കെ. രാഘവൻ മാസ്റ്റർ പുരസ്കാരം രാഘവൻ കടന്നപ്പള്ളിക്ക്
text_fieldsകെ. രാഘവൻ മാസ്റ്റർ പുരസ്കാരം രാഘവൻ കടന്നപ്പള്ളിക്ക്
പയ്യന്നൂർ: മാതൃഭൂമി പയ്യന്നൂർ ലേഖകനും ഗ്രന്ഥശാലാപ്രവർത്തകൻ, അധ്യാപക നേതാവ്, പൊതുപ്രവർത്തകൻ എന്നീ നിലകളിൽ മൂന്നരപ്പതിറ്റാണ്ട് കാലം പയ്യന്നൂരിലെ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന കെ.രാഘവൻ മാസ്റ്ററുടെ പേരിൽ പുരസ്കാര സമിതി പ്രാദേശിക പത്രപ്രവർത്തകർക്കായി ഏർപ്പെടുത്തിയ പുരസ്കാരത്തിന് മുതിർന്ന പത്രപ്രവർത്തകനും പയ്യന്നൂരിലെ മാധ്യമം ലേഖകനുമായ രാഘവൻ കടന്നപ്പള്ളി അർഹനായി.
10,000 രൂപയും ഫലകവുമാണ് അവാർഡ്. രാഘവൻ മാസ്റ്ററുടെ പത്താം ചരമവാർഷിക ദിനമായ അടുത്ത മാസം ഏഴിന് രാഘവൻ മാസ്റ്റർ സ്മാരക പുരസ്കാര സമിതിയുടെ ആഭിമുഖ്യത്തിൽ അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയത്തിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ ടി.ഐ. മധുസൂദനൻ എം.എൽ.എ പുരസ്കാര സമർപ്പണം നിർവഹിക്കും. വി.എം. ദാമോദരൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മാതൃഭൂമി മുൻ ന്യൂസ് എഡിറ്റർ കെ.വിനോദ് ചന്ദ്രൻ രാഘവൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തും.
കാൽ നൂറ്റാണ്ടിലധികമായി മാധ്യമ രംഗത്ത് സജീവമാണ് രാഘവൻ കടന്നപ്പള്ളി. കുന്നംകുളം പ്രസ് ക്ലബ്ബ് സംസ്ഥാനത്തെ പ്രാദേശിക ലേഖകർക്ക് നൽകുന്ന സംസ്ഥാനതല അവാർഡ്, കെ.കെ.രാജീവൻ സ്മാരക സംസ്ഥാന അവാർഡ്, ഗൾഫ് റിട്ടേണീസ് ഫോറം ജില്ല തല അവാർഡ്, സമഗ്ര സംഭാവനകൾക്കുള്ള പയ്യന്നൂർ ജേസീസിന്റെ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ആനുകാലികങ്ങളിൽ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ലേഖന സമാഹാരങ്ങളായ ഇങ്ങനെയും, ഭക്തിയുടെ സംസ്കാരം എന്നീ പുസ്തകങ്ങളുടെ കർത്താവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.