കെ. കരുണാകരൻ വെല്ലുവിളി നേരിട്ടത് സ്വന്തം പാർട്ടിയിൽനിന്ന് –കെ. മുരളീധരൻ
text_fieldsകോഴിക്കോട്: എല്ലാ രാഷ്ട്രീയക്കാരും ഒരുപോെല അംഗീകരിച്ച നേതാവായിരുന്നിട്ടും സ്വന്തം പാർട്ടിയിൽനിന്നുതന്നെയാണ് കെ. കരുണാകരന് വെല്ലുവിളികൾ നേരിടേണ്ടിവന്നതെന്ന് െക. മുരളീധരൻ എം.എൽ.എ. ലീഡർ കെ. കരുണാകരൻ ജന്മശതാബ്ദിയോടനുബന്ധിച്ച് തപാൽവകുപ്പ് പുറത്തിറക്കിയ തപാൽ കവർ പ്രകാശനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചാരക്കേസ്, പാമോലിൻ കേസ് എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. തട്ടിൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട കൊലക്കേസിൽ കരുണാകരനെ അറസ്റ്റ് ചെയ്യാൻ എല്ലാ നീക്കവും നടത്തിയത് അന്നത്തെ കോൺഗ്രസ് സർക്കാറായിരുന്നു. എല്ലാ പ്രതികൂല അവസ്ഥയെയും തരണംചെയ്താണ് അദ്ദേഹം രാഷ്ട്രീയ പ്രവർത്തനം നടത്തിയത് -മുരളീധരൻ പറഞ്ഞു. കോഴിക്കോട്, നെടുമ്പാശ്ശേരി വിമാനത്താവളങ്ങൾ, കായംകുളം താപനിലയം തുടങ്ങി സംസ്ഥാനത്തിെൻറ ഒട്ടനവധി ബൃഹത് വികസന പദ്ധതികൾക്ക് തുടക്കമിട്ടത് കരുണാകരെൻറ ഭരണത്തിലാണ്.
ചാരക്കേസിനെക്കുറിച്ച് എല്ലാവരും ഇപ്പോൾ പുസ്തകമെഴുതുകയാണ്. ഇത്തരം പുസ്തകങ്ങളിലുള്ളത് കുറ്റസമ്മതമാണെങ്കിൽ ഇതിെനക്കുറിച്ച് ഒന്നും പറയാനില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. കെ. കരുണാകരൻ സ്റ്റഡി സെൻറർ സംഘടിപ്പിച്ച പരിപാടിയിൽ കേരള നോർത് റീജ്യൻ പോസ്റ്റ്മാസ്റ്റർ ജനറൽ കേണൽ എസ്.എഫ്.എച്ച്. റിസ്വി മേയർ തോട്ടത്തിൽ രവീന്ദ്രന് നൽകി തപാൽ കവർ പ്രകാശനം ചെയ്തു. അഡ്വ. പി. ശങ്കരൻ അധ്യക്ഷത വഹിച്ചു. എം.കെ. രാഘവൻ എം.പി അനുസ്മരണ പ്രഭാഷണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.