരൻ തൃശൂരിൽ നിന്നാണ് തോറ്റത്. പിന്നീട് മാളയിൽ നിന്നും നേമത്ത് നിന്നും പലവട്ടം ജയിച്ചെങ്കിലും നിയസഭയിൽ കൈനോക്കാൻ തൃശൂരിലേക്ക് വന്നിട്ടേയില്ല. 1996ൽ ലോക്സഭിയിലേക്ക് മത്സരിക്കാനാണ് കരുണാകരൻ വീണ്ടും തൃശൂരിലെത്തുന്നത്. അന്നും തൃശൂരുകാർ ലീഡറെ തോൽപ്പിച്ചു. കോൺഗ്രസിനുള്ളിൽ ശക്തമായ ഗ്രൂപ്പ് വഴക്ക് നിലനിന്നിരുന്ന കാലത്താണ് കരുണാകരൻ വീണ്ടും തോറ്റതെന്നാണ് മറ്റൊരു വസ്തുത. തൃശൂരുകാർക്ക് ഏറെ സുപരിചിതനായ നേതാവെന്ന ഇമേജ് എന്നുമുണ്ടായിരുന്നെങ്കിലും പിന്നീടൊരിക്കലും കെ. കരുണാകരൻ തൃശൂരിൽ ഒരു കൈ നോക്കിയിട്ടില്ല.
1998ൽ തൃശൂരിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച മകൻ കെ.മുരളീധരൻ സി.പി.ഐയുടെ വി.വി രാഘവനോട് പരാജയപ്പെട്ടു. രണ്ടു പതിറ്റാണ്ടിന് ശേഷം ഇത്തവണ വീണ്ടും ജനവിധി തേടിയപ്പോൾ സിറ്റിങ് മണ്ഡലമായിരുന്നിട്ട് കൂടി തൃശൂരുകാർ മൂന്നാം സ്ഥാനത്തേക്ക് തഴയുകായായിരുന്നു. കരുണാകരന്റെ മകൾ പത്മജ വേണുഗോപാലിനെ രണ്ടു തവണ നിയമസഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയിട്ടുണ്ട് തൃശൂരുകാർ. 2021ൽ സി.പി.ഐയുടെ പി.ബാലചന്ദ്രനോടും 2016ൽ സി.പി.ഐയുടെ വി.എസ്.സുനിൽ കുമാറിനോടുമായിരുന്നു പത്മജയുടെ തോൽവി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.