പാർട്ടി കോടതിയുണ്ടെങ്കിൽ ‘മാഡ’ത്തിന് എന്താണ് ജോലി; ജോസഫൈനോട് കെ. മുരളീധരൻ
text_fieldsകോഴിക്കോട്: പാർട്ടി ഒരേസമയം കോടതിയും പൊലീസ് സ്റ്റേഷനുമാണെന്ന കേരള വനിതാ കമീഷൻ അധ്യക്ഷ എം.സി. ജോസഫൈന്റെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. ജോസഫൈന് പറഞ്ഞത് പോലെയാണെങ്കിൽ മാഡത്തിന് എന്താണ് ജോലിയെന്ന് മുരളീധരൻ ചോദിച്ചു. ഇത്രയും ശമ്പളവും വാങ്ങി ഒരു വനിത കമീഷന്‍റെ ആവശ്യമുണ്ടോ? മുമ്പ് വി.എസ് അച്യുതാനന്ദന്‍റെ സ്വന്തം ആളായിരുന്നു. ഇപ്പോ മുഖ്യമന്ത്രിയോട് സ്നേഹക്കൂടുതലുണ്ടെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
അവർ ഇതുവരെ എത്ര തെരഞ്ഞെടുപ്പിൽ മത്സരിച്ചുവെന്നു ചോദിച്ചാൽ പെട്ടെന്ന് ഓർമ വരില്ല. പക്ഷേ എത്ര തെരഞ്ഞെടുപ്പ് ജയിച്ചു എന്നു ചോദിച്ചാൽ കൃത്യമായ ഓർമ കാണും. ഒറ്റ തെരഞ്ഞെടുപ്പ് പോലും ജയിക്കാൻ കഴിയാത്തയാളെ ഉന്നതസ്ഥാനത്ത് ശമ്പളവും കൊടുത്ത് പിടിച്ചിരുത്തുമ്പോൾ അതിനു വേണ്ടത്ര സോപ്പിടുന്നതു മനസിലാക്കാം. സോപ്പിട്ടോ, പക്ഷേ വല്ലാതെ പതപ്പിക്കരുതെന്നും കെ. മുരളീധരൻ പറഞ്ഞു.
ചൈന അടക്കമുള്ള കമ്യൂണിസ്റ്റ് രാഷ്ട്രങ്ങൾ ജനാധിപത്യത്തിലേക്ക് കടന്നുവരുന്ന കാലമാണിത്. അപ്പോഴാണ് ഉന്നതസ്ഥാനത്തിരിക്കുന്ന പൊതുപ്രവർത്തക ഇത്തരമൊരു പ്രസ്താവന നടത്തുന്നത്. ഇതാണ് നിലപാടെങ്കിൽ വനിത കമീഷന്‍റെ പല നടപടികളും ചോദ്യം ചെയ്യപ്പെടും.
കേന്ദ്ര വനിത കമീഷൻ ബി.ജെ.പിയുടെ ചട്ടുകമാണ്. സംസ്ഥാനത്തും ഇതേതരത്തിലേക്ക് മാറുകയാണ്. ഇതുപോലെയാണ് പ്രവർത്തനങ്ങളെങ്കിൽ കമീഷൻ, വനിതാ വിരുദ്ധ കമീഷനായി മാറും. തെറ്റുപറ്റിയെന്നും നാക്കുപിഴയാണെന്നും തുറന്നു പറയാൻ ജോസഫൈൻ തയാറാവണം. അല്ലെങ്കിൽ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനമൊഴിയണം. ഇത്തരം ജൽപനങ്ങൾ നടത്തുന്നവരെ നിയന്ത്രിക്കാൻ മുഖ്യമന്ത്രി മുൻകൈ എടുക്കണമെന്നും മുരളീധരൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
തന്റെ പാർട്ടിക്ക് (സി.പി.എം) സ്വന്തമായി കോടതി സംവിധാനമുണ്ടെന്നും പാർട്ടി ഒരേസമയം കോടതിയും പൊലീസ് സ്റ്റേഷനുമാണെന്ന എം.സി. ജോസഫൈന്റെ പ്രതികരണമാണ് വിവാദമായത്. സി.പി.എം പാലക്കാട് ജില്ല സെക്രേട്ടറിയറ്റംഗവും എം.എൽ.എയുമായ പി.കെ. ശശിക്കെതിരായ പീഡനപരാതിയെക്കുറിച്ച് പ്രതികരിക്കവെയായിരുന്നു വനിതാ കമീഷൻ അധ്യക്ഷയുടെ പരസ്യപ്രസ്താവന.
താൻ വനിതാ കമീഷനംഗമാണെങ്കിലും സി.പി.എമ്മിലൂടെ വളർന്നുവന്നയാളാണ്. എല്ലാത്തിനും രാഷ്ട്രീയനിറം കൊടുക്കരുത്. പാർട്ടി അന്വേഷിക്കട്ടെ എന്ന് പരാതിക്കാർ പറഞ്ഞാൽ പിന്നെ വനിതാ കമീഷൻ അന്വേഷിക്കേണ്ട കാര്യമില്ല. പി.കെ. ശശിക്കെതിരെ വനിതാ കമീഷൻ കേസെടുത്തെങ്കിലും പരാതിക്കാരിയുടെ കുടുംബം പാർട്ടിയുടെ അന്വേഷണം മതിയെന്ന നിലപാടാണ് സ്വീകരിച്ചതെന്നും ജോസഫൈൻ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.