1028 കോടി 1548 കോടിയായി
text_fieldsതിരുവനന്തപുരം: മാനദണ്ഡം മറികടന്നുള്ള കേബിൾ വാങ്ങലിൽ പൊള്ളുന്നതിനിടെ പദ്ധതിത്തുകയിലും കെ-ഫോണിൽ വിവാദം. 1028 കോടിയാണ് ആകെ ചെലവായി നിശ്ചയിച്ചിരുന്നതെങ്കിലും ഇത് ഒറ്റയടിക്ക് 1548 കോടിയിലേക്ക് കുതിച്ചുയർന്നതാണ് ഉത്തരമില്ലാതെ തുടരുന്നത്.
പത്ത് ശതമാനത്തില്‍ കൂടുതല്‍ ടെന്‍ഡര്‍ തുക അധികമാകാൻ പാടില്ലെന്ന ധനവകുപ്പിന്റെ ഉത്തരവ് നിലനില്‍ക്കെയാണ് കീഴ്വഴക്കങ്ങളും ചട്ടങ്ങളും അട്ടിമറിച്ചുള്ള നീക്കം. നിശ്ചിതസമയത്ത് പദ്ധതി തീരണമെങ്കിൽ കരാർ നൽകാനുള്ള നടപടികളുമായി മുന്നോട്ടുപോകണമെന്നത് ചൂണ്ടിക്കാട്ടി മന്ത്രിസഭതീരുമാനത്തിന് കാത്തുനിൽക്കാതെ തിരക്കിട്ട് കരാർ നടപടികൾ സ്വീകരിക്കുകയായിരുന്നു. എന്നാൽ പദ്ധതി സമയത്ത് തീർന്നില്ലെന്ന് മാത്രമല്ല, പൂർത്തിയായ ശേഷം അനിശ്ചിതമായി നീളുകയുമായിരുന്നു.
ആദ്യം നിശ്ചയിച്ച തുകയെക്കാൾ 49 ശതമാനം വർധിപ്പിച്ചാണ് ടെൻഡർ നൽകിയത്. മൂന്ന് കൺസോർട്യങ്ങളാണ് ടെൻഡറിൽ പങ്കെടുത്തത്. ബെല്ലിന് പുറമേ 1729, 2853 കോടി വീതമാണ് മറ്റ് കൺസോർട്യങ്ങൾ ക്വോട്ട് ചെയ്തത്.
ഇതിൽ ഏറ്റവും കുറവ് തുക േക്വാട്ട് ചെയ്ത കൺസോർട്യത്തിന് ടെൻഡർ നൽകി. പിന്നീടാണ് പദ്ധതിത്തുകയിൽ അപ്രതീക്ഷിത വർധനക്ക് ഇടയാക്കിയ ഫയൽനീക്കങ്ങൾ നടന്നത്. 2017 മേയിൽ പദ്ധതിക്ക് പ്രാഥമിക ഭരണാനുമതി നൽകിയപ്പോൾ പ്രതിവർഷ പ്രവർത്തനചെലവായി (ഓപറേഷൻ) 104 കോടി രൂപ ഏഴുവർഷത്തേക്ക് കണക്കാക്കുന്നതിന് പകരം ഒരു വർഷത്തേക്ക് മാത്രമാണ് നിശ്ചയിച്ചതെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു പദ്ധതിത്തുകയിലെ തിരുത്ത്.
ആരോപണങ്ങൾ തെറ്റ് -കെ-ഫോൺ
തിരുവനന്തപുരം: കെ-ഫോൺ പദ്ധതിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി എം.ഡി സന്തോഷ് ബാബു സർക്കാറിന് കത്ത് നൽകി. രണ്ട് കേന്ദ്ര സർക്കാർ പ്രതിനിധികളും രണ്ട് കെ.എസ്.ഇ.ബി പ്രതിനിധികളും അടങ്ങിയ ടെക്നിക്കൽ കമ്മിറ്റി അംഗീകരിച്ച ശേഷമാണ് കേബിൾ വാങ്ങാൻ കരാർ നൽകിയത്. ഒ.പി.ജി.ഡബ്ല്യു കേബിളിന്റെ ഒപ്റ്റിക്കൽ ഫൈബർ ഭാഗം മാത്രമാണ് ചൈനീസ് കമ്പനിയിൽനിന്ന് വാങ്ങിയത്. കേബിളിന്റെ 58 ശതമാനവും നിർമിച്ചത് ഇന്ത്യയിലാണ്. രാജ്യത്തിന്റെ ഭൂ അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽനിന്ന് വാങ്ങുമ്പോൾ 55 ശതമാനം ഇന്ത്യൻ നിർമിതമായിരിക്കണമെന്നേ വ്യവസ്ഥയുള്ളൂ. ആറ് മടങ്ങ് വില കൂട്ടിയാണ് കേബിൾ വാങ്ങിയതെന്ന പരാമർശവും ശരിയല്ല. കെ.എസ്.ഇ.ബി പറയുന്ന ‘ഓർഡിനറി ഗ്രൗണ്ട് വയർ’ എന്നത് സ്റ്റേ വയറാണ്. കെ-ഫോണിൽ ഉപയോഗിച്ച ഒ.പി.ജി.ഡബ്ല്യു കേബിളും സ്റ്റേ വയറും വ്യത്യസ്തമാണ്. 48 ഫൈബറാണ് ഒ.പി.ജി.ഡബ്ല്യു കേബിളിലുള്ളത്-കെ-ഫോൺ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.