Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിന്റെ സ്വപ്ന...

കേരളത്തിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ കെ ഫോൺ നാളെ യാഥാർഥ്യമാകും

text_fields
bookmark_border
കേരളത്തിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ കെ ഫോൺ നാളെ യാഥാർഥ്യമാകും
cancel

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ കെ ഫോൺ നാളെ യാഥാർഥ്യമാകും. എല്ലാവർക്കും ഇൻറർനെറ്റ് എന്നതാണ് കെ ഫോണിന്റെ ലക്ഷ്യം. ആദ്യഘട്ടത്തിൽ മുപ്പതിനായിരം സർക്കാർ സ്ഥാപനങ്ങളിലും 14000 വീടുകളിലുമാണ് കെ ഫോൺ ഇൻറർനെറ്റ് ലഭ്യമാകുക. പദ്ധതി നാളെ വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.

ഇന്റർനെറ്റ് ജനതയുടെ അവകാശമായി പ്രഖ്യാപിച്ച് കെ ഫോണിലൂടെ എല്ലാവർക്കും അതിവേഗ ഇന്റർനെറ്റ് ഉറപ്പാക്കുകയാണ് എൽ.ഡി.എഫ് സർക്കാർ. പിന്നോക്ക വിഭാഗങ്ങൾക്ക് സൗജന്യമായും ബാക്കിയുള്ളവർക്ക് മിതമായ നിരക്കിലുമാണ് ഇന്റർനെറ്റ്‌ ലഭ്യമാവുക. ഇതോടെ ഡിജിറ്റൽ ഡിവൈഡ് ഇല്ലാത്ത സംസ്‌ഥാനമായി കേരളം മാറും.

കേരളത്തിന്റെ ഭാവി മാറ്റിമറിക്കുന്ന അടിസ്ഥാന സൗകര്യ വികസനമാണ്‌ സാധ്യമാകുന്നത്‌. ജനങ്ങൾക്ക്‌ മികച്ച സേവനമെന്ന സർക്കാർ വാഗ്‌ദാനം നിറവേറ്റാൻ ഉത്തമമായ വാതായനമാണ്‌ തുറക്കുന്നത്‌. സർക്കാർ സേവനങ്ങളെല്ലാം ജനങ്ങളുടെ വാതിൽപ്പടിയിലെത്തുന്നതിന്‌ കെ ഫോൺ നട്ടെല്ലാകും. ഇന്റർനെറ്റ്‌ ഇല്ലാത്ത വീട്‌ ഉണ്ടാകരുതെന്നാണ്‌ സർക്കാരിന്റെ വാശി.

കെ ഫോൺ ഇത്‌ സാധ്യമാക്കും. സൗജന്യമായോ സൗജന്യനിരക്കിലോ ലഭ്യമാകുന്ന സാർവത്രിക ഇന്റർനെറ്റ്‌ സേവനം ഉയർന്ന നിലവാരമുള്ള ഇ ഗവേണൻസിലേക്കുള്ള കേരളത്തിന്റെ മുന്നേറ്റത്തിന്‌ കുതിപ്പേകും. നിലവിൽ എണ്ണൂറിലധികം സർക്കാർ സേവനങ്ങൾ ഓൺലൈനിലുണ്ട്‌. ഇവയ്‌ക്കായി വ്യത്യസ്‌ത വെബ്‌സൈറ്റുകളുമുണ്ട്‌. ഓഫീസ്‌ കയറിയിറങ്ങുന്നതുപോലെ വെബ്‌സൈറ്റ്‌ കയറിയിറങ്ങുന്നത്‌ ഒഴിവാക്കാൻ, എല്ലാ സേവനങ്ങൾക്കും ഒറ്റ വെബ്‌സൈറ്റ്‌ എന്നതിലേക്ക്‌ കേരളത്തിന്റെ ഇ ഗവേണൻസ്‌ കുതിക്കും. കെ ഫോണിന്റെ അതിവിപുലവും അതിശക്തവുമായ ഒപ്‌റ്റിക്കൽ ഫൈബർ ശൃംഖല ഇത്‌ സാധ്യമാക്കും.

