കേന്ദ്രം ഇടത് സർക്കാറിനെ വേട്ടയാടുന്നുവെന്ന് കെ. രാധാകൃഷ്ണൻ; ‘കള്ളപ്പണം ഉണ്ടാക്കുന്ന പാർട്ടിയല്ല സി.പി.എം’
text_fieldsതൃശൂർ: കരുവന്നൂരിന്‍റെ പേരിൽ കേന്ദ്ര സർക്കാർ ഇടത് സർക്കാറിനെ വേട്ടയാടുന്നുവെന്ന് കെ. രാധാകൃഷ്ണൻ എം.പി. കള്ളപ്പണം ഉണ്ടാക്കുന്ന പാർട്ടിയല്ല സി.പി.എം എന്ന് അദ്ദേഹം പറഞ്ഞു.
കരുവന്നൂർ വിഷയത്തിലേത് രാഷ്ട്രീയ പകപോക്കലിനുള്ള നീക്കമാണ്. കേരളത്തിലെ ഇടതുപക്ഷത്തെ തകർക്കാനുള്ള ശ്രമമാണ്. പാർട്ടിയുടെ ഭൂമി തിരിച്ചുപിടിക്കാൻ നിയമനടപടി സ്വീകരിക്കുമെന്നും രാധാകൃഷ്ണൻ വ്യക്തമാക്കി.
സഹകരണമേഖലയിൽ പ്രശ്നങ്ങളുണ്ടെങ്കിൽ കൃത്യമായ അന്വേഷണം വേണമെന്നും കെ. രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.
കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ പാർട്ടിയുടെ സ്ഥലം ഉൾപ്പെടെ 77.63 ലക്ഷത്തിന്‍റെ സ്വത്താണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം കണ്ടുകെട്ടിയത്. പാർട്ടിയുടെ എട്ട് ബാങ്ക് അക്കൗണ്ടുകളും തൃശൂർ ജില്ല സെക്രട്ടറി എം.എം. വർഗീസിന്‍റെ പേരിൽ പാർട്ടി കമ്മിറ്റി ഓഫിസിനായി പൊറത്തുശ്ശേരിയിൽ വാങ്ങിയ അഞ്ച് സെന്‍റ് സ്ഥലവും കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു.
കരുവന്നൂർ സഹകരണ ബാങ്കിലെ അഞ്ച് അക്കൗണ്ടുകൾ, തൃശൂർ ജില്ല കമ്മിറ്റിയുടെ പേരിലുള്ള രണ്ട് അക്കൗണ്ടുകൾ, സി.പി.എം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ അക്കൗണ്ട് എന്നിവയാണ് കണ്ടുകെട്ടിയത്. സി.പി.എമ്മിനെ കൂടി പ്രതിചേർത്താണ് ഇ.ഡി നടപടി.
കേസിൽ ഇതുവരെ ഇ.ഡി ആകെ 29 കോടിയുടെ സ്വത്ത് കണ്ടുകെട്ടിയിട്ടുണ്ട്. ഇത് അനധികൃതമായി വായ്പ സ്വീകരിച്ചവരുടേത് ഉൾപ്പെടെയാണ്. കരുവന്നൂർ ബാങ്കിൽ സി.പി.എമ്മിന് രഹസ്യ അക്കൗണ്ടുകളുണ്ടെന്ന് കണ്ടെത്തിയതായും ഈ വിവരങ്ങൾ റിസർവ് ബാങ്കിനും തെരഞ്ഞെടുപ്പ് കമീഷനും കൈമാറിയതായും ഇ.ഡി നേരത്തെ വെളിപ്പെടുത്തിയിരുന്നു.
തൃശൂർ ജില്ലയിൽ മാത്രം സി.പി.എമ്മിന് 101 സ്ഥാവരജംഗമ വസ്തുക്കളുണ്ടെന്നും എന്നാൽ, ഇക്കാര്യം പാർട്ടി മറച്ചുവെച്ചു എന്നുമാണ് ഇ.ഡി അധികൃതർ ആരോപിക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ എം.എം. വർഗീസിൽ നിന്ന് ഇ.ഡി തേടിയിരുന്നു. എന്നാൽ, രഹസ്യ അക്കൗണ്ടുകളില്ലെന്നാണ് പാർട്ടി നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.