ക്ഷേത്രങ്ങളുടെ ഭൗതികസാഹചര്യങ്ങള്‍ പരമാവധി മെച്ചപ്പെടുത്തുക സര്‍ക്കാര്‍ ലക്ഷ്യമെന്ന് കെ. രാധാകൃഷ്ണൻ
text_fieldsതിരുവനന്തപുരം: ക്ഷേത്രങ്ങളുടെ ഭൗതികസാഹചര്യങ്ങള്‍ പരമാവധി മെച്ചപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍. തെക്കന്‍ കേരളത്തിലെ പ്രധാന ബലിതര്‍പ്പണ കേന്ദ്രമായ തിരുവല്ലം പരശുരാമ ക്ഷേത്രത്തിന്റെ വികസനത്തിന് ഏറ്റെടുത്ത ഭൂമി കൈമാറിയ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ക്ഷേത്രത്തോട് ചേര്‍ന്ന് പടിഞ്ഞാറ് വശത്ത് 1.65 ഏക്കര്‍ ഭൂമിയാണ് 5.39 കോടി മുടക്കി ഏറ്റെടുത്തത്. കലക്ടര്‍ ജെറോമിക് ജോര്‍ജില്‍ നിന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ ഭൂരേഖ ഏറ്റുവാങ്ങി. എല്ലാ വിശ്വാസികളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിച്ചു കൊണ്ട് ക്ഷേത്രങ്ങളുടെ വികസനം സര്‍ക്കാര്‍ ഉറപ്പാക്കുകയാണെന്നും മന്ത്രി പറഞ്ഞു.
പൊതുജനങ്ങള്‍ക്കും ശബരിമല തീര്‍ത്ഥാടകര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഇടത്താവളങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ആരാധനയ്ക്കാപ്പം ആതുര സേവന സൗകര്യങ്ങളും ഏര്‍പ്പെടുത്തി ദേവസ്വങ്ങളെല്ലാം പൊതു സമൂഹത്തിന് കരുതലാവുകയാണ്. കാടാമ്പുഴ ക്ഷേത്രത്തിന്റെ ഭാഗമായി ഡയാലിസിസ് സെന്റര്‍ ആരംഭിച്ചു. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് ആരംഭിച്ച ദേവാങ്കണം ഹരിതചാരുതം പദ്ധതി ക്ഷേത്രങ്ങളെല്ലാം ഏറ്റെടുത്തുവെന്നും മന്ത്രി പറഞ്ഞു.
ക്ഷേത്രാങ്കണത്തിലെ രാജലക്ഷ്മി മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. സ്ഥല സൗകര്യ കുറവുകള്‍ മൂലം വര്‍ഷങ്ങളായി ഭക്തര്‍ അനുഭവിച്ചിരുന്ന ബുദ്ധിമുട്ടുകള്‍ക്കാണ് പരിഹാരമാകുന്നത്. ബലിക്കടവ് നവീകരണത്തിനു പുറമേ പാര്‍ക്കിങ്ങ് സൗകര്യം, ശുചിമുറികള്‍, വിശ്രമമുറികള്‍, ക്ലോക്ക് റൂം, ലോക്കര്‍ തുടങ്ങിയ സൗകര്യങ്ങളും ഇവിടെ നിര്‍മിക്കും.
തിരുവല്ലം വില്ലേജില്‍ ആറ് ഭൂവുടമകളില്‍ നിന്നാണ് ഭൂമി ഏറ്റെടുത്തത്. വാര്‍ഡ് കൗണ്‍സിലര്‍ വി. സത്യവതി, ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍, ദേവസ്വം കമ്മിഷണര്‍, സ്പെഷ്യല്‍ സെക്രട്ടറി എം.ജി രാജമാണിക്യം, കലക്ടര്‍ ജെറോമിക് ജോർജ് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.