സ്റ്റാർട്ടപ്പുകൾ ഗ്രാമങ്ങളിലേക്ക്‌ കുടിയേറും. ഇതിനായി സൗജന്യമായോ കുറഞ്ഞ നിരക്കിലോ ലഭ്യമാകുന്ന ഇന്റർനെറ്റ്‌ തൊഴിലവസരങ്ങളുടെ വേലിയേറ്റം സൃഷ്ടിക്കും. മനുഷ്യവിഭവശോഷണം കുറയ്‌ക്കും. സൂക്ഷ്‌മ, ചെറുകിട, ഇടത്തരം സംരംഭക മേഖലയിലും കുതിപ്പുണ്ടാകും. മൈതാനത്തെ കളിക്കിടയിൽ തലയിൽ ഉദിക്കുന്ന ആശയംപോലും ഉൽപ്പാദന പ്രക്രിയയിലേക്ക്‌ സന്നിവേശിപ്പിക്കാൻ സാഹചര്യമുണ്ടാകും.

30,000 കിലോമീറ്ററിലെ കേബിൾ ശൃംഖല വിവരശേഖരണത്തിന്‌ വലിയ സാധ്യതകൾ തുറക്കും. ട്രാഫിക്‌, മഴ, കാലാവസ്ഥ, ജലസംഭരണികളുടെ ജലനിരപ്പ്‌, വൈദ്യുതി ഉപയോഗത്തിന്റെ പ്രാദേശിക വിവരങ്ങൾ ഉൾപ്പെടെ തത്സമയ വിവരശേഖരണത്തിന്‌ വഴിതുറക്കും. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കടക്കം ഇത്‌ പ്രയോജനപ്പെടും. വീട്ടമ്മമാർക്കും കുടുംബശ്രീ അംഗങ്ങൾക്കുമുൾപ്പെടെ തൊഴിലവസരങ്ങളും വരുമാനവും ഉയർത്താൻ സഹായകമാകും.

കേരള സമൂഹത്തിന്റെ മുന്നോട്ടുപോക്ക്‌ കൂടുതൽ വേഗത്തിലാകും. നിർണയാതീതമായ സമയലാഭം ഉറപ്പാക്കും. വേതന/വരുമാന നഷ്ടം കുറക്കും. ഉൽപ്പാദനം ഉയരും. സാമ്പത്തിക മേഖലയിലടക്കം വലിയ പ്രതിഫലനം സൃഷ്ടിക്കും. സർക്കാർ സേവനത്തിനായി അലച്ചിൽ ഒഴിവാക്കാനാകും. മൊബൈൽ ഫോണിൽവരെ എല്ലാ സേവനങ്ങളും ലഭ്യമാകുന്നത്‌ ആഹ്ലാദ ജീവിത സൂചിക ഉയർത്തും.

ഇ മെഡിസിൽ, ഇ ഹെൽത്ത്‌, ഇ സ്‌കൂൾ എന്നിങ്ങനെയെല്ലാം ഓൺലൈനിലാകും. കേരളത്തിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ കെ ഫോൺ നാളെ യാഥാർഥ്യമാകും. ഇന്റർനെറ്റ്‌ പൗരന്റെയും അവകാശമാകുന്നുവെന്ന്‌ ഉറപ്പുവരുത്തുന്നതാണ്‌ സംസ്ഥാന സർക്കാരിന്റെ സാമൂഹ്യപ്രതിബദ്ധത. ഭക്ഷണം, വസ്‌ത്രം, അടച്ചുറപ്പുള്ള വീട്‌ എന്നീ അടിസ്ഥാന ആവശ്യങ്ങൾക്കൊപ്പം ഡിജിറ്റൽ വിഭജനം ഒഴിവാക്കലും ഉറപ്പാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K PhoneKerala's dream project
News Summary - K Phone, one of Kerala's dream projects, will become a reality tomorrow
Next Story