കെ-ഫോൺ ഇന്നു മുതൽ ഇനി ഡിജിറ്റൽ സമത്വം
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ സ്വപ്ന പദ്ധതിയായ കെ-ഫോൺ തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. ആദ്യഘട്ടത്തിൽ 30,000 സർക്കാർ സ്ഥാപനങ്ങളിലും ഒരു മണ്ഡലത്തിൽ 100 വീതം 14,000 വീടുകളിലുമാണ് കെ-ഫോൺ ലഭ്യമാകുക. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ലക്ഷത്തോളം കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കുകയാണ് കെ-ഫോണിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
പദ്ധതി യാഥാർഥ്യമാകുന്നതോടെ ഡിജിറ്റൽ ഡിവൈഡ് (അസമത്വം)ഇല്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. വൈകുന്നേരം നാലിന് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിലാണ് ഉദ്ഘാടന ചടങ്ങ്. മണ്ഡലാടിസ്ഥാനത്തിലും ചടങ്ങുകളുണ്ടാകും. സൗജന്യമായോ സൗജന്യനിരക്കിലോ ലഭ്യമാകുന്ന സാർവത്രിക ഇന്റർനെറ്റ് സേവനം ഉയർന്ന നിലവാരമുള്ള ഇ-ഗവേണൻസിലേക്ക് കേരളത്തിന്റെ മുന്നേറ്റത്തിന് കുതിപ്പാകുമെന്നാണ് വിലയിരുത്തൽ.
18000 ഓളം സർക്കാർ സ്ഥാപനങ്ങളിൽ കെ-ഫോൺ മുഖേന ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കിക്കഴിഞ്ഞു. 7000 വീടുകളിൽ കണക്ഷൻ ലഭ്യമാക്കാൻ അടിസ്ഥാന സൗകര്യങ്ങൾ പൂർത്തീകരിച്ചു. അതിൽ 748 കണക്ഷൻ നൽകി. 40 ലക്ഷത്തോളം ഇന്റർനെറ്റ് കണക്ഷനുകൾ നൽകാൻ കഴിയുന്ന ഐ.ടി അടിസ്ഥാന സൗകര്യങ്ങൾ കെ-ഫോൺ സജ്ജമാക്കിയിട്ടുണ്ട്. ഇതിനായി 2519 കിലോമീറ്റർ ഒ.പി.ജി.ഡബ്ല്യു കേബിളിങ്ങും 19118 കിലോമീറ്റർ എ.ഡി.എസ്.എസ് കേബിളിങ്ങും പൂർത്തിയാക്കി.
കൊച്ചി ഇൻഫോപാർക്ക് കേന്ദ്രീകരിച്ചാണ് കെ-ഫോണിന്റെ ഓപറേറ്റിങ് സെന്റർ. പദ്ധതിക്ക് അടിസ്ഥാന സൗകര്യ സേവനങ്ങൾ നൽകുന്നതിനാവശ്യമായ കാറ്റഗറി 1 ലൈസൻസും ഔദ്യോഗികമായി ഇന്റർനെറ്റ് സേവനങ്ങൾ നൽകാൻ ഇന്റർനെറ്റ് സർവിസ് പ്രൊവൈഡർ (ഐ.എസ്.പി) കാറ്റഗറി ബി യൂനിഫൈഡ് ലൈസൻസും നേരത്തെ ലഭിച്ചിരുന്നു. 5ജി സേവനം അടക്കം ലഭ്യമാക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. സ്റ്റാർട്ടപ്പുകൾ ഗ്രാമങ്ങളിലേക്ക് വരുമെന്നും സൗജന്യമായോ കുറഞ്ഞ നിരക്കിലോ ലഭ്യമാകുന്ന ഇന്റർനെറ്റ് തൊഴിലവസരങ്ങൾ വൻതോതിൽ സൃഷ്ടിക്കുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.