കെ-ഫോൺ: സൗജന്യ കണക്ഷന് മാർഗനിർദേശമായി; ഓരോ മണ്ഡലത്തിലും 100 കുടുംബങ്ങൾക്ക് ആദ്യം കണക്ഷൻ
text_fieldsതിരുവനന്തപുരം: കെ-ഫോൺ പദ്ധതിയിലൂടെ സൗജന്യ ഇൻറർനെറ്റ് കണക്ഷനായി 14,000 ബി.പി.എൽ കുടുംബങ്ങളെ തെരഞ്ഞെടുക്കാനുള്ള മാർഗനിർദേശമായി. ഓരോ നിയമസഭ മണ്ഡലത്തിലും 100 കുടുംബങ്ങൾക്കാണ് ആദ്യം കണക്ഷൻ നൽകുക. സ്ഥലം എം.എൽ.എ നിർദേശിക്കുന്ന ഒരു തദ്ദേശ സ്ഥാപന പരിധിയിലെ ഒന്നോ തൊട്ടടുത്തുള്ള ഒന്നിലധികം വാർഡുകളിൽനിന്നോ മുൻഗണനാടിസ്ഥാനത്തിലാകും കുടുംബങ്ങളുടെ തെരഞ്ഞെടുപ്പ്.
കെ-ഫോൺ കണക്ടിവിറ്റിയുള്ളതും പട്ടികജാതി-വർഗ ജനസംഖ്യ കൂടുതലുള്ളതുമായ വാർഡ് തെരഞ്ഞെടുക്കാനാണ് തീരുമാനം. ഇൻറർനെറ്റ് സൗകര്യം എല്ലാവർക്കും ലഭ്യമാക്കാൻ സുപ്രധാന ഇടപെടലാണ് സർക്കാർ നടത്തുന്നതെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. മണ്ഡലത്തിൽ തെരഞ്ഞെടുക്കപ്പെട്ട വാർഡുകളിലെ ബി.പി.എൽ വിഭാഗത്തിൽപ്പെട്ടതും സ്‌കൂൾ വിദ്യാർഥികൾ ഉള്ളതുമായ എല്ലാ പട്ടികവർഗ കുടുംബങ്ങൾക്കുമാണ് തെരഞ്ഞെടുപ്പിൽ ആദ്യം പരിഗണന നൽകുക. ബി.പി.എൽ വിഭാഗത്തിൽപ്പെട്ട, സ്‌കൂൾ വിദ്യാർഥികളുള്ള പട്ടികജാതി കുടുംബങ്ങളെ ഇതിനുശേഷം പരിഗണിക്കും.
ബി.പി.എൽ വിഭാഗത്തിൽപ്പെട്ട, കോളജ് വിദ്യാർഥികളുള്ള പട്ടികവർഗ-ജാതി കുടുംബങ്ങൾക്കാണ് പിന്നീടുള്ള പരിഗണന. ബി.പി.എൽ വിഭാഗത്തിൽപ്പെട്ട, സ്‌കൂൾ വിദ്യാർഥികളുള്ള, കുടുംബത്തിലെ കുറഞ്ഞത് ഒരാൾക്കെങ്കിലും 40 ശതമാനമോ അതിലധികമോ അംഗവൈകല്യമുള്ളതുമായ എല്ലാ കുടുംബങ്ങൾക്കും ശേഷം പരിഗണന നൽകും. ബി.പി.എൽ വിഭാഗത്തിൽപ്പെട്ടതും സ്‌കൂൾ വിദ്യാർഥികളുള്ളതുമായ മറ്റെല്ലാ കുടുംബങ്ങളെയും ഇതിനു പിന്നാലെ പരിഗണിക്കും.
മുൻഗണനാക്രമത്തിൽ ഈ അഞ്ച് വിഭാഗത്തിലെ ഏതു വിഭാഗത്തിൽ വെച്ച് 100 ഗുണഭോക്താക്കൾ തികയുന്നുവോ ആ വിഭാഗത്തിലെ മുഴുവൻ ആളുകളെയും ഉൾക്കൊള്ളിച്ച് കെ-ഫോൺ ഗുണഭോക്താക്കളുടെ പട്ടിക തയാറാക്കണം. ഒരു വാർഡിലെ ഗുണഭോക്തൃ പട്ടികയിൽ ഇങ്ങനെ നൂറിലധികം പേർ ആകാം. പരാതിരഹിതമായും വേഗത്തിലും തെരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ ശ്രമിക്കണമെന്ന് മന്ത്രി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.