കെ-ഫോൺ: കൺസോർട്യത്തിൽ ഭിന്നത പുകയുന്നു
text_fieldsതിരുവനന്തപുരം: പദ്ധതിയിലെ മുഖ്യപങ്കാളിയായിരിക്കെതന്നെ വിമർശനമുയർത്തിയ കെ.എസ്.ഇ.ബി നിലപാടിൽ കെ-ഫോൺ കൺസോർട്യത്തിൽ ഭിന്നത. ഉന്നയിച്ച സംശയങ്ങൾക്ക് കൃത്യമായി വിശദീകരണം നൽകിയിട്ടും സി.എ.ജിക്ക് മുന്നിൽ ആരോപണങ്ങൾ ആവർത്തിച്ച കെ.എസ്.ഇ.ബിയുടെ സമീപനത്തിലാണ് രോഷം പുകയുന്നത്. കെ-ഫോൺ നേതൃത്വത്തിന് ഇക്കാര്യത്തിൽ കടുത്ത വിയോജിപ്പുണ്ട്. ഒ.പി.ജി.ഡബ്ല്യൂ കേബിളുകൾ ആറിരട്ടി അധിക വിലക്ക് വാങ്ങിയെന്ന ആരോപണം വസ്തുതകൾ മനസ്സിലാക്കാതെ ‘ആടിനെയും ആനയെയും തമ്മിൽ താരതമ്യം ചെയ്യുകയാണ്’ എന്നാണ് കെ- ഫോണിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ആക്ഷേപിക്കുന്നത്.
കെ.എസ്.ഇ.ബി പറയുന്ന ‘ഓർഡിനറി ഗ്രൗണ്ട് വയർ’ എന്നത് സ്റ്റേ വയറാണ്. എന്നാൽ, കെ-ഫോണിൽ ഉപയോഗിച്ച ഒ.പി.ജി.ഡബ്ല്യൂ കേബിളും സ്റ്റേ വയറും രണ്ടും രണ്ടാണ്. 110 കെ.വി ലൈനിൽ എർത്ത് വയറായി കെ.എസ്.ഇ.ബി ഉപയോഗിക്കുന്നതിനെക്കാൾ പല മടങ്ങ് വില ഒ.പി.ജി.ഡബ്ല്യൂ കേബിളിനുണ്ട്. ഇക്കാര്യം മനസ്സിലാക്കാതെ കണ്ണടച്ച് ഇരുട്ടാക്കുകയുമാണെന്നാണ് കെ-ഫോൺ നിലപാട്. അതേസമയം കെ.എസ്.ഇ.ബിയാകട്ടെ വിഷയത്തിൽ പ്രതികരണത്തിന് തയാറായിട്ടുമില്ല.
ഇതിനിടെ, കെ.എസ്.ഇ.ബിക്കുള്ള മറുപടികളടക്കം ഉൾപ്പെടുത്തി കെ-ഫോൺ സർക്കാറിന് കത്ത് നൽകിയിട്ടുണ്ട്. രണ്ട് കേന്ദ്ര സർക്കാർ പ്രതിനിധികളും രണ്ട് കെ.എസ്.ഇ.ബി പ്രതിനിധികളും അടങ്ങിയ ടെക്നിക്കൽ കമ്മിറ്റി അംഗീകരിച്ച ശേഷമാണ് കേബിൾ വാങ്ങുന്നതിനുള്ള കരാർ നൽകിയതെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. കെ.എസ്.ഇ.ബി പ്രതിനിധികൾ ഉൾപ്പെട്ട സമിതിയുടെ അംഗീകാരത്തോടെ കേബിൾ വാങ്ങിയശേഷമാണ് നിലവാരമില്ലാത്തതെന്ന് കെ.എസ്.ഇ.ബിതന്നെ ആരോപണമുന്നയിക്കുന്നത്.
കൺസോർട്യത്തിലെ തുല്യപങ്കാളികൾ ഇടയുന്നതും വാദപ്രതിവാദത്തിന് സമാനമായ സാഹചര്യമുണ്ടാകുന്നതും പദ്ധതിയുടെ തുടക്കത്തിൽതന്നെ കല്ലുകടിയായിട്ടുണ്ട്. അതേസമയം ഐ.ടി വകുപ്പോ സർക്കാറിലെ ഉന്നത കേന്ദ്രങ്ങളോ ഇതിനെക്കുറിച്ച് പ്രതികരിക്കാൻ തയാറായിട്ടില്ല. ഐ.ടി വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വിദേശ പര്യടനത്തിലാണ്.
കെ-ഫോണിന്റെ സൗജന്യ കണക്ഷനുകളിലും അവ്യക്തത തുടരുകയാണ്. പദ്ധതി പ്രഖ്യാപിച്ച 2017ൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ലക്ഷം കുടുംബങ്ങൾക്ക് 18 മാസം കൊണ്ട് സൗജന്യ കണക്ഷൻ നൽകുമെന്നായിരുന്നു വിശദീകരിച്ചിരുന്നത്. എന്നാൽ, ഇപ്പോഴത് 14,000 ആയി ചുരുങ്ങി. ഒന്നാം ഘട്ടമായാണ് ഈ കണക്ഷനുകളെന്നാണ് ഇപ്പോഴുള്ള വിശദീകരണം. 18 മാസക്കണക്കിനെക്കുറിച്ച് ഇപ്പോൾ മിണ്ടാട്ടമില്ല. കണക്ഷന് നല്കിയതിന്റെ ജില്ല തിരിച്ചുള്ള കണക്കും പുറത്തുവിട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.