കെ-ഫോൺ: കരാറുകാറുടെ വീഴ്ചയിൽ കെ.എസ്.ഇ.ബി പദ്ധതിയും താളംതെറ്റി
text_fieldsകോട്ടയം: കെ -ഫോൺ പദ്ധതിക്ക് ഒപ്റ്റിക്കൽ ഗ്രൗണ്ട് കേബിളിടുന്നതിൽ കരാറുകാര്‍ വരുത്തിയ ഗുരുതര വീഴ്ചമൂലം കെ.എസ്.ഇ.ബിയുടെ ഡേറ്റ അക്വസിഷൻ പദ്ധതിയും താളം തെറ്റിയെന്ന് സി.എ.ജി കണ്ടെത്തൽ. കേന്ദ്ര സര്‍ക്കാറിന്റെ കൂടി സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന പദ്ധതി സമയത്ത് തീര്‍ക്കണമെന്ന് കെ.എസ്.ഇ. ബി തുടർച്ചയായി ആവശ്യപ്പെട്ടിട്ടും കേബിളിടുന്ന പണി അനിശ്ചിതമായി ഇഴഞ്ഞെന്നാണ് സി.എ.ജി ഓഡിറ്റിൽ ചൂണ്ടിക്കാട്ടുന്നത്. 110 കെ.വിയും അതിനുമുകളിലും ഉള്ള സബ്സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്നതാണ് കെ.എസ്.ഇ.ബി റിലയബിൾ കമ്യൂനിക്കേഷൻ പദ്ധതി.
കെ- ഫോണിനായി ഒപ്റ്റിക്കൽ ഗ്രൗണ്ട് കേബിളിടാൻ തീരുമാനിച്ചപ്പോൾ ഇരട്ടിപ്പണി ഒഴിവാക്കാനാണ് പദ്ധതി പങ്കാളിയായ കെ.എസ്.ഇ.ബിയും ഒപ്പം കൂടിയത്. കെ- ഫോൺ കേബിൾ പാർട്ട് എ ആയും കെ.എസ്.ഇ.ബി കേബിൾ പാർട്ട് ബി ആയും ടെൻഡര്‍ വിളിച്ച് ബെൽ കൺസോർഷ്യത്തിന്റെ മേൽനോട്ടത്തിൽ പണിയാരംഭിച്ചു. 2019 മേയ് മുതൽ 36 മാസത്തേക്കായിരുന്നു റിലയബിൾ കമ്യൂനിക്കേഷൻ പദ്ധതിക്ക് കെ.എസ്.ഇ.ബി നിശ്ചയിച്ച സമയപരിധി. 2022 മേയ് മാസത്തിൽ പൂര്‍ത്തിയാക്കേണ്ട പദ്ധതി കെ -ഫോൺ പദ്ധതിക്കായി കേബിളിടുന്നതിനുള്ള കരാർ ഏറ്റെടുത്ത കരാറുകാരുടെ മെല്ലെപ്പോക്ക് മൂലം അനിശ്ചിതത്വത്തിലായെന്നാണ് ഓഡിറ്റ് രേഖയിൽ വ്യക്തമാക്കുന്നത്. പണി വേഗം തീർക്കാൻ വിവിധ അവലോകന യോഗങ്ങളിൽ ആവശ്യപ്പെട്ടിരുന്നു. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും സർവേ നടപടികൾ പോലും ഇഴഞ്ഞു. മാത്രമല്ല ആവശ്യമുള്ള സാധനങ്ങൾ സമയത്ത് എത്തിക്കാൻ പോലും കരാറുകാര്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന ആരോപണവും സി.എ.ജി ഉന്നയിക്കുന്നു.
കേബിൾ വലിക്കുന്നതിനായുള്ള ഒ.പി. ജി.ഡബ്ല്യു റീലുകൾ കെട്ടിക്കിടക്കുകയുമാണ്. കെ -ഫോൺ പദ്ധതിക്കുള്ള കേബിളിടൽ പൂര്‍ത്തീകരിക്കാനുള്ള തീയതി ബെൽ കൺസോര്‍ഷ്യം ഈവർഷം സെപ്റ്റംബറെന്ന് പുതുക്കിയിട്ടുണ്ട്. അതായത് കെ.എസ്.ഇ.ബി പദ്ധതിയും അത് വരെ നീളുമെന്ന് വ്യക്തമാകുകയാണ്.
കെ-ഫോൺ പദ്ധതി മുമ്പ് നിശ്ചയിച്ചത് പോലെ ഫലം കാണുന്നില്ലെന്നും വ്യക്തമാകുകയാണ്. ഓണത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഒന്നാംഘട്ടത്തിൽ പ്രഖ്യാപിച്ച സൗജന്യ കണക്ഷനും സ്വാതന്ത്ര്യ ദിനത്തിൽ നിലവിൽ വരുമെന്ന് പറഞ്ഞ ഗാർഹിക-വ്യവസായ കണക്ഷനുകളുമൊന്നും യാഥാർഥ്യമാകാത്ത അവസ്ഥയിലാണ്. സെപ്റ്റംബറിൽ കേബിളിടൽ പദ്ധതി യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ കാര്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.